തം ഗോരജഃശ്ചൂരിതകുന്തളബദ്ധബര്‍ഹ
വന്യപ്രസൂനരുചിരേക്ഷണചാരുഹാസം
വേണും ക്വണന്തമനുഗൈരനുഗീതകീര്‍ത്തിം
ഗോപ്യോ ദിദൃക്ഷിതദൃശോഽഭ്യഗമന്‍ സമേതാഃ (10-15-42)
പീത്വാ മുകുന്ദമുഖസാരഘമക്ഷിഭൃംഗൈ
സ്താപം ജഹുര്‍വ്വിരഹജം പ്രജയോഷിതോഽഹ്നി
തത്സത്കൃതിം സമധിഗമ്യ വിവേശ ഗോഷ്ഠം
സവ്രീഡഹാസവിനയം യദപാംഗമോക്ഷം (10-15-43)

ശുകമുനി തുടര്‍ന്നു:

ആ രണ്ടു ദിവ്യബാലന്മാര്‍ ഇപ്പോള്‍ വളര്‍ന്നു വലുതായി. പശുക്കളെ മേയ്ക്കാന്‍ പോയിത്തുടങ്ങി. കൃഷ്ണന്‍ പ്രകൃതിഭംഗികള്‍ ആസ്വദിച്ചു നടന്നു. പക്ഷികളുടെ സംഗീതം, തേനീച്ചകളുടെ മൂളിപ്പാട്ട്‌, വന്യമൃഗങ്ങളുടെ ശബ്ദങ്ങള്‍ – എല്ലാം കൃഷ്ണനു പ്രിയമായിരുന്നു. ബലരാമന്റെ കാലുകളെ തഴുകി പുണരുന്ന പുല്‍കൊടികളെയും ചെറിയ ചെടികളെയും നോക്കി കൃഷ്ണന്‍ പറഞ്ഞു: “ഭഗവാനേ, നോക്കൂ ഈ പുല്‍ക്കൊടികള്‍ എത്ര അനുഗൃഹീതര്‍ . അങ്ങയുടെ കാലിണകള്‍ ചുംബിക്കുന്നുതു കൊണ്ടുമാത്രം അവയുടെ അജ്ഞതാവസ്ഥ ഇല്ലാതാവുന്നു. ഈ അജ്ഞാനം ഒന്നുകൊണ്ടു മാത്രമാണല്ലോ അവക്ക്‌ ഈ ചെറുചെടികളുടെ ജന്മമെടുക്കേണ്ടതായി വന്നത്‌? അവരെല്ലാം കഴിഞ്ഞ ജന്മങ്ങളില്‍ ദിവ്യന്മാരായിരുന്നിരിക്കണം.” ചിലപ്പോള്‍ അവര്‍ തളര്‍ന്ന് വിശ്രമിക്കും. ബലരാമന്‍ ഒരു ഗോപാലന്റെ മടിയില്‍ തലവച്ചുകിടക്കുമ്പോള്‍ കൃഷ്ണന്‍ ജ്യേഷ്ഠന്റെ പാദം ഉഴിയും. കൃഷ്ണന്‍ വിശ്രമിക്കുമ്പോള്‍ മറ്റുളളവര്‍ കൃഷ്ണനേയും സേവിക്കും. ഇങ്ങനെ കൃഷ്ണന്‍ തന്റെ മായാശക്തിയാല്‍ സ്വന്തം ദിവ്യതയെ മറച്ച്‌ സാധാരണക്കാരനായ ഒരു ഗോപാലനായി കഴിഞ്ഞുവന്നു.

ഒരു ദിവസം ശ്രീദാമന്‍ എന്ന്‌ പേരുളള ഒരു ഗോപാലന്‍ രാമകൃഷ്ണന്മാരോട്‌ പറഞ്ഞു: അകലെയൊരു വനത്തില്‍ നിറയെ മധുരഫലങ്ങളുള്ള വൃക്ഷങ്ങളുണ്ട്‌. അത്‌ ധേനുകന്‍ എന്നു പേരുളള ഒരു രാക്ഷസന്റെ അധീനതയിലാണ്‌. അയാള്‍ക്ക്‌ കഴുതയുടെ രൂപമാണ്‌. എന്നാല്‍ നരഭോജിയുമാണ്‌. അതുകൊണ്ട്‌ ആളുകള്‍ക്കവിടെ പോകാന്‍ ഭയമാണ്‌. ആര്‍ക്കും ആ ഫലങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ആ പഴങ്ങളുടെ മധുരഗന്ധം നമുക്കിവിടെവരെ ആസ്വദിക്കാന്‍ കഴിയുന്നു. നിങ്ങള്‍ വിചാരിച്ചാല്‍ നമുക്ക്‌ ആ പഴങ്ങള്‍ കഴിക്കാന്‍ സാധിക്കും. കൃഷ്ണനും ബലരാമനും പൊട്ടിച്ചിരിച്ചു. എന്നിട്ട്‌ എല്ലാവരും കൂടി ആ കാട്ടിലേക്ക്‌ പോയി. ബലരാമന്‍ മരം കുലുക്കി പഴങ്ങള്‍ താഴെ വീഴ്ത്തി. ഗോപാലന്മാര്‍ക്ക്‌ കൈനിറയെ മധുരഫലം കിട്ടി സന്തോഷമായി.

ആ സമയത്ത്‌ ധേനുകന്‍ ബലരാമന്റെ നേര്‍ക്ക്‌ ഓടിവന്നു്‌ പിന്‍കാലുകൊണ്ട്‌ തൊഴിച്ചു. എന്നാല്‍ ബലരാമന്‍ അവനെ കാലില്‍ തൂക്കി ഉയര്‍ത്തി ആകാശത്തില്‍ ചുഴറ്റി അടുത്തുളള ഒരു മരത്തില്‍ ഒറ്റയടി. ബലരാമന്റെ ചുഴറ്റിലില്‍ത്തന്നെ അവന്‍ മരിച്ചിരുന്നു. ധേനുകന്റെ ശരീരം കടപുഴകി വീണു. പഴങ്ങള്‍ എല്ലായിടത്തും ചിതറി വീണു. രാക്ഷസന്റെ ക്രുദ്ധരായ ബന്ധുക്കള്‍ ബലരാമകൃഷ്ണന്മാര്‍ക്കെതിരെ ആഞ്ഞടുത്തു. പക്ഷെ ഒരു തമാശപോലെ അവരെയെല്ലാം കൃഷ്ണനും ബലരാമനും തുരത്തിയോടിച്ചു. രാക്ഷസന്മാരില്‍നിന്നും പേടിക്കേണ്ടതില്ലാതെ ഗ്രാമീണര്‍ ആ മധുരഫലങ്ങള്‍ ആസ്വദിച്ചു. കൃഷ്ണന്‍ ഗ്രാമത്തില്‍ തിരികെ വന്നപ്പോള്‍ ഗ്രാമീണര്‍ കൃഷ്ണന്റെ മധുരമനോജ്ഞമുഖകമലം കണ്ടാസ്വദിച്ചു. കാലിക്കുളമ്പടികൊണ്ട്‌ ഉയര്‍ന്നുപൊങ്ങിയ മണ്ണും പൊടിയും കൊണ്ട്‌ കൃഷ്ണന്റെ മുടിയുടെ നിറം മാറിയിരുന്നു. അത്‌ ആ രൂപത്തിന്റെ സൗന്ദര്യത്തിന്‌ മാറ്റുകൂട്ടി. തേനീച്ചകള്‍ പൂക്കളില്‍നിന്നു തേന്‍നുകരും പോലെ ആ ഗ്രാമീണരുടെ കണ്ണുകള്‍ കൃഷ്ണന്റെ മുഖകമലത്തിന്റെ അമൃതുണ്ടു. പകല്‍സമയത്ത്‌ കൃഷ്ണനെ വേര്‍പിരിയേണ്ടിവന്നതിന്റെ ദുഃഖം അങ്ങനെ അവര്‍ മറന്നു. ഹൃദയം ആഹ്ലാദഭരിതമായിത്തീരുകയും ചെയ്തു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF