രാജന്‍, മനീഷിതം സമ്യക് തവ സ്വാവദ്യമാര്‍ജ്ജനം
സിധ്യസിധ്യോഃസമംകുര്യാത് ദൈവം ഹി ഫലഭാവനം (10-36-38)
മനോരഥാന്‍ കരോത്യുച്ചൈര്‍ജ്ജനോ ദൈവഹതാനപി
യുജ്യതേ ഹര്‍ഷശോകാഭ്യാം തഥാപ്യാജ്ഞാം കരോമി തേ (10-36-39)
ശുകമുനി തുടര്‍ന്നു:
പിന്നീട് വ്രജത്തില്‍ അരിഷ്ടന്‍ എന്ന് പേരായ ഒരു രാക്ഷസന്‍ ഒരു കൂറ്റന്‍ കാളയുടെ വേഷത്തില്‍ ജനങ്ങളെ പേടിപ്പിച്ചുകൊണ്ട് വന്നുചേര്‍ന്നു. ആളുകള്‍ ഭയന്നോടുകയും കാലികള്‍ വിരണ്ട് പരക്കം പായുകയും ചെയ്തു. ഗര്‍ഭിണികളായ സ്ത്രീകളും പശുക്കളും സമയമാകാതെ പ്രസവിക്കുകയും ചെയ്തു. ഗോപന്മാരും അവരുടെ ഭാര്യമാരും കൃഷ്ണനെ അഭയം പ്രാപിച്ചു. കൃഷ്ണന്‍ മല്ലയുദ്ധക്കാര്‍ തയ്യാറെടുപ്പു നടത്തുംപോലെ തുടയ്ക്കടിച്ച് വൃഷഭാസുരനെ തടുക്കാന്‍ തയ്യാറെടുത്തു. ‘വിഡ്ഢീ, നിന്നെപ്പോലുളള ദുഷ്ടരെ കൊല്ലാനാണ് ഞാനിവിടെയുളളത്.’ കാളക്കൂറ്റന്‍ കൃഷ്ണനു നേരെ പാഞ്ഞെത്തി. കൃഷ്ണന്‍ അവനെ തടഞ്ഞു പിന്നോട്ടു തളളി. പിന്നീട് അവന്റെ കൊമ്പൂരിയെടുത്ത് അവകൊണ്ട് തന്നെ അരിഷ്ടന്റെ കഥ കഴിച്ചു.
കൃഷ്ണന്റെ അത്യതിശയവീരകഥകളിലെ ഏറ്റവും ഒടുവിലത്തെ സംഭവം കേട്ടറിഞ്ഞ നാരദന്‍ കംസന്റെ രാജധാനിയിലെത്തി. അസുരരാജാവിനോട് കൃഷ്ണജന്മത്തിന്റെ രഹസ്യങ്ങളെല്ലാം നാരദന്‍ പറഞ്ഞുകൊടുത്തു. വസുദേവനും നന്ദനും കുഞ്ഞുങ്ങളെ കൈമാറിയതും കൃഷ്ണന്‍ വെറും തമാശപോലെ കംസന്റെ ആജ്ഞയനുസരിച്ചു നിഗ്രഹത്തിന് വന്ന രാക്ഷസന്മാരെ കൊന്ന കഥകളും നാരദന്‍ പറഞ്ഞു. കംസന് അപ്പോള്‍ തന്നെ വസുദേവനെ വധിക്കാനുളള ക്രോധമുണ്ടായി. എന്നാല്‍ നാരദന്‍ കംസനെ തടഞ്ഞു. ദേവകിയും വസുദേവനും വീണ്ടും തടവിലായി.
കംസന്‍ തന്റെ രാക്ഷസമന്ത്രിമാരുമായി ചര്‍ച്ച ചെയ്തു. എന്നിട്ട് ഇങ്ങനെ ആജ്ഞാപിച്ചു: ‘കേശി വ്രജത്തില്‍ പോയി ബലരാമനേയും കൃഷ്ണനേയും കൊല്ലട്ടെ. അതിനു സാധിച്ചില്ലെങ്കില്‍ അവരെ ഇവിടെ വരുത്തി മല്ലവീരന്മാരായ മുഷ്ടികനെയും ചാണൂരനെയും വിട്ട് അവരെ വകവരുത്താം. അതിനും സാധിച്ചില്ലെങ്കില്‍ ആനകളില്‍ ഏറ്റവും ശക്തിമാനായ കുവലയാപീഡത്തെ കൊണ്ട് ജ്യേഷ്ഠാനുജന്മാരെ നിഗ്രഹിക്കാം. അവരെ കൊട്ടാരത്തിലേക്ക് വിളിക്കാനൊരു സന്ദര്‍ഭത്തിനായി ഒരു മൃഗബലിയും യാഗവും ശിവപ്രീതിക്കായി നടത്താന്‍ ഞാന്‍ കല്‍പ്പിക്കുന്നു.’
അതേസമയം കംസന്‍ അക്രൂരനെ വിളിച്ച് അനുനയസ്വരത്തില്‍ ഇങ്ങനെ പറഞ്ഞു: ‘എന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഈ അവസ്ഥയില്‍ ഞാന്‍ നിങ്ങളുടെ സഹായം തേടുകയാണ്. കൃഷ്ണന്‍ എന്നെ വധിക്കാനായാണ് ജനിച്ചിട്ടുളളതെന്ന് എനിക്ക് വിവരം ലഭിച്ചിരിക്കുന്നു. നിങ്ങള്‍ വൃന്ദാവനത്തില്‍ പോയി എനിക്കു വേണ്ടി രാമകൃഷ്ണന്‍മാരെ ക്ഷണിക്കണം. യാഗബലിയും യജ്ഞവും കാണാന്‍ ഞാന്‍ ക്ഷണിക്കുന്നു എന്ന് പറയണം. എന്നാല്‍ അവര്‍ കൊട്ടാരത്തിലെത്തും മുന്‍പ് മല്ലവീരന്മാരോ മത്തഗജമോ അവരെ കൊല്ലും. അവര്‍ മരിച്ചുകഴിഞ്ഞാല്‍പ്പിന്നെ എന്റെ എതിരാളികളെയെല്ലാം ഞാന്‍ പാടെ നിര്‍മ്മാര്‍ജ്ജനം ചെയ്യും. എന്റെ സിംഹാസനത്തെ ആഗ്രഹിച്ചിരിക്കുന്ന എന്റെ പിതാവിനെപ്പോലും നിഗ്രഹിച്ച് ചുറ്റുമുളള മുളളുകളെയെല്ലാം മാറ്റി ഞാനീ ലോകത്തിന്റെ സര്‍വ്വാധിപനാവും. ഈ പദ്ധതികളെല്ലാം നിങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.’
അക്രൂരന്‍ പറഞ്ഞു: ‘സ്വരക്ഷയ്ക്കായി അങ്ങ് ആസൂത്രണം ചെയ്ത പദ്ധതികള്‍ നല്ലവണ്ണം ചിന്തിച്ചുറപ്പിച്ചതു തന്നെ. എന്നാല്‍ ഒരിക്കല്‍ കര്‍മ്മത്തിലേര്‍പ്പെട്ടാല്‍പ്പിന്നെ കര്‍മ്മഫലത്തെപ്പറ്റി ആകുലപ്പെടരുത്. കാരണം അത് ദൈവഹിതമത്രെ. ദൈവഹിതം വിപരീതമാണെങ്കില്‍ കൂടി ആളുകള്‍ ഉയര്‍ന്ന ആഗ്രഹങ്ങള്‍ വച്ചു പുലര്‍ത്തുന്നു. എന്നാല്‍ ഞാന്‍ അങ്ങയുടെ ആജ്ഞയനുസരിച്ചുകൊളളാം.’ ഈ ചര്‍ച്ചയ്ക്കു ശേഷം കംസന്‍ അന്തഃപുരത്തിലേക്കും അക്രൂരന്‍ സ്വഗൃഹത്തിലേക്കും മടങ്ങി.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF