ക്വചിദ്വനസ്പതി ക്രോഡേ ഗുഹായാം ചാഭിവര്‍ഷതി
നിര്‍വിശ്യ ഭഗവാന്‍ രേമേ കന്ദമൂലഫലാശനഃ (10-20-28)
ആശ്ലിഷ്യ സമശീ​തോഷ്ണം പ്രസൂനവനമാരുതം
ജനാസ്താപം ജഹുര്‍ഗ്ഗോപ്യോ ന കൃഷ്ണഹൃതചേതസഃ (10-20-45)

ശുകമുനി തുടര്‍ന്നു:

വൃന്ദാവനം കാലവര്‍ഷമാരിയില്‍ ആകെ കുളിച്ചീറനായിരുന്നു. സൂര്യന്‍ വേനല്‍ക്കാലത്ത് ആവിയായി ഭൂമിയില്‍നിന്നു സംഭരിച്ചുവച്ച ജലം ഇപ്പോള്‍ മഴയായി പുറത്തു വിടുന്നു. ഉത്തമനായ ഭരണാധികാരി ആളുകളില്‍ നിന്നു്‌ കരംപിരിച്ച്‌ സര്‍വ്വജനനന്മയ്ക്കായി അതു ചെലവഴിക്കും പോലെയത്രേ അത്‌. കാറ്റില്‍ പറന്നുവന്ന മഴമേഘങ്ങളെ ഇടിമിന്നല്‍ മുറിച്ച്‌ മുഴുവനായി ഭൂമിയിലേക്ക്‌ ചൊരിഞ്ഞിരിക്കുന്നു. വരണ്ട ഭൂമിക്കു പോഷകമേകാന്‍ സ്വയം ആ മേഘങ്ങള്‍ സമര്‍പ്പണം ചെയ്തിരിക്കുന്നു. കൃപാലുവായ ഒരുവന്‍ അഗതികള്‍ക്കായി സഹായമെത്തിക്കുന്നുതു പോലെയത്രെ അത്‌. ഇതുവരെ വരണ്ടുണങ്ങിയിരിക്കുന്ന അവസ്ഥയില്‍നിന്നു മാറി ഭൂമിയില്‍ ജീവന്‍ തുടിച്ചുണര്‍ന്നു കാണപ്പെട്ടു. തപശ്ചര്യയിലേര്‍പ്പെട്ട യോഗിവര്യന്റെ ശരീരം ശോഷിച്ചുണങ്ങുമെങ്കിലും പിന്നീട്‌ ആരോഗ്യം വീണ്ടെടുത്ത്‌ വരുന്നുതുപോലെ ഭൂമി കാണപ്പെട്ടു. രാത്രികാലങ്ങളില്‍ നക്ഷത്രങ്ങളുടെ തിളക്കത്തിനു പകരം മിന്നാമിനുങ്ങുകളെ മാത്രമെ കാണാനുണ്ടായിരുന്നുളളൂ. കലിയുഗത്തില്‍ മിഥ്യാശാസ്ത്രങ്ങളുടെ തിളക്കമാണ്‌ കാണപ്പെടുക എന്നും യഥാര്‍ത്ഥ വേദശാസ്ത്രങ്ങള്‍ മറഞ്ഞിരിക്കുമെന്നം ഇതു നമ്മെ മനസ്സിലാക്കുന്നു. സമുദ്രമാകട്ടെ സ്വതവേ ഇളകിമറിഞ്ഞിരിക്കുന്നു. എന്നാല്‍ നദികള്‍ നിറഞ്ഞൊഴുകി സമുദ്രത്തിലെത്തി അതിനെ കൂടുതല്‍ പ്രക്ഷുബ്ധമാക്കിയിരിക്കുന്നു. അപക്വമതിയായ യോഗിയുടെ മനസ്സ്‌ സ്വതവേ ആഗ്രഹങ്ങള്‍ നിറഞ്ഞിരിക്കുന്നു. എന്നാല്‍ ഇന്ദ്രിയവസ്തുക്കളുടെ ദര്‍ശനമാത്രയില്‍ ആ മനസ്സ്‌ ഇളകിമറിയുന്നതുപോലെയാണ്‌ സമുദ്രമിപ്പോള്‍. ചന്ദ്രന്‍ തന്നെ മറയ്ക്കുന്ന കാര്‍മേഘങ്ങളെ പ്രകാശമാനമാക്കുന്നു. പഞ്ചേന്ദ്രിയങ്ങളെ പ്രവര്‍ത്തനോന്മുഖമാക്കുന്നത്‌ ജീവനാണെങ്കിലും ഇന്ദ്രിയാവരണത്താല്‍ത്തന്നെ അതു മറഞ്ഞിരിക്കുന്നു. ഭൂമിയില്‍ ഇപ്പോള്‍ വര്‍ണ്ണങ്ങളുടെ ഒരു വിളയാട്ടം കാണപ്പെടുന്നു. പച്ചപ്പൂനിറഞ്ഞ ചെടികള്‍ ചുവന്ന പ്രാണികള്‍, കൂണുകള്‍ ഇവയെല്ലാം ചേര്‍ന്നു വലിയൊരു സൈന്യനിരപോലെ ഭൂമി വര്‍ണ്ണാഭമായി. എന്നാല്‍ പര്‍വ്വതനിരകള്‍ മഴയില്‍ കുലുങ്ങാതെ നിലകൊണ്ടു. ഭഗവല്‍തൃപ്പാദങ്ങളില്‍ ഹൃദയമുറപ്പിച്ച ഒരുവന്‍ യാതൊരുവിധ വിപത്തുകളിലും ചഞ്ചലചിത്തനാവാത്തതു പോലെയാണത്‌. കൃഷ്ണന്‍ ഗോക്കളെ മേച്ചു നടന്നു. വല്ലാതെ മഴപെയ്യുമ്പോള്‍ അവര്‍ ഒരു ഗുഹയിലോ വളളിക്കുടിലിലോ അഭയം തേടി. അവിടെ പഴങ്ങളും മറ്റും കഴിച്ച്‌ അവര്‍ ആനന്ദിച്ചുല്ലസിച്ചു. പശുക്കള്‍ പുല്ലുമേഞ്ഞ് സംതൃപ്തരായി പുല്‍ത്തകിടിയില്‍ വിശ്രമിക്കുന്നതു കണ്ട്‌ കൃഷ്ണന്‍ ആഹ്ലാദിച്ചു.

അതു കഴിഞ്ഞ്‌ ശരത്കാലം വന്നു. തടാകത്തിലേയും നദിയിലേയും മണ്ണുനിറഞ്ഞു കലങ്ങിയിരുന്ന ജലമെല്ലാം ഇപ്പോള്‍ തെളിഞ്ഞു നിര്‍മ്മലമായിരിക്കുന്നു. ഇടക്കാലത്ത്‌ കലുഷമായിപ്പോയ യോഗിവര്യന്റെ മനസ്സ്‌ പരിശുദ്ധി വീണ്ടെടുത്തതുപോലെയാണിത്‌. മഴക്കാലത്ത്‌ ജലമെല്ലാം കോരിച്ചൊരിഞ്ഞ മേഘങ്ങള്‍ ഇപ്പോള്‍ വെളുത്തു പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്നതു കണ്ടാല്‍ ആഗ്രഹങ്ങളുപേക്ഷിച്ച സന്ന്യാസിവര്യന്മാര്‍ ത്രിലോകസുഖങ്ങളുപേക്ഷിക്കയാല്‍ ആത്മപ്രകാശം ചൊരിഞ്ഞു വിലസുകയാണോ എന്നു തോന്നിപ്പോകും. കൃഷിക്കാര്‍ തങ്ങളുടെ പാടങ്ങളില്‍ നിന്നു്‌ വെളളം പുറത്തുപോവുന്നത്‌ ജാഗരൂഗതയോടെ നിയന്ത്രിക്കുന്നു. ശ്രദ്ധാവാനായ യോഗിവര്യന്‍ തന്റെ ജീവഃശക്തിയെ മനസ്സിലൂടെയും ഇന്ദ്രിയങ്ങളിലൂടെയും ചെലവഴിക്കുന്നത്‌ എപ്രകാരമാണോ അതുപോലെയാണ്‌ ആ കര്‍ഷകര്‍ ജലം ഉപയോഗിക്കുന്നത്‌. ചന്ദ്രനെച്ചുറ്റി നില്‍ക്കുന്ന നക്ഷത്രങ്ങള്‍പോലെ കൃഷ്ണനെച്ചുറ്റി ഗോപാലന്മാര്‍ എന്നും സര്‍വ്വര്‍ക്കും ആഹ്ലാദമേകി. മിതശീതോഷ്ണമായ കാലാവസ്ഥ വൃന്ദാവനത്തിലെ സ്ത്രീജനങ്ങള്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും ആശ്വാസമേകി. അവരുടെ ഹൃദയങ്ങള്‍ എല്ലാം കൃഷ്ണന്‍ അപഹരിച്ചിരുന്നുവല്ലോ.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF