പുനീഹി പാദരജസാ ഗൃഹാന്‍ നോ ഗൃഹമേധിനാം
യച്ഛൗചേനാനുതൃപ്യന്തി പിതരഃ സാഗ്നയഃ സുരാഃ (10-41-13)
അവനിജ്യാങ്ഘ്രിയുഗളമാസീഛ്‌ലോക്യോ ബലിര്‍മ്മഹാന്‍
ഐശ്വര്യമതുലം ലേഭേ ഗതിം ചൈകാന്തിനാം തു യാ (10-41-14)
ആപസ്തേഽങ്ഘ്ര്യവനേജന്യസ്ത്രീം ലോകാന്‍ ശുചയോഽപുനന്‍
ശിരസാധത്ത യാഃ ശര്‍വ്വഃ സ്വര്യാതാഃ സഗരാത്മജാഃ (10-41-15)
ശുകമുനി തുടര്‍ന്നു:
അക്രൂരന്‍ ഇങ്ങനെ സ്തുതിച്ചു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ ആ ദര്‍ശനം പിന്‍വലിഞ്ഞു. അക്രൂരന്‍ തന്റെ പ്രാര്‍ത്ഥനകള്‍ പൂര്‍ത്തീകരിച്ച ശേഷം രഥത്തിലേക്ക് മടങ്ങി. അക്രൂരന്റെ മയക്കമാര്‍ന്ന മുഖം ശ്രദ്ധിച്ച് കൃഷ്ണന്‍ ചോദിച്ചു: ‘അത്ഭുതകരമായ എന്തെങ്കിലും ആകാശത്തോ ഭൂമിയിലോ ജലത്തിലോ കാണുകയുണ്ടായോ?’ അതിനു മറുപടിയായി അക്രൂരന്‍ പറഞ്ഞു. ‘ഞാന്‍ അങ്ങയെ കണ്ടു. ഇപ്പോള്‍ എന്റെ മുന്നിലും അങ്ങയെ കണ്ടുകൊണ്ടിരിക്കുന്നു. ഇതിലും അത്ഭുതകരമായി മറ്റെന്തുണ്ട്?’
അവര്‍ മഥുരാപുരിയുടെ പ്രാന്തപ്രദേശത്തിലെത്തിച്ചേര്‍ന്നു. കൃഷ്ണന്‍ പറഞ്ഞു: ‘അമ്മാവാ, അങ്ങ് ആദ്യം നഗരത്തിലേക്ക് പൊയ്ക്കൊളളൂ. ഞങ്ങള്‍ പിറകെ വരാം.’ ഭഗവാനെ പിരിഞ്ഞിരിക്കുന്ന കാര്യം അക്രൂരന് ആലോചിക്കവയ്യ. കണ്ണീരോടെ കനം തൂങ്ങിയ ഹൃദയത്തോടെ അദ്ദേഹം യാചിച്ചു. ‘എന്നെ ഉപേക്ഷിക്കരുതേ ഭഗവാനേ, ഞാന്‍ അവിടുത്തെ വിനീതഭൃത്യനല്ലോ. ഞങ്ങളുടെ വീടിനെ അവിടുത്തെ പാദരേണുക്കള്‍ കൊണ്ട് പവിത്രമാക്കിയാലും. അങ്ങനെയാണല്ലോ പിതൃക്കളും ദേവന്മാരും സന്തുഷ്ടരാവുന്നത്. ഭക്തശിരോമണികള്‍ക്ക് മാത്രം പ്രാപ്യമായ പരമപദം മഹാരാജാവായ ബലിക്ക് ലഭിച്ചത് അവരെ പൂജിച്ചിട്ടാണല്ലോ. അവിടുത്തെ പാദസ്പര്‍ശം കൊണ്ട് പരിശുദ്ധമായ തീര്‍ത്ഥജലം മൂന്നു ലോകങ്ങളെയും പവിത്രമാക്കുന്നു. ആ തീര്‍ത്ഥത്താലാണല്ലോ സാഗരപുത്രന്‍മാരെ പുനര്‍ജീവിപ്പിച്ചത്. ദേവദേവപ്രഭോ, അവിടുത്തെ ഞാന്‍ നമസ്കരിക്കുന്നു.’
മഥുരാപുരിയിലെ തന്റെ കൃത്യനിര്‍വഹണത്തിനു ശേഷം ഭവനത്തില്‍ വരാമെന്ന് കൃഷ്ണന്‍ അക്രൂരന് ഉറപ്പു നല്‍കി. അക്രൂരന്‍ നഗരത്തിലേക്കു പോയി. കൃഷ്ണനും കൂട്ടരും നഗരത്തിനു പുറത്തു താവളമുറപ്പിച്ചു. എന്നിട്ട് നഗരം ചുറ്റിനടന്നു കണ്ടു. തന്റെ മുന്നില്‍ക്കണ്ട ഉജ്ജ്വലങ്ങളായ കോട്ടകളെ കൃഷ്ണന്‍ സാകൂതം വീക്ഷിച്ചു. നഗരത്തിലെ വാസ്തുകലാവൈദഗ്ദ്ധ്യവും സമ്പന്നതയും അദ്ദേഹം ആസ്വദിച്ചു. നഗരത്തിലെ പെണ്‍കൊടികള്‍ ആ രണ്ടു യുവകോമളന്മാരെ കണ്‍കുളുര്‍ക്കെ കണ്ടു.
കൃഷ്ണന്‍ ഒരു അലക്കുകാരനെ അവിടെ കണ്ടു. അവന്റെ കയ്യില്‍ നല്ലയിനും വസ്ത്രങ്ങളുണ്ടായിരുന്നു. കൃഷ്ണന്‍ പറഞ്ഞു: ‘എന്റെ ജ്യേഷ്ഠന്‍ ബലരാമനും എനിക്കും വേണ്ടി നല്ല വസ്ത്രങ്ങള്‍ തന്നാലും. നിനക്ക് തീര്‍ച്ചയായും അനുഗ്രഹം ലഭിക്കും.’ ധിക്കാരിയായ ആ അലക്കുക്കാരന്‍ കംസന്റെ ഭക്തനായിരുന്നു. അവന്‍ പുച്ഛത്തോടെ കൃഷ്ണന്റെ ആവശ്യത്തെ നിരാകരിക്കുകയാണ് ചെയ്തത്. കൃഷ്ണന്‍ നിഷ്പ്രയാസം അവന്റെ തല ചുമലില്‍നിന്നു് വേര്‍പെടുത്തി അവനെ വധിച്ചു. എന്നിട്ട് ജ്യേഷ്ഠനും അനുജനും തങ്ങള്‍ക്കാവശ്യമുളള വസ്ത്രങ്ങള്‍ എടുത്തു. കുറച്ച് കഴിഞ്ഞ് ഒരു നെയ്ത്തുക്കാരന്‍ അവര്‍ക്കു വേണ്ട ഉത്തരീയങ്ങളും മറ്റു വസ്ത്രങ്ങളും നല്‍കി. കൃഷ്ണന്‍ അവനെ അനുഗ്രഹിച്ചു. പിന്നീടവര്‍ സുദാമന്‍ എന്ന് പേരുളള പൂക്കാരനെ കണ്ടു. അവന്‍ കൃഷ്ണനെ പൂജിക്കുകതന്നെ ചെയ്തു. വര്‍ണ്ണശബളമായ പൂമാലകള്‍ കൊണ്ട് രാമകൃഷ്ണന്മാരെ അവന്‍ അലങ്കരിച്ചു. അവനില്‍ സംപ്രീതനായ കൃഷ്ണന്‍ അവനാവശ്യപ്പെട്ട വരങ്ങളെല്ലാം നല്‍കി. അവനും ആ നെയ്ത്തുകാരന്റേതു പോലെ ഒരേ ഒരു വരമേ ആവശ്യപ്പെട്ടുളളൂ– ഭഗവല്‍പാദപങ്കജങ്ങളിലുളള അചഞ്ചലഭക്തി.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF