സങ്കല്‍പ്പോ വിദിതഃ സാദ്ധ്വ്യോ ഭവതീനാം മദര്‍ച്ചനം
മയാനുമോദിതഃ സോഽ‌സൗ സത്യോ ഭവിതുമര്‍ഹതി (10-22-25)
നമയ്യാവേശിതധിയാം കാമഃ കാമായ കല്‍പ്പതേ
ഭര്‍ജ്ജിതാ ക്വഥിതാ ധാനാ പ്രായോ ബീജായ നേഷ്യതേ (10-22-26)
അഹോ ഏഷാം വരം ജന്മ സര്‍വപ്രാണ്യുപജീവനം
സുജനസ്യേവ യേഷാം വൈ വിമുഖാ യാന്തി നാര്‍ത്ഥിനഃ (10-22-33)
ഏതാവജ്ജന്മസാഫല്യം ദേഹിനാമിഹ ദേഹിഷു
പ്രാണൈരര്‍ത്ഥൈര്‍ദ്ധിയാ വാചാ ശ്രേയ ഏവാചരേത്സദാ (10-22-35)

ശുകമുനി തുടര്‍ന്നു:

വൃന്ദാവനത്തിലെ ചില കന്യകമാര്‍ കൃഷ്ണനില്‍ തങ്ങളുടെ ഹൃദയമര്‍പ്പിച്ചു കഴിഞ്ഞിരുന്നു. മാര്‍ഗ്ഗശീര്‍ഷമാസത്തില്‍ അവര്‍ കാര്‍ത്യായനീദേവിയെ ഇങ്ങനെ ഉപാസിച്ചു: “കാര്‍ത്യായനീ മഹാമായേ മഹാ യോഗിന്യധീശ്വരീ നന്ദഗോപസുതം ദേവി പതിംമേ കുരു തേ നമഃ” (അല്ലയോ കാര്‍ത്യായനീദേവീ കൃഷ്ണനെ എനിക്ക്‌ ഭര്‍ത്താവായി കിട്ടണമേ). അവര്‍ രാവിലെ നേരത്തെ എഴുന്നേറ്റ്‌ നദിയില്‍ കുളിച്ചതിനുശേഷം പൂജകള്‍ നടത്തി. വ്രതമവസാനിക്കുന്ന ദിവസം അവര്‍ പതിവുപോലെ നദിയില്‍ കുളിക്കാന്‍ പോയി. അവര്‍ വസ്ത്രങ്ങളെല്ലാം അഴിച്ചു നദിക്കരയില്‍ വച്ച്‌ നഗ്നരായാണ്‌ കുളിച്ചത്. ഇതറിഞ്ഞ് കൃഷ്ണന്‍ അവിടെയെത്തി. പെട്ടെന്ന് എല്ലാവരുടെ വസ്ത്രങ്ങളും വാരിയെടുത്ത്‌ അടുത്തുളള ഒരു മരത്തില്‍ കയറി ഇരിപ്പായി. അവിടെനിന്നു്‌ കൃഷ്ണന്‍ വിളിച്ചു പറഞ്ഞു: “നിങ്ങള്‍ വസ്ത്രങ്ങള്‍ വേണമെന്നില്‍ വെളളത്തില്‍ നിന്നു്‌ കയറിവന്നു വാങ്ങിക്കൊളളുക.” പെണ്‍കുട്ടികള്‍ പലേവിധത്തിലും കൃഷ്ണനോട്‌ കെഞ്ചിയപേക്ഷിച്ചു നോക്കി. അതൊന്നും നടക്കാതെ വന്നപ്പോള്‍ അവര്‍ കരയ്ക്കുകയറി വന്നു. അവരുടെ പ്രേമം കണ്ട്‌ സന്തുഷ്ടനായ ഭഗവാന്‍ പറഞ്ഞു: “നദിയില്‍ ഇറങ്ങി നഗ്നരായി കുളിക്കുന്നത്‌ സദാചാരവിരുദ്ധമാണ്‌. നിങ്ങള്‍ ശാസ്ത്രാധിഷ്ഠിതമായ ഒരു വ്രതം നോക്കുകയാണല്ലോ. സദാചാരവിരുദ്ധമായ കാര്യങ്ങള്‍ ഈ വ്രതത്തിന്റെ പ്രയോജനം ഇല്ലാതാക്കും. അതുകൊണ്ട്‌ കൈകള്‍ രണ്ടും ഉയര്‍ത്തി തൊഴുതു പിടിച്ചു ഭക്തിയോടെ വന്നാല്‍ ഞാന്‍ വസ്ത്രങ്ങള്‍ തിരിച്ചു തരാം.” പെണ്‍കുട്ടികള്‍ കൃഷ്ണന്‍ പറഞ്ഞതുപോലെ തൊഴുതു വണങ്ങി വസ്ത്രം വാങ്ങി ധരിച്ചു. അവര്‍ക്ക്‌ കൃഷ്ണനോട്‌ ദേഷ്യമൊന്നും തോന്നിയതേയില്ല. കാരണം, അവരെല്ലാം കൃഷ്ണനെ അത്രയ്ക്കു സ്നേഹിച്ചിരുന്നു. അവര്‍ക്കു കിട്ടിയ ശിക്ഷ ന്യായമാണെന്ന് അവര്‍ക്കു തോന്നുകയും ചെയ്തു.

കൃഷ്ണന്‍ അവരോട്‌ പറഞ്ഞു: “നിങ്ങളുടെ ഹൃദയാഭിലാഷമെന്തെന്നെനിക്കറിയാം. അവയെല്ലാം നിറവേരുകയും ചെയ്യും. എന്നിലേക്കുവരാനുളള ആഗ്രഹം ആഗ്രഹമല്ല തന്നെ. വറുത്തിട്ട വിത്ത്‌ വിത്തല്ലാത്തതുപോലെയത്രെ അത്‌. നിങ്ങള്‍ ദേവീയുപാസന ചെയ്തതിന്റെ ഫലം ഉടനേ തന്നെ നിങ്ങള്‍ക്കുണ്ടാവും.” പെണ്‍കുട്ടികള്‍ ഗ്രാമത്തിലേക്ക്‌ മടങ്ങി.

കൃഷ്ണന്‍ കുറേ കൂട്ടുകാരുമായി ഒരു തോട്ടത്തില്‍ പോയി അവിടെ മരങ്ങളെ ചൂണ്ടിക്കാണിച്ച്‌ പറഞ്ഞു: “ഒരു വൃക്ഷത്തിന്റെ ജന്മം എത്ര അനുഗൃഹീതം. അവ എല്ലാ ജീവജാലങ്ങള്‍ക്കുംവേണ്ട ആഹാരവും തണലും നല്‍കുന്നു. തങ്ങള്‍ക്കുളള സമ്പത്തിനെ പങ്കുവച്ചുനല്‍കാതെ അവ ആര്‍ക്കുനേരേയും പുറം തിരിക്കുന്നില്ല. ഫലങ്ങളായും പൂക്കളായും ഇലകളായും വേരുകളായും മരത്തൊലിയായും അവസാനം വിറകായും അവ എല്ലാവരേയും സേവിക്കുന്നു. ഇതാണ്‌ ഏറ്റവും വലിയ ധര്‍മ്മം. മറ്റുളളവരെ തന്റെ ജീവനും ധനവും ഇന്ദ്രിയമനോബുദ്ധികളെല്ലാം ഉപയോഗിച്ചു സേവിച്ച്‌ മോക്ഷമാര്‍ഗ്ഗമണയുകയത്രെ പരമധര്‍മ്മം.”

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF