കൃഷ്ണ കൃഷ്ണ, മഹാഭാഗ ഹേ രാമാമിതവിക്രമ
ഏഷ ഘോരതമോ വഹ്നിസ്താവകാന്‍ ഗ്രസതേ ഹി നഃ (10-17-23)
സുദുസ്തരാന്നഃ സ്വാന്‍ പാഹി കലാഗ്നേഃ സുഹൃദഃ പ്രഭോ
ന ശക്നുമസ്ത്വച്ചരണം സംത്യക്തുമകുതോഭയം (10-17-24)

ശുകമുനി തുടര്‍ന്നു:

കാളിയന്‍ കാളിന്ദിയില്‍ കഴിഞ്ഞുപോരാന്‍ കാരണമുണ്ടായിരുന്നു. എല്ലാ പൗര്‍ണ്ണമിയിലും സര്‍പ്പങ്ങള്‍ ഗരുഡന്‌ അര്‍ഘ്യം നല്‍കുക പതിവുണ്ടായിരുന്നു. കാളിയന്‍ അതിനു വിഘ്നം വരുത്തി. സ്വന്തം ശക്തിയില്‍ അഭിമാനവും ഗര്‍വ്വും ഉണ്ടായിരുന്നു കാളിയന്‌. ഗരുഡനും കാളിയനും തന്നില്‍ കഠിനമായ ഒരു യുദ്ധം തന്നെയുണ്ടായി. ഗരുഡന്റെ കഠിനതാഡനമേറ്റ കാളിയന്‍ കാളിന്ദീനദിയില്‍ വീണു. ഈ ജലം ഗരുഡന്‌ അപ്രാപ്യമായിരുന്നു. ഒരിക്കല്‍ അതില്‍ നിന്നുമൊരു മീന്‍പിടിച്ചതില്‍ ക്രുദ്ധനായ സൗഭദ്രി മുനി ഗരുഡനെ ശപിച്ചിരുന്നു. ‘നീ ഇനി ഈ ജലത്തില്‍ നിന്നു്‌ ഏതൊരു ജീവിയെയും പിടിച്ചാല്‍ ആ നിമിഷം നീ മരിക്കും.’. കാളിയന്‌ മാത്രമേ ഈ ശാപത്തെപ്പറ്റി അറിവുണ്ടായിരുന്നുളളൂ. അതുകൊണ്ട്‌ കാളിന്ദിയില്‍ അഭയം തേടി ജീവിക്കുകയായിരുന്നു അവന്‍ . എന്നാല്‍ ഇപ്പോള്‍ ഈ തടാകം വിട്ടുപോകേണ്ടിവന്നുവെങ്കിലും കൃഷ്ണന്‍ നല്‍കിയ പരമരക്ഷ അവനു കൂട്ടുണ്ടായിരുന്നു. ഗരുഡന്‍ നിന്നെ ശല്യപ്പെടുത്തുകയില്ല. എന്റെ കാലടികള്‍ നിന്റെ ഫണത്തില്‍ പതിഞ്ഞതാണല്ലോ.

കൃഷ്ണന്‍ വിഷലിപ്തമായ ജലത്തില്‍ നിന്നു്‌ കരയേറിയപ്പോള്‍ ഏവരും ആഹ്ലാദിച്ചു. മരിച്ചതുപോലെ മോഹാലസ്യപ്പെട്ട്‌ കിടന്നവര്‍കൂടി എഴുന്നേറ്റുവന്നു. കൃഷ്ണന്റെ ഉണ്മയെപ്പറ്റി അറിവുണ്ടായിരുന്ന ബലരാമന്‍ ഉറക്കെപ്പൊട്ടിച്ചിരിച്ചു. രാമന്‌ കൃഷ്ണന്റെ ചെയ്തികളില്‍ അത്ഭുതമോ ഭയമോ ഉണ്ടായിരുന്നില്ല. ബ്രാഹ്മണര്‍ നന്ദന്റെ അടുക്കല്‍ വന്നു്‌ ഉപദേശിച്ചു: “ഈശ്വരാനുഗ്രഹംകൊണ്ട്‌ താങ്കളുടെ മകന്‍ അത്യാപത്തില്‍ നിന്നു രക്ഷപെട്ടു. നന്ദിസൂചകമായി ബാഹ്മണര്‍ക്ക്‌ ദാനം നല്‍കി അവരുടെ അനുഗ്രഹം വാങ്ങിയാലും.” അങ്ങനെ നന്ദന്‍ ബ്രാഹ്മണര്‍ക്ക്‌ പശുക്കളും സ്വര്‍ണ്ണവും ദാനമായി നല്‍കി.

ജനക്കൂട്ടം മുഴുവനും അന്നു രാത്രി നദീതീരത്തു കഴിച്ചുകൂട്ടാന്‍ തീരുമാനിച്ചു. അന്നത്തെ സംഭവങ്ങളെല്ലാം കഴിഞ്ഞ്‌ എല്ലാവരും തളര്‍ന്നിരുന്നു. പാതിരാവായപ്പോള്‍ ചുറ്റിലും കാട്ടുതീ പടരുന്നത്‌ അവര്‍ കണ്ടു. ചൂടു സഹിക്കാനാവാതെ അവര്‍ കൃഷ്ണനോടിങ്ങനെ പ്രാര്‍ത്ഥിച്ചു :“കൃഷ്ണാ ഭഗവാനേ, തുല്യശക്തിയുളള രാമാ, ഈ കൊടുംചൂട്‌ ഞങ്ങളെ പൊളളിക്കുന്നു. പ്രഭോ, രക്ഷിച്ചാലും. ഞങ്ങള്‍ അവിടുത്തേതു മാത്രമാണല്ലോ. അഭയമൂലസ്ഥാനമായ അവിടുത്തെ പാദങ്ങള്‍ വിട്ട്‌ ഞങ്ങള്‍ക്ക് ആശ്രയമൊന്നുമില്ല തന്നെ.”

ആളുകളുടെ ദയനീയാവസ്ഥ കണ്ട്‌ മനമലിഞ്ഞ കൃഷ്ണന്‍ ആ കാട്ടുതീയെ അപ്പാടെ വിഴുങ്ങിക്കളഞ്ഞു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF