വത്സലോ വ്രജഗവാം യദഗധ്രോ വന്ദ്യമാനചരണഃ പഥി വൃദ്ധൈഃ
കൃത്സ്നഗോധനമുപോഹ്യ ദിനാന്തേ ഗീതവേണുരനുഗേഡിതകീര്‍ത്തിഃ (10-35-22)
ഉത്സവം ശ്രമരുചാപി ദൃശീനാ മുന്നയന്‍ ഖുരരജഃശ്ചുരിതസ്രക്‌
ദിത്സയൈതി സുഹൃദാശിഷ ഏഷ ദേവകീ ജഠരഭൂരുഡുരാജഃ (10-35-23)

ശുകമുനി തുടര്‍ന്നു:
പകല്‍ സമയത്ത്‌ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പശുക്കളെ മേയ്ക്കാന്‍ പോകുമ്പോള്‍ ഗോപികമാര്‍ക്ക്‌ വിരഹമനുഭവപ്പെട്ടു. അവര്‍ ഇങ്ങനെ പാടി: ‘ഓടക്കുഴല്‍ വായനയില്‍ അഗ്രഗണ്യനായിട്ടുളള കൃഷ്ണന്‍ തന്റെ ചുണ്ടുകള്‍ ഓടക്കുഴലില്‍ അമര്‍ത്തി കൈവിരലുകള്‍ അതില്‍ നൃത്തം ചെയ്യാന്‍ അനുവദിക്കുമ്പോള്‍ അപ്സരസ്ത്രീകള്‍ പോലും പ്രേമവിവശരായിത്തീരുന്നു. അല്ലല്ല, കൃഷ്ണന്റെ സംഗീതം മാന്‍പേടകളേയും പശുക്കളേയും ആകര്‍ഷിക്കുന്നു. ഹൃദയം പ്രേമസുരഭിലമായിത്തീര്‍ന്ന അവര്‍ വായിലിരിക്കുന്ന പുല്ലു തിന്നാന്‍ പോലും മറന്നിരിക്കുന്നു.’

‘കൃഷ്ണന്‍ പശുക്കളെ വിളിക്കുമ്പോള്‍ നദികള്‍ പ്രക്ഷുബ്ധമാവുന്നു. അവര്‍ തിരകളാകുന്ന കൈകള്‍ ഉയര്‍ത്തി കൃഷ്ണപാദരേണുക്കള്‍ തൊടാന്‍ ശ്രമിക്കുന്നു. എന്നാല്‍ അവന്റെ മധുരസ്വരം കേട്ട്‌ അവര്‍ സ്തബ്ധരായി നിന്നുപോവുന്നു. കൃഷ്ണന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ മരങ്ങളും വളളിച്ചെടികളും ഉല്ലാസത്തിമിര്‍പ്പില്‍ തേനൊഴുക്കുന്നു. തേനീച്ചകളും ഹംസങ്ങളും കൊക്കുകളും മറ്റു പക്ഷികളും കൃഷ്ണനു ചുറ്റും കൂടുന്നു. കൃഷ്ണന്‍ പാടുമ്പോള്‍ മേഘങ്ങള്‍ മുരളുന്നു. അവ കൃത്യമായ സമയം പാലിച്ച്‌ കുടപോലെ നിന്നു്‌ പൂക്കള്‍ ചൊരിയുന്നു. ഇന്ദ്രനും ബ്രഹ്മാവിനും കൂടി കൃഷ്ണന്റെ സംഗീതം കേള്‍ക്കുമ്പോള്‍ ഭഗവാന്റെ ഗഹനമായ വശ്യശക്തിയുടെ ആഴമളക്കാന്‍ കഴിയാതെ നിന്നുപോകുന്നു. അപ്പോള്‍ പിന്നെ വ്രജസ്ത്രീകളായ നമുക്ക്‌ കൃഷ്ണദര്‍ശനം കൊണ്ട്‌ ദേഹബുദ്ധിയും ലോകബോധവും നഷ്ടമാവുന്നതില്‍ അത്ഭുതമെന്തുളളൂ?’

കൃഷ്ണന്‍ തന്റെ തോഴരോടും തോഴിമാരോടുമൊത്ത്‌ യമുനാതീരത്ത്‌ വിഹരിക്കുമ്പോള്‍ മന്ദമാരുതന്‍ അവനെ വീശുന്നു. സ്വര്‍ഗ്ഗഗായകര്‍ അവന്റെ മഹിമകളെ വാഴ്ത്തുന്നു. അതാ വരുന്നു കൃഷ്ണന്‍, വ്രജസംരക്ഷകന്‍, ഗോപലന്‍. മുതിര്‍ന്നവര്‍പോലും ആ പാദകമലങ്ങളില്‍ വന്ദിക്കുന്നു. പശുക്കളെ മേയ്ക്കാന്‍ കൊണ്ടുപോയി തിരിച്ചുവരുന്ന കൃഷ്ണന്‍ തളര്‍ന്നപോലെ കാണപ്പെടുന്നുവെങ്കിലും ആ മുഖം എത്ര സുന്ദരവും രമണീയവുമാണ്‌. കഴുത്തിലണിഞ്ഞ പൂമാല പശുക്കുളമ്പടികളില്‍ നിന്നുളള പൊടിയണിഞ്ഞിരിക്കുന്നു. ആ പശുക്കളാകട്ടെ കൃഷ്ണനേറ്റവും പ്രിയപ്പെട്ടവയത്രേ. ചെറിയൊരാന നടക്കുന്നതുപോലെ അവന്‍ വരുമ്പോള്‍ നമ്മിലെ വിരഹദുഃഖമെല്ലാം പൊയ്പ്പോവുന്നു.

അങ്ങനെ ഗോപികമാര്‍ അവനെക്കുറിച്ചു പാടി. സര്‍വ്വസമര്‍പ്പണം കൊണ്ടും പരിപൂര്‍ണ്ണ പ്രേമം കൊണ്ടും ഗോപികമാരുടെ ഹൃദയങ്ങള്‍ നിറഞ്ഞിരുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF