ദേവര്‍ഷിരുപസംഗമ്യ ഭാഗവതപ്രവരോ നൃപ
കൃഷ്ണേമക്ലിഷ്ടകര്‍മ്മാണം രഹസ്യേതദഭാഷത (10-37-10)
കൃഷ്ണ, കൃഷ്ണാപ്രമേയാത്മന്‍ യോഗേശ ജഗദീശ്വര
വാസുദേവാഖിലാവാസ സാത്വതാം പ്രവര പ്രഭോ (10-37-11)
ത്വമാത്മാ സര്‍വ്വഭൂതാനാമേകോ ജ്യോതിരിവൈധസാം
ഗൂഢോ ഗുഹാശയഃ സാക്ഷീ മഹാപുരുഷ ഈശ്വരഃ (10-37-12)
ആത്മനാത്മാശ്രയഃ പൂര്‍വ്വം മായയാ സസൃജേ ഗുണാന്‍
തൈരിദം സത്യസങ്കല്പഃ സൃജസ്യത്സ്യവസീശ്വരഃ (10-37-13
സ ത്വം ഭൂധരഭ്രതാനാം ദൈത്യപ്രമഥരക്ഷസാം
അവതീര്‍ണ്ണോ വിനാശായ സേതൂനാം രക്ഷണായ ച (10-37-14)
ശുകമുനി തുടര്‍ന്നു:
കംസന്റെ ആജ്ഞാനുസരണം കേശി ഒരു വെകിളിപിടിച്ച കുതിരയുടെ വേഷത്തില്‍ വൃന്ദാവനത്തിലേക്ക് പുറപ്പെട്ടു. അവന്‍ വൃന്ദാവനത്തില്‍ ലക്കും ലഗാനുമില്ലാതെ ഓടി നടന്നു. അവന്റെ മുക്രയിടലും മറ്റും ഗ്രാമവാസികളെ ഭയചകിതരാക്കി. താമസിയാതെ കൃഷ്ണന്‍ അവനെ വെല്ലുവിളിച്ചു. അവനും കൃഷ്ണനെ മല്ലയുദ്ധത്തിനു വിളിച്ചു. സിംഹത്തേപ്പോലെ ഗര്‍ജ്ജിച്ച് ഓടിയടുത്ത് ചുറ്റിത്തിരിഞ്ഞ് കേശി കൃഷ്ണനെ തന്റെ പിന്‍കാലുകൊണ്ടു തൊഴിച്ചു. അവന്റെ കാലുകള്‍ കൃഷ്ണന്റെ മേല്‍ പതിക്കും മുന്‍പ് കൃഷ്ണന്‍ അതില്‍ പിടികൂടി അവനെ തൂക്കി ചുഴറ്റിയെറിഞ്ഞു. കുതിരക്ക് സ്വബോധം വീണ്ടു കിട്ടാന്‍ കുറച്ചു സമയം വേണ്ടിവന്നു. എന്നിട്ട് അവന്‍ വീണ്ടും വായ് തുറന്നുപിടിച്ച് കൃഷ്ണന്റെ നേര്‍ക്ക് പാഞ്ഞടുത്തു. തീതുപ്പുംപോലെ ക്രോധമാര്‍ന്ന അവന്റെ വായിലേക്കു കൃഷ്ണന്‍ തന്റെ കൈ കടത്തി. അപ്പോള്‍ കൃഷ്ണന്റെ കൈ വലുതാവാന്‍ തുടങ്ങി. അസുരന് ശ്വാസം മുട്ടി. അപ്പോള്‍ അവന്‍ തന്റെ സ്വരൂപം ആര്‍ജ്ജിച്ചു. അങ്ങനെ അന്ത്യശ്വാസം വലിക്കുകയും ചെയ്തു. കൃഷ്ണന്‍ പ്രത്യേകിച്ചൊന്നും സംഭവിക്കാത്തതുപോലെ തന്റെ കൈ വലിച്ചൂരി നടന്നകന്നു.
ദിവ്യര്‍ഷിയായ നാരദന്‍ കൃഷ്ണനെ രഹസ്യമായി സന്ധിച്ച് ഇങ്ങനെ പറഞ്ഞു: ‘കൃഷ്ണാ അവിടുന്ന് അനന്തനായ ഭഗവാന്‍ തന്നെയാണ്. അവിടുത്തെത്തന്നെ പ്രഭാവമായ മായാശക്തിയുടെ സഹായത്താല്‍ അങ്ങ് വിശ്വസൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്തുന്നു. അവിടുന്നിപ്പോള്‍ മര്‍ത്യജന്മമെടുത്തിരിക്കുന്നത് ദുഷ്ടതയെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനും ധര്‍മ്മത്തെ ഉദ്ധരിക്കുവാനുമത്രെ. അതുകൊണ്ട് ദേവന്മാര്‍ക്കുപോലും പേടിസ്വപ്നമായിരുന്ന ഈ അസുരന്‍ അങ്ങയുടെ കൈ കൊണ്ട് നിഷ്പ്രയാസം വധിക്കപ്പെട്ടതില്‍ അത്ഭുതമേതുമില്ല.’ ഭഗവാന്‍ കൃഷ്ണരൂപത്തില്‍ കംസനടക്കം എല്ലാ രാക്ഷസന്മാരേയും വധിക്കുമെന്നും ദ്വാരകാധിപനായി വാഴുമെന്നും നാരദന്‍ പറഞ്ഞു. മാത്രമല്ല, മഹാഭാരതയുദ്ധത്തിനു സാക്ഷിയായി നിന്നു് ദശലക്ഷക്കണക്കിന് മനുഷ്യര്‍ മരിക്കുന്നുതു കാണുമെന്നും നാരദനറിയിച്ചു. ഭഗവാനെ വണങ്ങി ദേവര്‍ഷി മടങ്ങി.
മറ്റൊരവസരത്തില്‍ കൃഷ്ണനും കൂട്ടരും കളളനും കാവല്‍ക്കാരനും കളിക്കുമ്പോള്‍ വ്യോമാസുരന്‍ അവരുടെ കൂട്ടത്തില്‍ ഒരു ഗോപാലവേഷത്തില്‍ പങ്കെടുത്തു. കളിയില്‍ കളളനായി അഭിനയിച്ച് അവന്‍ കൃഷ്ണന്റെ കൂട്ടുകാരെ കുറേപ്പേരെ ഒരു ഗുഹയിലൊളിപ്പിച്ചു. കൃഷ്ണനവനെ കയ്യോടെ പിടികൂടി. അസുരന്‍ തന്റെ സ്വരൂപം കാണിച്ച് കൃഷ്ണന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ വൃഥാശ്രമം നടത്തി. നിലത്തടിച്ച് കൃഷ്ണനവന്റെ കഥ കഴിച്ചു. ഗുഹാമുഖത്തെത്തി ബലമായി അതിന്റെ വാതില്‍ തുറന്ന് കൃഷ്ണന്‍ തോഴരെ രക്ഷിച്ചു. അവര്‍ അതീവ സന്തുഷ്ടരായി.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF