ഭാഗവതം നിത്യപാരായണം

വൈകുണ്ഠലോകദര്‍ശനത്തിനായുള്ള അനുഗ്രഹം – ഭാഗവതം (245)

ജനോഽയം ലോക ഏതസ്മിന്നവിദ്യാകാമകര്‍മ്മഭിഃ
ഉച്ചാവചാസു ഗതിഷു ന വേദ സ്വാം ഗതിം ഭ്രമന്‍ (10-28-13)
ഇതി സഞ്ചിന്ത്യ ഭഗവാന്‍ മഹാകാരുണികോ ഹരിഃ
ദര്‍ശയാമാസ ലോകം സ്വം ഗോപാനാം തമസഃ പരം (10-28-14)
സത്യം ജ്ഞാനമനന്തം യദ്ബ്രഹ്മ ജ്യോതിഃ സനാതനം
യദ്ധി പശ്യന്തി മുനയോ ഗുണാപായേ സമാഹിതാഃ (10-28-15)

ശുകമുനി തുടര്‍ന്നു:
ഒരിക്കല്‍ ഏകാദശി വ്രതം കഴിഞ്ഞതിന്റെ പിറ്റേ ദിവസം നേരത്തെ എഴുന്നേറ്റ്‌ നന്ദഗോപര്‍ കാളിന്ദീനദിയില്‍ കുളിച്ച്‌ വിധിപ്രകാരം വ്രതമവസാനിപ്പിക്കാന്‍ പുറപ്പെട്ടു. അതിനുപറ്റിയ മുഹൂര്‍ത്തം നോക്കിയാണ്‌ നന്ദഗോപര്‍ കാളിന്ദിയില്‍ പോയത്‌. എന്നാല്‍ ആ സമയം ഇരുട്ടിന്റെ ശക്തികളുടെ വിളയാട്ടമുളളതും അവര്‍ക്ക്‌ പ്രിയപ്പെട്ടതുമായിരുന്നു. അതുകൊണ്ട്‌ നന്ദന്‍ ജലത്തിലിറങ്ങിയതും ജലദേവതയായ വരുണന്റെ ദൂതന്മാരിലൊരാള്‍ അദ്ദേഹത്തെ പിടികൂടി വരുണസവിധത്തിലെത്തിച്ചു.

വ്രജവാസികള്‍ നന്ദന്‍ നദിയില്‍ മുങ്ങിമരിച്ചു എന്നു കരുതി ഉറക്കെ കരയാന്‍ തുടങ്ങി. ഇതുകേട്ടു വന്ന കൃഷ്ണന്‍ അച്ഛനെ തേടി നേരെ വരുണന്റെയടുക്കല്‍ എത്തി. ഭഗവാന്‍ കൃഷ്ണനെ തന്റെ വാതില്‍പ്പടിയില്‍ കണ്ടപ്പോള്‍ വരുണന്‍ സ്നേഹഭക്ത്യാദരവുകളോടെ അദ്ദേഹത്തെ സ്വാഗതം ചെയ്തു. അദ്ദേഹം പറഞ്ഞു: “ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും അനുഗൃഹീതമായ ദിവസമത്രെ. വിശ്വത്തിന്റെ മുഴുവനും സത്തും നിധിയുമായ ഭഗവല്‍സാന്നിദ്ധ്യം എനിക്ക്‌ ലഭിച്ചിരിക്കുന്നു. ഞാനങ്ങയെ നമസ്കരിക്കുന്നു. അങ്ങാണ്‌ പരംപൊരുള്‍, മായാതീതന്‍. അവിടുത്തെ അഛന്‍ ഇതാ. അവിടുത്തെ വിനീതഭൃത്യന്മാരായ ഞങ്ങളോട്‌ പൊറുത്താലും. അറിയാതെയായാലും അവിടുത്തെ അഛനെ ഇവിടെ കൊണ്ടുവന്നു്‌ അങ്ങയോട്‌ ഞങ്ങള്‍ അപരാധം ചെയ്തു. ഞങ്ങളോട്‌ ക്ഷമിച്ചാലും.”

കൃഷ്ണനും നന്ദനും വൃന്ദാവനത്തിലേക്ക്‌ തിരിച്ചു വന്നു. നന്ദന്‍ വരുണസവിധത്തിലെ ധനസമ്പത്തും പ്രൗഢിയുമെല്ലാം കണ്ടു. അതേ സമയം വരുണനുളള ഭക്ത്യാദരവും അദ്ദേഹം മനസ്സിലാക്കി. ആ ലോകത്തിന്റെ രാജാവിന്‌ തന്റെ മകനോടുളള സ്നേഹബഹുമാനങ്ങളും നന്ദന്‍ കണ്ടു. അദ്ദേഹം ഈ കാര്യങ്ങളെല്ലാം വ്രജത്തിലെ തന്റെ ആളുകളോട്‌ പറഞ്ഞു. അവരെല്ലാം അത്ഭുതപരവശരാവുകയും ഭഗവാന്‍ എല്ലാവരേയും തന്റെ ദിവ്യസവിധത്തിലേക്ക് കൂട്ടികൊണ്ടുപോവും ഒരിക്കല്‍ എന്നു പ്രത്യാശിക്കുകയും ചെയ്തു. അന്തര്യാമിയായ ഭഗവാന്‍ ഇതു മനസ്സിലാക്കി ഇങ്ങനെ ആലോചിച്ചു: മനുഷ്യര്‍ ഈ ലോകത്ത്‌ തപ്പിത്തടഞ്ഞു സഞ്ചരിക്കുന്നു. ചിലപ്പോള്‍ ഉന്നതമായ പാതയില്‍. അല്ലെങ്കില്‍ താഴേക്കുളള പതനത്തില്‍ . എന്നാല്‍ എല്ലായ്പ്പോഴും അജ്ഞതയ്ക്കു വശംവദരായി കഴിയുന്നു. ആര്‍ത്തിയോടെ സ്വാര്‍ത്ഥകര്‍മ്മങ്ങള്‍ ചെയ്യുന്നത്‌ ആത്മീയപാതയെക്കുറിച്ച്‌ അറിവില്ലാത്തതുകൊണ്ടത്രേ. തന്റെ കൂട്ടുകാരായ ഗോപന്മാരോടുളള ദയാവായ്പൊന്നുകൊണ്ടുമാത്രം കൃഷ്ണന്‍ തന്റെ പരമഗൃഹം അവര്‍ക്ക്‌ കാണിച്ചുകൊടുത്തു. അനന്തമെന്നും സത്തെന്നും ബോധമെന്നും ഇരുട്ടിനുമപ്പുറത്തുളള ബ്രഹ്മം എന്നും അറിയുന്നതും ത്രിഗുണാദികളെ വെന്ന മാമുനിമാര്‍ അനുഭവിച്ചറിഞ്ഞതുമായ അവിടം ഗോപന്മാര്‍ കണ്ടു. വേദങ്ങള്‍ കൃഷ്ണനു സങ്കീര്‍ത്തനമാലപിക്കുന്നുതവിടെയത്രെ. ഈ ദര്‍ശനഭാഗ്യം അത്ഭുതാദരങ്ങളോടെ ഉള്‍ക്കൊണ്ടശേഷം വൃന്ദാവനവാസികള്‍ വീണ്ടും കൃഷ്ണനെ തങ്ങളിലൊരാളായി കണ്ടു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF

Back to top button