ഭാഗവതം നിത്യപാരായണം

ഇന്ദ്രമഖഭംഗം – ഭാഗവതം (242)

സ്വഭാവതന്ത്രോ ഹി ജനഃ സ്വഭാവമനുവര്‍ത്തതേ
സ്വഭാവസ്ഥമിദം സര്‍വ്വം സദേവാസുരമാനുഷം (10-24-16)
ദേഹാനുച്ചാവചാഞ്ജന്തുഃ പ്രാപ്യോത്സൃജതി കര്‍മ്മണാ
ശത്രുര്‍മ്മിത്രമുദാസീനഃ കര്‍മ്മൈവ ഗുരുരീശ്വരഃ (10-24-17)
തസ്മാത്‌ സംപൂജയേത്‌ കര്‍മ്മ സ്വഭാവസ്ഥഃ സ്വകര്‍മ്മകൃത്‌
അഞ്ജസാ യേന വര്‍ത്തേത തദേവാസ്യ ഹി ദൈവതം (10-24-18)

ശുകമുനി തുടര്‍ന്നു:
ഏതോ യാഗകര്‍മ്മത്തിനുളള വിപുലമായ ഒരുക്കം കൂട്ടുകയായിരുന്നു ഗ്രാമവാസികള്‍. കൃഷ്ണന്‍ അതുകണ്ടിട്ട്‌ അച്ഛനോടിങ്ങനെ ചോദിച്ചു: “മനുഷ്യര്‍ കര്‍മ്മങ്ങളിലേര്‍പ്പെടുന്നു. ചിലപ്പോള്‍ അവയുടെ സ്വഭാവവിശേഷങ്ങളറിഞ്ഞും ചിലപ്പോള്‍ അറിയാതേയും. സ്വഭാവവിശേഷങ്ങളറിയാതെ ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം അവര്‍ക്ക് അനുയോജ്യമല്ലാത്തതും പരാജയത്തിലേക്ക്‌ നയിക്കുന്നുതുമത്രെ. ഇവിടെ ഏതോ യാഗകര്‍മ്മത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടക്കുന്നുവല്ലോ. അതിന്റെ ഉദ്ദേശ്യവും ആരെ പ്രസാദിപ്പിക്കാനാണതെന്നും പറഞ്ഞുതന്നാലും.”

നന്ദഗോപന്‍ പറഞ്ഞു: “നാമിപ്പോള്‍ ഇന്ദ്രപ്രീതിക്കുവേണ്ടി ഒരു യാഗകര്‍മ്മം നടത്താന്‍ പോവുന്നു. മകനേ, ഇന്ദ്രന്‍ മഴയുടെ അധീശനാണ്‌. സമയത്ത്‌ വേണ്ടത്ര അളവില്‍ കിട്ടുന്ന മഴ കാരണമാണ്‌ നമുക്കും ഗോക്കള്‍ക്കുമുളള ഭക്ഷണധാന്യങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നത്‌. അതുകൊണ്ട്‌ ആ ദേവന്റെ അനുഗ്രഹഫലത്തിന്റെ ഒരംശം അദ്ദേഹത്തിനര്‍പ്പിച്ച്‌ പ്രീതി നേടുന്നു. അങ്ങനെ ഫലപ്രദവും സന്തോഷപ്രദവുമായ ജീവിതം നമുക്കുറപ്പാവുന്നു.”

കൃഷ്ണന്‍ പറഞ്ഞു; “കര്‍മ്മഫലം അനുസരിച്ചാണ്‌ ഒരവുന്‍ ജനിക്കുന്നുതും മരിക്കുന്നുതും. പൂര്‍വ്വ കര്‍മ്മങ്ങളുടെ ഫലമായി അവന്‌ സുഖദുഃഖങ്ങളും ജയപരാജയങ്ങളും ഉണ്ടാവുന്നു. ഇതിലെല്ലാം ഇന്ദ്രന്‌ എന്തു പങ്കാണുളളത്‌? മനുഷ്യന്‍ അവനവന്റെ സ്വഭാവഗുണങ്ങള്‍ക്ക്‌ വശംവദനത്രെ. ആ പ്രകൃതി ഗുണങ്ങള്‍ക്കനുസരിച്ച്‌ അവന്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നു. മനുഷ്യനും ദേവനും അസുരനും എല്ലാം പ്രകൃതി ഗുണങ്ങള്‍ക്കനുസരിച്ചത്രേ ജീവിതം നയിക്കുന്നത്‌. കര്‍മ്മഫലമനുസരിച്ച്‌ ആത്മാവു ശരീരമെടുക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നു. കര്‍മ്മഫലം സുഹൃത്തുക്കളേയും ശത്രുക്കളേയും നമുക്കേകുന്നു. അതു തന്നെയാണ്‌ ഒരുവന്റെ ഗുരുവും ദൈവവുമെല്ലാം. അതുകൊണ്ട്‌ സ്വപ്രകൃതിയില്‍ നിന്നുകൊണ്ട്‌ കര്‍മ്മം ചെയ്യണം. അവനവന്റെ ധര്‍മ്മമനുസരിച്ച്‌ വര്‍ത്തിക്കണം. ഏതൊരു കര്‍മ്മമാണോ ഒരുവന്‌ ശരിയായ ആനന്ദത്തെ പ്രദാനം ചെയ്യുന്നത്‌, അതുമാത്രമേ ദിവ്യകര്‍മ്മമായുളളൂ. പശുക്കളും ബ്രാഹ്മണരും ഈ പര്‍വ്വതവുമാണ്‌ നമുക്ക്‌ സന്തോഷത്തെ പ്രദാനം ചെയ്യുന്നത്‌. അതുകൊണ്ട്‌ നമുക്കവരെ പൂജിക്കാം. ഇന്ദ്രപൂജയ്ക്കായി ഒരുക്കിയ ഈ വസ്തുക്കള്‍കൊണ്ട്‌ നമുക്ക് പശുക്കളേയും ബ്രാഹ്മണരേയും ഗോവര്‍ദ്ധനപര്‍വ്വതത്തേയും പൂജിക്കാം. ഈ ആഹാരസാധനങ്ങളെല്ലാം ജാതിമതഭേദമെന്യേ എല്ലാവര്‍ക്കുമായി പങ്കിടാം. എല്ലാ മൃഗങ്ങള്‍ക്കും നമുക്കതു വീതിച്ചു നല്‍കാം. നമ്മുടെ പശുക്കളെ നമുക്ക്‌ വേണ്ട രീതിയില്‍ സല്‍ക്കരിക്കാം. എല്ലാ ഭക്ഷണവും നമുക്കീ മലനിരകള്‍ക്കര്‍പ്പിക്കാം.”

കൃഷ്ണന്‍ പറഞ്ഞതുപോലെ കാര്യങ്ങള്‍ നടന്നു. ഗോവര്‍ദ്ധനത്തിന്റെ ആത്മസത്തയായിരുന്നുകൊണ്ട്‌ കൃഷ്ണന്‍ തന്നെ എല്ലാ അര്‍ഘ്യങ്ങളും സ്വീകരിച്ചു. നന്ദപുത്രനായി കൃഷ്ണന്‍ സ്വയം ഇതിനു നേതൃത്വം നല്‍കി. എന്നിട്ടിങ്ങനെ പ്രഖ്യാപിച്ചു: “പര്‍വ്വതനിരയില്‍ വസിക്കുന്ന ദൈവം നമ്മുടെ വഴിപാടുകള്‍ എങ്ങനെയാണ്‌ ആസ്വദിക്കുന്നുതെന്നു നോക്കൂ.” വഴിപാടുകളെല്ലാം ഭംഗിയായി കഴിച്ച്‌ ഗോപന്‍മാര്‍ ഗ്രാമത്തിലേക്ക്‌ മടങ്ങി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF

Back to top button