സ ചുക്രോശാഹിനാ ഗ്രസ്തഃ കൃഷ്ണ, കൃഷ്ണ, മഹാനയം
സര്‍പ്പോ മാം ഗ്രസതേ താത പ്രപന്നം പരിമോചയ (10-34-6)
സ വൈ ഭഗവതഃ ശ്രീമത്‌ പാദസ്പര്‍ശഹതാശുഭഃ
ഭേജേ സര്‍പ്പവപുര്‍ഹിത്വാ രൂപം വിദ്യാധരാര്‍ച്ചിതം (10-34-9)

ശുകമുനി തുടര്‍ന്നു:
ഒരിക്കല്‍ വ്രജവാസികള്‍ അംബികാവനത്തിലേക്ക്‌ പോയി. അവിടെ അവര്‍ സരസ്വതീനദിയില്‍ കുളിച്ച്‌ ശിവനെയും പാര്‍വ്വതിയെയും പൂജിച്ചു. പരിപൂര്‍ണ്ണവ്രതമെടുത്ത അവര്‍ ആ രാത്രി നദിക്കരയില്‍ വിശ്രമിച്ചു. അപ്പോള്‍ ഒരു പെരുമ്പാമ്പ്‌ വിശന്നാര്‍ത്തനായി അവിടെയെത്തി. അവന്‍ നന്ദനെ വിഴുങ്ങാന്‍ തുടങ്ങി. അദ്ദേഹം കൃഷ്ണനെ വിളിച്ച്‌ ഉറക്കെ കരഞ്ഞു: ‘കൃഷ്ണാ, കൃഷ്ണാ. വലിയൊരു പെരുമ്പാമ്പ്‌ എന്നെ വിഴുങ്ങുന്നു. എനിക്ക്‌ നീയല്ലാതെ അഭയമാരുളളൂ? എന്നെ രക്ഷിക്കൂ.’ ഗോപാലന്മാര്‍ തീപ്പന്തവുമായി അദ്ദേഹത്തിന്റെ രക്ഷയ്ക്കെത്തിയെങ്കിലും എന്തു ചെയ്തിട്ടും പാമ്പ്‌ പിടിവിടുന്നില്ല. അപ്പോള്‍ കൃഷ്ണന്‍ അവിടെയെത്തി പാമ്പിനെ തന്റെ കാലുകൊണ്ടൊന്നു തൊട്ടു. പെട്ടെന്നു്‌ പെരുമ്പാമ്പിന്റെ ഉടല്‍ രൂപം മാറി സ്വര്‍ഗ്ഗവാസിയായ ഒരു വിദ്യാധരനായി തീര്‍ന്നു. അവന്‍ കൃഷ്ണനെ നമസ്കരിച്ചു. കൃഷ്ണന്‍ അവനാരാണെന്നു ചോദിച്ചു.

വിദ്യാധരന്‍ അവന്റെ കഥ പറഞ്ഞു. ‘സ്വര്‍ഗ്ഗവാസിയായ എന്റെ പേര്‌ സുദര്‍ശനന്‍. സുന്ദരനായ ഞാന്‍ ആകാശവാഹനങ്ങളില്‍ കയറി അലയുക പതിവായിരുന്നു. ഒരിക്കല്‍ ഞാന്‍ വിരൂപരായ കുറെ മാമുനിമാരെക്കണ്ട്‌ അവരെ കളിയാക്കി ചിരിച്ചു. അവരുടെ ശാപത്താലാണ്‌ ഞാന്‍ പെരുമ്പാമ്പായി ജനിക്കാനിടവന്നത്‌. എന്നാല്‍ ആ ശാപവും എത്ര അനുഗ്രഹപ്രദമായി എന്ന്‌ ഞാന്‍ അറിയുന്നു. അവിടുത്തെ പാദാരവിന്ദസ്പര്‍ശമേല്‍ക്കാനുളള ഭാഗ്യം എനിക്കു സിദ്ധിച്ചുവല്ലോ. ആ നാമോച്ചാരണം ഒന്നുകൊണ്ടു തന്നെ സര്‍വ്വപാപങ്ങളും ഇല്ലാതാകുന്നു. അതുകൊണ്ട്‌ അവിടുത്തെ പാദസ്പര്‍ശമേറ്റ എന്റെ പാപവും നശിച്ചു എന്ന പറയേണ്ടതില്ല. എന്നെ പോകാന്‍ അനുവദിച്ചാലും. മരണവക്രത്തില്‍ നിന്നും രക്ഷപ്പെട്ട നന്ദനും മറ്റു വൃന്ദാവന വാസികളും കൃഷ്ണമഹിമയില്‍ ആശ്ചര്യം പൂണ്ടു.

ഒരു ദിവസം രാമകൃഷ്ണന്‍മാര്‍ ഗോപികമാരുമൊത്ത്‌ ആടിയും പാടിയും വനത്തില്‍ കഴിയുകയായിരുന്നു. ജ്യേഷ്ഠാനുജന്മാരുടെ മധുരഗീതങ്ങള്‍ കേട്ട്‌ സന്തോഷിച്ച്‌ മനം മയങ്ങിയ ഗോപികമാര്‍ സ്വയം മറന്നു നൃത്തമാടി. അപ്പോള്‍ അവിടെ ധനാധീശനായ കുബേരന്റെ ഭൃത്യന്‍ ശംഖചൂഡന്‍ എത്തിച്ചേര്‍ന്നു. അവന്‍ ഗോപികമാരെ ഒരാകാശവാഹനത്തിലേക്ക്‌ ബലമായി പിടിച്ചു കയറ്റി അവരേയും കൊണ്ട്‌ വേഗത്തില്‍ ഓടിച്ചു കടന്നുകളഞ്ഞു. സ്ത്രീകള്‍ കൃഷ്ണനെ വിളിച്ചു കരഞ്ഞു. ജ്യേഷ്ഠാനുജന്മാര്‍ ശംഖചൂഡനു പിറകേ ചെന്ന് അവനെ കീഴടക്കി. തെറ്റു മനസിലാക്കി അവന്‍ സ്ത്രീകളെ ഉപേക്ഷിച്ച്‌ ഓടിരക്ഷപ്പെടാന്‍ നോക്കി. എന്നാല്‍ കൃഷ്ണന്‍ അവനെ പിന്തുടര്‍ന്നു. ബലരാമന്‍ ഗോപികമാര്‍ക്ക്‌ കാവല്‍ നിന്നു. കൃഷ്ണന്‍ ശംഖചൂഡനെ പിടികൂടി തലവെട്ടി അവന്റെ തലയിലെ മണിരത്നമെടുത്തു കൊണ്ടുവന്നു്‌ ജ്യേഷ്ഠനു സമ്മാനിച്ചു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF