സ നിത്യദോദ്വിഗ്നധിയാ തമീശ്വരം
പിബന്‍ വദന്‍ വാ വിചരന്‍ സ്വപന്‍ശ്വസന്‍
ദദര്‍ശ ചക്രായുധമഗ്രതോ യത-
സ്ത ദേവ രൂപം ദുരവാപമാപ (10-44-39 )

ഉടനേതന്നെ രണ്ടു ദ്വന്ദ്വയുദ്ധങ്ങള്‍ ആരംഭിച്ചു. ചാണൂരനും കൃഷ്ണനും, മുഷ്ടികനും ബലരാമനും. ആ മല്ലയുദ്ധം അത്ഭുതകരമായൊരു കാഴ്ച തന്നെയായിരുന്നു. രാമകൃഷ്ണന്മാര്‍ മല്ലവീരന്മാരുടെ ചാതുര്യത്തോടെ അസാധരണ ശക്തിയോടെ ഉര്‍ജ്ജ്വസ്വലരായി ചാണൂരനും മുഷ്ടികനുമായി പോരാടി. എന്നാല്‍ കാണികള്‍ – പ്രത്യേകിച്ചും സ്ത്രീജനങ്ങള്‍ അതുല്യരായവരുടെ മത്സരത്തില്‍ ധാര്‍മ്മികരോഷം പൂണ്ടു. ‘ഇത്‌ അധാര്‍മ്മികമാണ്‌.’ അവര്‍ പരസ്പരം പറഞ്ഞു. ‘നമുക്കിവിടെനിന്നു്‌ തിരിച്ചു പോകാം. കാരണം ഇവിടെ അനീതിയും അധര്‍മ്മവും നടമാടുന്നു. ഇവിടെ നിന്നാല്‍ നാമും ഈ അക്രമത്തിനു കൂട്ടുനില്‍ക്കുന്നതിനു തുല്യമാവും. ഈ യുവകോമള ബാലന്മാര്‍ മുഷ്കരും മല്ലയുദ്ധവീരന്മാരുമായ ചാണൂരനോടും മുഷ്ടികനോടും കിടപിടിക്കുന്നുതെങ്ങനെ? ആ ബാലന്മാര്‍ എത്ര സുന്ദരന്മാരും മനം മയക്കുന്നുവരുമാണ്‌. വ്രജത്തിലെ സ്ത്രീജനങ്ങള്‍ ഭാഗ്യം ചെയ്തവര്‍ തന്നെ. ദിനവും അവരുടെ കണ്ണുകള്‍ ഈ ബാലന്മാരെ കാണുകയെന്ന അമൃതുണ്ണുന്നുവല്ലോ.’

കൃഷ്ണന്‍ ചാണൂരനെ വധിക്കാന്‍ തീരുമാനിച്ചു. യുദ്ധം അവസാനഘട്ടത്തിലെത്തി. ചാണൂരന്‍ കൃഷ്ണനെ നിലത്തേക്കെറിഞ്ഞ് ആഞ്ഞടിച്ചു. കൃഷ്ണനത്‌ തട്ടിമാറ്റി ചാണൂരന്റെ കൈയില്‍പ്പിടിച്ചുയര്‍ത്തി തലയ്ക്കു ചുറ്റും ചുഴറ്റി നിലത്തടിച്ചു. അസുരന്റെ കഥ കഴിഞ്ഞു. അതേ സമയം ബലരാമന്‍ മുഷ്ടികനെയും വകവരുത്തി. രക്തം വമിച്ച്‌ അവനും മരിച്ചു വീണു. രണ്ടുപേരുടേയും അനുയായികള്‍ രാമകൃഷ്ണന്മാര്‍ക്കു നേരെ പാഞ്ഞടുത്തുവെങ്കിലും അവരെയും ജ്യേഷ്ഠാനുജന്മാര്‍ വകവരുത്തി. മറ്റുളളവര്‍ ഓടി രക്ഷപ്പെട്ടു.

ക്രോധാകുലനായി കംസന്‍ അലറി: ‘ധിക്കാരികളായ ഇവരെ പിടികൂടി എന്റെ രാജ്യത്തു നിന്നും നാടുകടത്തുക. അവരുടെ അഛനായ വസുദേവനെ വധിക്കുക. എന്റെ അഛനായ ഉഗ്രസേനനേയും കൊന്നുകളയയണം.’ എന്നാല്‍ കൃഷ്ണന്‍ കംസന്റെ ഇരിപ്പിടത്തിലേക്ക്‌ ചാടിക്കയറി കംസനെ കൈപിടിച്ച്‌ കളരിയിലേക്ക്‌ വലിച്ചിറക്കി. കംസന്‌ വാളൂരാന്‍ പോലും സമയം കിട്ടിയില്ല. കൃഷ്ണന്‍ കംസന്റെ നെഞ്ചിലേക്ക്‌ ചാടിക്കയറി. കംസന്‍ മരിച്ചു. എന്നാല്‍ രാപകല്‍ ശ്വാസഗതിയിലും ഊണിലും ഉറക്കത്തിലും നടത്തയിലും സംസാരത്തിലും കംസന്‍ കൃഷ്ണനെപ്പറ്റി സദാ ചിന്തിച്ചു കൊണ്ടിരുന്നതിനാല്‍ തുലോം അപ്രാപ്യമായ ആ നിര്‍വ്വാണപദത്തെത്തന്നെ പ്രാപിച്ചു.

കംസന്റെ എട്ടു സഹോദരന്മാരും രാമകൃഷ്ണന്മാരുടെ നേര്‍ക്കു തിരിഞ്ഞു. ബലരാമന്‍ അവരെയെല്ലാം വകവരുത്തി. കൃഷ്ണന്റെ മേല്‍ പുഷ്പവൃഷ്ടിയുണ്ടായി. സ്വര്‍ഗ്ഗഗായകര്‍ ഭഗവദ്മഹിമകള്‍ പാടിപ്പുകഴ്ത്തി. മരണപ്പെട്ട രാക്ഷസരുടെ ഭാര്യമാരൊഴികെ എല്ലാവരും സന്തോഷിച്ചു. അവര്‍ ഇങ്ങനെ പറഞ്ഞു: ‘ഭോജരാജനായ അങ്ങേക്ക്‌ ധാര്‍മ്മിക രീതികളെപ്പറ്റി നന്നായറിയാമായിരുന്നു. എന്നിട്ടും അങ്ങ്‌ ദയവേതുമില്ലാതെ ധര്‍മ്മിഷ്ഠരായ മനുഷ്യരെ ദ്രോഹിച്ച്‌ നിര്‍ദ്ദോഷികളായവര്‍ക്ക്‌ പറയാനരുതാത്ത കഷ്ടനഷ്ടങ്ങള്‍ വരുത്തി. അങ്ങനെയാണല്ലോ അവിടേക്ക് ഈ അവസ്ഥ വന്നുചേര്‍ന്നത്‌. നിര്‍ദ്ദോഷികള്‍ക്ക്‌ ദ്രോഹം ചെയ്യുന്നുവര്‍ക്ക്‌ ഇഹലോകത്തില്‍ സന്തുഷ്ടിയൊന്നും പ്രതീക്ഷിക്കുക വയ്യ. കൃഷ്ണനെ അനാദരിക്കുന്നുവര്‍ക്കൊന്നും അഭിവൃദ്ധി ഉണ്ടാവുകയില്ലെന്നും നാം കണ്ടു. ഭഗവാന്‍ വിശ്വത്തിന്റെ സംരക്ഷകനും പരിപാലകനുമത്രെ.’ കൃഷ്ണന്‍ സ്വയം അവരെ സമാധാനിപ്പിച്ചു. അതിനുശേഷം തന്റെ മാതാപിതാക്കളായ വസുദേവനെയും ദേവകിയെയും കാരാഗൃഹത്തില്‍ നിന്നും മോചിപ്പിച്ചു. അവരുടെ കാല്‍ക്കല്‍ വീണു നമസ്കരിച്ചു. അവരാകട്ടെ നിശ്ശബ്ദരായി നിന്നുപോയി. ദിവ്യതയുടെ അവതാരപുരുഷനാണ്‌ തങ്ങളുടെ കാല്‍ക്കല്‍ വീണു നമസ്കരിക്കുന്നുതെന്ന്‌ അവര്‍ക്കറിയാമായിരുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF