ദേശഃ കാല. പൃഥഗ്ദ്രവ്യം മന്ത്ര തന്ത്രര്‍ത്ത്വിജോഽഗ്നയഃ
ദേവതാ യജമാനശ്ച ക്രതുര്‍ദ്ധര്‍മ്മശ്ച യന്‍മയഃ (10-23-10)
തം ബ്രഹ്മ പരമം സാക്ഷാദ് ഭഗവന്തമധോക്ഷജം
മനുഷ്യദൃഷ്ട്യാ ദുഷ്പ്രജ്ഞ മര്‍ത്ത്യാത്മാനോ ന മേനിരേ (10-23-11)
ശുകമുനി തുടര്‍ന്നു:
കാട്ടിലങ്ങനെ കറങ്ങിനടക്കുന്ന അവസരത്തില്‍ ഒരു ദിവസം ഗോപബാലന്മാര്‍ കൃഷ്ണനോടു പറഞ്ഞു; “ഞങ്ങള്‍ക്ക് വല്ലാതെ വിശക്കുന്നു. എന്തെങ്കിലും ആഹാരം തന്നാലും.”കൃഷ്ണന്‍ കൂട്ടുകാരോടു പറഞ്ഞു: “ഇവിടെ ഒരിടത്ത് കുറെ ബ്രാഹ്മണര്‍ യാഗകര്‍മ്മങ്ങള്‍ നടത്തുന്നുണ്ട്. അവിടെച്ചെന്ന് ബലരാമന്‍റേയും എന്‍റേയും പേരു പറഞ്ഞ് നമുക്കെല്ലാമാവശ്യമുളള ഭക്ഷണം വാങ്ങിക്കൊണ്ടു വന്നാലും.” ഗോപബാലന്മാര്‍ ബ്രാഹ്മണരെ കാണാന്‍ ചെന്നു: “മഹാത്മാക്കളേ ഞങ്ങള്‍ ബലരാമന്‍റേയും കൃഷ്ണന്‍റേയും സേവകരും കൂട്ടുകാരുമാണ്. അവര്‍ അടുത്തൊരിടത്ത് ആസനസ്ഥരാണ്. ഇത്രദൂരം ഞങ്ങള്‍ വീടുവിട്ടുപോന്നതിനാല്‍ ഇപ്പോള്‍ വിശന്നുവലയുന്നു. ഞങ്ങളുടെ പ്രഭു കുറച്ച് ആഹാരം തരാനഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ ആ പ്രഭുവിന്റെ അഭ്യര്‍ത്ഥന നിരസിക്കുകയില്ല എന്ന് കരുതട്ടെ.” ബ്രാഹ്മണര്‍ മറ്റുളളവര്‍ക്ക് ഭക്ഷണം ദാനം ചെയ്യുന്നത് ശാസ്ത്രവിധിക്കെതിരല്ല. പക്ഷേ അവര്‍ ഗോപന്മാരെ വെറുതെ നോക്കിയതല്ലാതെ തരാമെന്നോ ഇല്ലെന്നോ പറയുകയുണ്ടായില്ല. ഇവിടെ ഇതാ ഭഗവാന്‍ കൃഷ്ണന്‍ സ്വയം ഏതൊരു യാഗകര്‍മ്മങ്ങളുടേയും ആത്മാവും കാലവും ദേശവും യാഗവസ്തുക്കളും വേദങ്ങളും കര്‍മ്മികളും അഗ്നിയും ദേവതയും പൂജയുടെയും പൂജാരിയുടെയും എല്ലാം ആത്മാവും ആണെന്നറിയാതെ ബ്രാഹ്മണര്‍ അവരുടെ വികലബുദ്ധിയില്‍ ഭഗവാനെ കേവലം നശ്വരജീവിയെന്നു കരുതി. ബ്രാഹ്മണര്‍ക്ക് കൃഷ്ണന്‍ സ്വയം ഭഗവല്‍പരംപൊരുളാണെന്ന് അറിയാന്‍ കഴിയാതെപോയി. ഗോപബാലന്മാര്‍ വെറുംകയ്യോടെ കൃഷ്ണന്റെയടുക്കലേക്ക് മടങ്ങി.
കൃഷ്ണന്‍ ഹൃദയംതുറന്നുറക്കെ ചിരിച്ചു. എന്നിട്ടവരെ തിരിച്ചയച്ചു. ഇത്തവണ ബ്രാഹ്മണരുടെ ഭാര്യമാരുടെ അടുത്തേക്ക്. അവര്‍ ബ്രാഹ്മണസ്ത്രീകളോട് പറഞ്ഞു: “കൃഷ്ണനും ജ്യേഷ്ഠന്‍ ബലരാമനും അടുത്തൊരിടത്തിരിക്കുന്നു. ഞങ്ങള്‍ അവരുടെ സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്കെല്ലാം വിശക്കുന്നു. കുറച്ചാഹാരം തന്നാലും.” അവര്‍ക്കീ വാക്കുകള്‍ അമൃതിനു തല്യമായിരുന്നു. അവര്‍ കൃഷ്ണനെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നു. അവനെ കാണാന്‍ കാത്തിരിക്കുകയുമായിരുന്നു. പെട്ടെന്നു തന്നെ പലേ പാത്രങ്ങളിലുമായി എല്ലാവിധ ഭക്ഷണങ്ങളും നിറച്ച് അവര്‍ കൃഷ്ണന്‍ ഇരിക്കുന്നിടത്തേക്കു ചെന്നു. പൂങ്കാവനത്തില്‍ കൃഷ്ണന്‍ നടക്കുന്നത് ബ്രാഹ്മണ സ്ത്രീകള്‍ കണ്ടു. അവന്‍ ശ്യാമശരീരത്തില്‍ മഞ്ഞപ്പട്ട് ധരിച്ചിരിക്കുന്നു. പൂക്കളും മയില്‍പീലികളുംകൊണ്ട് സ്വയം നന്നായലങ്കരിച്ചിരിക്കുന്നു. ഒരു കൈ കൂട്ടുകാരന്റെ തോളില്‍ ചാരി മറ്റേക്കയ്യിലൊരു താമരപ്പൂ ചുഴറ്റിക്കൊണ്ട് കൃഷ്ണന്‍ നില്‍ക്കുന്നു. ഹൃദയംനിറയെ കൃഷ്ണനെ സ്വീകരിച്ച് ഈ സുചരിതകള്‍ കൃഷ്ണനെ സ്വന്തം ആത്മാവില്‍ ഉള്‍ക്കൊണ്ടു. അങ്ങനെ കേവലവും വേദനാ നിര്‍ഭരവുമായ ജിവിതത്തെ അവര്‍ പ്രശാന്തമധുരമാക്കി മാറ്റി.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF