പിതാ ഗുരുസ്ത്വം ജഗതാമധീശോ ദുരത്യയഃ കാല ഉപാത്തദണ്ഡഃ
ഹിതായ സ്വേച്ഛാതനുഭിഃ സമീഹസേ മാനം വിധുന്വഞ്ജഗദീശമാനിനാം (10-27-6)
നമസ്തുഭ്യം ഭഗവതേ പുരുഷായ മഹാത്മനേ
വാസുദേവായ കൃഷ്ണായ സാത്വതാം പതയേ നമഃ (10-27-10)
സ്വച്ഛന്ദോപാത്ത ദേഹായ വിശുദ്ധജ്ഞാനമൂര്‍ത്തയേ
സര്‍വ്വസ്മൈ സര്‍വ്വബീജായ സര്‍വ്വഭൂതാത്മനേ നമഃ (10-27-11)
ത്വയേശാനുഗൃഹീതോഽസ്മി ധ്വസ്തസ്തംഭോ വൃഥോദ്യമഃ
ഈശ്വരം ഗുരുമാത്മാനം ത്വാമഹം ശരണം ഗതഃ (10-27-13)
കൃഷ്ണ, കൃഷ്ണ, മഹായോഗിന്‍ , വിശ്വാത്മന്‍ വിശ്വസംഭവ,
ഭവതാ ലോകനാഥേന സനാഥാ വയമച്യുത (10-27-19)

ശുകമുനി തുടര്‍ന്നു:
സ്വര്‍ഗ്ഗധേനുവായ സുരഭിയും സ്വര്‍ഗ്ഗനാഥനായ ഇന്ദ്രനും കൃഷ്ണസവിധമണഞ്ഞു. പരാജിതനായി തലയും കുമ്പിട്ട്‌ ഇന്ദ്രന്‍ ഭഗവാനോടിങ്ങനെ ക്ഷമ യാചിച്ചു.

“അവിടുന്ന് മനുഷ്യവേഷത്തിലാണെങ്കിലും എല്ലാ പ്രതിഭാസങ്ങള്‍ക്കുമപ്പുറത്താണല്ലോ. അവിടുത്തേക്ക്‌ ആഗ്രഹങ്ങള്‍ ഒന്നുമില്ലെങ്കിലും അവിടുന്ന് ദുഷ്ടരെ ശിക്ഷിക്കുന്നു. അത്‌ അവരുടെയെല്ലാം നന്മയ്ക്കുതന്നെയുമാണ്‌. അവിടുന്നാണ്‌ പിതാവും ഗുരുവും ലോകനാഥനും. അവിടുന്നാണ്‌ കാലം. ശരീരമെടുത്തിട്ടുളള ജീവികളുടെയെല്ലാം നന്മയ്ക്കായി അവിടുന്നവതരിച്ചിരിക്കുന്നു. അഹങ്കാരികളുടെ മദം ശമിപ്പിക്കുന്നുതിനുമാണ്‌ അവിടുന്നവതരിച്ചത്. കഠിനമായ ദുരവസ്ഥകളില്‍പ്പോലും അവിടുന്നു, കാണിക്കുന്ന പ്രശാന്തത അഹംഭാവികളില്‍ ലജ്ജയും ഭക്തിയുമുളവാക്കാന്‍ പോന്നതത്രെ. എന്റെ ദുഷ്ടതയ്ക്കു മാപ്പു നല്‍കിയാലും. അവിടുത്തെ ചെയ്തികള്‍ തന്നെ അഹങ്കാരികള്‍ക്കുളള ശകാരമത്രെ. എനിക്കീവിധമായ ചിന്തകള്‍ ഉണ്ടാകാതിരിക്കാനായി അനുഗ്രഹിച്ചാലും.

വാസുദേവാ കൃഷ്ണാ അവിടേക്ക്‌ നമസ്കാരം. അവിടുന്നാണല്ലോ സത്വതയുടെ കേദാരം. ഭക്തജനങ്ങള്‍ക്ക്‌ ഹിതമായ രൂപഭാവങ്ങളോടെ സ്വേഛയാല്‍ അവതരിച്ച ഭഗവാനു നമസ്കാരം. അവിടുന്നാണെല്ലാവരുടേയും ഉണ്മയും അന്തര്യാമിയും എല്ലാറ്റിന്‍റേയും ഉറവിടവും. എന്റെ അഹങ്കാരം ശമിച്ചിരിക്കുന്നു. എന്റെ പ്രയത്നങ്ങള്‍ വൃഥാവിലാവുകയും ചെയ്തു. ഞാന്‍ അവിടുത്തെ പാദങ്ങളില്‍ അഭയം തേടുന്നു. അവിടുന്നു തന്നെ ഗുരു. തത്ത്വമസി.

ഭഗവാന്‍ ഇന്ദ്രനോട്‌ പറഞ്ഞു: “നിങ്ങളുടെ അഹങ്കാര ശമനത്തിനായാണ്‌ ഞാന്‍ നിങ്ങള്‍ക്കുളള യാഗം മുടക്കിച്ചതു്. ഞാന്‍ ആരെയെങ്കിലും അനുഗ്രഹിക്കുമ്പോള്‍ ആദ്യം അവരുടെ ധനസ്ഥാനസമ്പത്തുക്കള്‍ അവരില്‍ നിന്നു്‌ നീക്കം ചെയ്യുന്നു. എല്ലാ അഹന്തയുമവസാനിപ്പിക്കൂ. എന്നിട്ട്‌ പഴയപോലെ സ്വര്‍ഗ്ഗത്തെ ഭരിച്ചാലും.”

സ്വര്‍ഗ്ഗധേനുവായ സുരഭി കൃഷ്ണനെ വാഴ്ത്തി. പശുകുലത്തിന്റെ ഇന്ദ്രനായി ഭഗവാന്‍ അവരെ സംരക്ഷിക്കണമെന്നപേക്ഷിച്ചു. സുരഭി പ്രാര്‍ത്ഥിച്ചു: “കൃഷ്ണാ, അവിടുന്ന് പരമയോഗിയും വിശ്വാത്മാവും അതിന്റെ ഉറവിടവുമത്രെ. അവിടുന്നാണ്‌ വിശ്വസംരക്ഷകന്‍. ഞങ്ങള്‍ക്കും അവിടുത്തെ സുരക്ഷ നല്‍കിയാലും.” എന്നിട്ട്‌ സുരഭി തന്റെ സ്തന്യംകൊണ്ട്‌ ഭഗവാനെ അഭിഷേകം ചെയ്തു. ഇന്ദ്രന്‍ ആകാശഗംഗയിലെ ജലംകൊണ്ട്‌ ഭഗവാനെ ധാര ചെയ്തു. എന്നിട്ട്‌ ഇന്ദ്രന്‍ കൃഷ്ണനെ ഗോക്കളുടെ ഇന്ദ്രന്‍ ഗോവിന്ദന്‍ എന്ന്‌ നാമകരണം ചെയ്തു കിരീടവുമണിയിച്ചു. ആകാശവാസികള്‍ പാടിയും നൃത്തം ചെയ്തും ആഹ്ലാദം കാട്ടി. ലോകത്തിലെ പശുക്കള്‍ എല്ലാം ആനന്ദിച്ചു. ഇന്ദ്രന്‍ സ്വര്‍ഗ്ഗലോകത്തിലേക്ക്‌ മടങ്ങി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF