അന്തര്‍ഗൃഹഗതാഃ കാശ്ചിദ്ഗോപ്യാഽലബ്ധ വിനിര്‍ഗ്ഗമാഃ
കൃഷ്ണം തദ്ഭാവനായുക്താ ദധ്യുര്‍മ്മീലിതലോചനാഃ (10-29-9)
ദുസ്സഹ പ്രേഷ്ഠവിരഹതീവ്രതാപധുതാശുഭാഃ
ധ്യാനപ്രാപ്താച്യുതാശ്ലേഷനിര്‍വൃത്യാ ക്ഷീണമംഗളാഃ (10-29-10)
തമേവ പരമാത്മാനം ജാരബുദ്ധ്യാപി സംഗതാഃ
ജഹുര്‍ഗ്ഗുണമയം ദേഹം സദ്യഃ പ്രക്ഷീണബന്ധനാഃ (10-29-11)
ശുകമുനി തുടര്‍ന്നു:
അതൊരു ശരത്കാലമായിരുന്നു. തെളിഞ്ഞ നീലാകാശത്ത് പൂര്‍ണ്ണചന്ദ്രനുദിച്ചു നിന്നു. ഇത് ദിവ്യലീലയ്ക്കുളള ഉചിതമായ സമയം തന്നെയെന്നു കൃഷ്ണന്‍ വിചാരിച്ചു. കാട്ടിലിരുന്ന് തന്റെ ആരാധികമാരായ ഗോപികമാര്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിയുന്നതിനായി കൃഷ്ണന്‍ തന്റെ ഓടക്കുഴലില്‍ കുറച്ച് രാഗങ്ങള്‍ വായിച്ചു. സംഗീതം കൃഷ്ണപ്രേമത്തിന്റെ തീനാളത്തെ ആളിപ്പടര്‍ത്തി ഗോപികമാരുടെ ഹൃദയത്തെ വശീകരിച്ചു.
ഏതോ മാസ്മരികതയിലെന്നപോലെ അവര്‍ കൃഷ്ണനിരിക്കുന്നയിടത്തേയ്ക്ക് എത്തിച്ചേരാന്‍ തുടങ്ങി. ചിലര്‍ പശുവിനെ കറക്കുകയായിരുന്നു. മറ്റു ചിലര്‍ പാലു തിളപ്പിക്കുകയായിരുന്നു. ഇനിയും ചിലര്‍ പാചകത്തിലും ഭര്‍ത്തൃശുശ്രൂഷയിലുമായിരുന്നു. ചിലര്‍ കുട്ടിക്ക് മുലയൂട്ടുകയായിരുന്നു. ചിലര്‍ ഭക്ഷണം കഴിക്കുകയായിരുന്നു. മറ്റു ചിലര്‍ ആടയാഭരണങ്ങളണിയുകയായിരുന്നു. കൃഷ്ണമുരളീനാദം കേട്ടമാത്രയില്‍ തങ്ങള്‍ ചെയ്തിരുന്ന പ്രവൃത്തികളത്രയും ഉപേക്ഷിച്ച് അവര്‍ കൃഷ്ണന്റെ അടുത്തേക്ക് നടന്നു. ആര്‍ക്കുമവരെ തടയാനായില്ല. അവര്‍ ഉചിതമായി വസ്ത്രം ധരിച്ചിരുന്നോ അണിഞ്ഞൊരുങ്ങിയിരുന്നോ എന്നൊന്നും ശ്രദ്ധിച്ചില്ല. കൃഷ്ണമുരളിയുടെ നാദവീചി അവരുടെ കര്‍മ്മപുടത്തിലെത്തിയ മാത്രയില്‍ അവരുടെ ഹൃദയവും ആത്മാവും ജീവന്‍ തന്നെയും കൃഷ്ണപാദങ്ങളിലെത്തിയിരുന്നു. ശരീരത്തിന് പിന്നെ ജീവനെ പിന്തുടരുകയേ വേണ്ടിയിരുന്നുളളൂ.
ചിലര്‍ തങ്ങളുടെ വീട്ടിലെ വാതിലുകളെല്ലാം അടച്ചുപൂട്ടിയതായറിഞ്ഞു. അവര്‍ കൃഷ്ണനെ തങ്ങളുടെ ഹൃദയത്തില്‍ ധ്യാനിച്ച് കണ്ണുകളടച്ചിരുന്നു. കൃഷ്ണനുവേണ്ടിയുളള തീവ്രമായ ആഗ്രഹം അവരുടെ ഹൃദയത്തിലെരിഞ്ഞിറങ്ങി. അതവരുടെ പൂര്‍വ്വജന്മാര്‍ജ്ജിതമായ പാപകര്‍മ്മങ്ങളെയെല്ലാം എരിച്ചു കളഞ്ഞു. തീവ്രമായ ധ്യാനത്തിനാല്‍ അവര്‍ കൃഷ്ണനെ ആലിംഗനം ചെയ്തു. അതിന്റെ പരമാനന്ദം അവരുടെയുള്ളിലെ സദ്കര്‍മ്മഫലങ്ങളെപ്പോലും ഇല്ലാതാക്കി. അങ്ങനെ നല്ലതും ചീത്തയുമായ കര്‍മ്മഫലങ്ങളൊന്നുമില്ലാതെ കൃഷ്ണന്‍ തങ്ങളുടെ കമിതാവായി ധ്യാനിച്ച് അവര്‍ ഭഗവാന്റെ പരമപദം പൂകി. ഭൗതികശരീരത്തെ ഉപേക്ഷിച്ചു. ഇത് സത്യമത്രെ. ഏതൊരുവന്‍ പ്രേമത്തോടേയോ ഭയത്താലോ സൗഹൃദത്താലോ ഭഗവാനെ സമീപിക്കുന്നുവോ, അവന്‍ ആ പരമപദത്തെ പ്രാപിക്കുന്നു. ഇതു തന്നെയാണീ അവതാരോദ്ദേശ്യം. ജന്മമെടുത്ത ജീവികള്‍ക്ക് എളുപ്പത്തിലെത്തിച്ചേരാവുന്ന രീതിയില്‍ ഭഗവാന്‍ അവതരിച്ചിരിക്കുന്നു.
അവരെല്ലാം വന്നപ്പോള്‍ കൃഷ്ണന്‍ പറഞ്ഞു:
അനുഗൃഹീതരായ മഹിളാമണികളേ സ്വാഗതം. നമ്മളെന്താണ് ചെയ്യേണ്ടതിപ്പോള്‍? എന്തിനാണ് നിങ്ങള്‍ വീടുപേക്ഷിച്ചിപ്പോള്‍ ഇങ്ങോട്ട് വന്നത്? നിങ്ങളുടെ അച്ഛനമ്മമാരും ഭര്‍ത്താക്കന്മാരും പരിഭ്രമിക്കും. നിങ്ങള്‍ക്കെല്ലാം എന്നോടു മമതയുണ്ടെന്നുളളതു ശരിതന്നെ. കാരണം എല്ലാവരിലേയും ആത്മസത്ത ഞാനാണല്ലോ. എന്നാല്‍ വിവാഹിതയായ ഒരു സ്ത്രീ ഭര്‍ത്താവിനോട് വിശ്വസ്തയായിരിക്കണം. അയാളെ ഭഗവാനെന്നു നിനച്ചു സേവിക്കണം. അയാള്‍ ദുഷ്ടനോ ദരിദ്രനോ നിര്‍ഭാഗ്യവാനോ വയസ്സനോ രോഗിയോ ആണെങ്കില്‍ പോലും. എന്റെ ഭക്തര്‍ക്ക് ഭൗതികമായി എന്റെ സാന്നിദ്ധ്യം ആവശ്യമില്ല തന്നെ. എന്നാല്‍ എന്റെ മഹിമകളും ലീലകളും കേട്ടു ധ്യാനിച്ച് നിങ്ങള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയാലും.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF