പ്രഭവൗ സര്‍വവിദ്യാനാം സര്‍വജ്ഞൗ ജഗദീശ്വരൗ
നാന്യസിദ്ധാമലജ്ഞാനം ഗൂഹമാനൗ നരേഹിതൈഃ (10-45-30)
അഥോ ഗുരുകുലേ വാസമിച്ഛന്താവു പജഗ്മതുഃ
കാശ്യം സാന്ദീപനിം നാമ ഹ്യവന്തീപുരവാസിനം (10-45-31)
യഥോപസാദ്യ തൗ ദാന്തൗ ഗുരൗ വൃത്തിമനിന്ദിതാം
ഗ്രാഹയന്താവുപേതൗ സ്മ ഭക്ത്യാ ദേവമിവാദൃതൗ (10-45-32)

ശുകമുനി തുടര്‍ന്നു:
തന്റെ മാതാപിതാക്കളോടുളള പരമപ്രേമം കൊണ്ട്‌ കൃഷ്ണന്‍ അവരുടെ മനസ്സിലെ മായയുടെ മൂടുപടം നിക്കി. സ്നേഹപൂര്‍വ്വം ‘അഛാ’ ‘അമ്മേ’ എന്ന്‌ വിളിച്ച്‌ തന്റെ ശൈശവകാല സഹവാസം കൊണ്ട്‌ അവര്‍ക്ക്‌ ആനന്ദമേകാന്‍ കഴിയാത്തതില്‍ അവരോട്‌ മാപ്പിരന്നു. ‘സ്വന്തം മാതാപിതാക്കളെ സേവിക്കാത്ത മക്കള്‍ക്ക്‌ ഇഹലോകത്തും യമലോകത്തും കിട്ടുന്ന ശിക്ഷ ഭയങ്കരമായിരിക്കും. വയസ്സു ചെന്ന അച്ഛനമ്മമാരെ പരിരക്ഷിക്കാത്ത മക്കള്‍ ജീവിച്ചിരിപ്പുണ്ടെങ്കിലും ചത്തതിനു സമമത്രെ.’ കൃഷ്ണന്‍ പറഞ്ഞു. വസുദേവരും ദേവകിയും ആനന്ദചിത്തരായി മകനെ ഗാഢം പുണര്‍ന്നു.

പിന്നീട്‌ കൃഷ്ണന്‍ കംസന്റെ പിതാവായ ഉഗ്രസേനനെ വീണ്ടും രാജാവായി വാഴിച്ചു. തങ്ങളെ ദ്രോഹിച്ചിരുന്ന കംസന്റെ മരണവാര്‍ത്തയറിഞ്ഞ് സ്വയം രാജ്യം വിട്ടുപോയിരുന്നുവരും മറ്റും തിരിച്ചെത്തിയിരുന്നു. കൃഷ്ണന്‍ നന്ദഗോപരോട്‌ പറഞ്ഞു: ‘അവിടുന്ന് ഞങ്ങളോട്‌ ഏറ്റവും സ്നേഹവും മമതയും കാണിച്ചിട്ടുളള ആളാണ്‌. അഛനമ്മമാര്‍ ഉപേക്ഷിച്ച ശിശുവിനെ സ്വന്തം ശിശുവായെണ്ണി സ്നേഹവാത്സല്യങ്ങള്‍ നല്‍കി പരിപാലിച്ചവര്‍ തന്നെയാണ്‌ അവന്റെ യഥാര്‍ത്ഥ മാതാപിതാക്കള്‍ . ഇപ്പോള്‍ ദയവായി വ്രജത്തിലേയ്ക്കു തിരിച്ചു പോയാലും. ഞാന്‍ താമസിയാതെ അങ്ങോട്ടു വന്നുകൊളളാം. ഭഗവാന്‍ അവര്‍ക്ക്‌ നിറയെ സമ്മാനങ്ങളും നല്‍കിയാണ്‌ വൃന്ദാവനത്തിലേക്കു പറഞ്ഞയച്ചത്. മനമില്ലാമനസ്സോടെ നന്ദഗോപര്‍ കൃഷ്ണനോട്‌ വിടപറഞ്ഞു.

അധികം താമസിയാതെ വസുദേവന്‍ രാമകൃഷ്ണന്മാര്‍ക്ക്‌ ഉപനയനം നടത്തി. അവര്‍ ബ്രഹ്മചര്യാശ്രമത്തിലേക്ക്‌ കടന്നു. അവര്‍ തീര്‍ച്ചയായും എല്ലാ ശാസ്ത്രങ്ങളിലും കലകളിലും നിപുണരായിരുന്നു. അവര്‍ പരമമായ ആ വിജ്ഞാനത്തിനുടമകളാണല്ലോ. എങ്കിലും അതു മറച്ചുവച്ച്‌ സാന്ദീപനിയുടെ ആശ്രമത്തില്‍ ഗുരുകുലവാസമാഗ്രഹിച്ച്‌ ചെന്നു. അവിടെയവര്‍ ഗുരുവിനെ അതീവ ഭക്തിയോടെ സേവിച്ചു. ഒരുവന്‌ തന്റെ ഗുരുവിനോടുണ്ടാവേണ്ട ഭക്തി എങ്ങനെ വേണമെന്നതിന്‌ അവര്‍ ഉത്തമോദാഹരണങ്ങളായി.

അവിടെ അവര്‍ എല്ലാ വേദശാസ്ത്രങ്ങളും കലകളും പഠിച്ചു. പാഠങ്ങള്‍ ഒരിക്കല്‍ കേട്ടാല്‍ തന്നെ അവരതില്‍ നിപുണരായിത്തീര്‍ന്നു. വിദ്യാഭ്യാസം കഴിഞ്ഞ്‌ ഗുരുകുലം വിടാറായപ്പോള്‍ ഗുരുദക്ഷിണയായി എന്തുവേണമെന്നവര്‍ ഗുരുവിനോടാരാഞ്ഞു. ശിഷ്യരുടെ ദിവ്യതയെപ്പറ്റി നല്ല അറിവുണ്ടായിരുന്ന സാന്ദീപനി സമുദ്രത്തില്‍ മുങ്ങിമരിച്ചുപോയ തന്റെ മകനെ തിരികെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.

ഉടനേ തന്നെ കൃഷ്ണന്‍ സമുദ്രത്തില്‍ ചെന്ന്‌ അവിടത്തെ അധിദേവതയെ കണ്ടു. പഞ്ചജനന്‍ എന്നൊരസുരനാണ്‌ യുവാവിനെ വകവരുത്തിയതെന്നു വരുണന്‍ പറഞ്ഞു. സമുദ്രത്തിലിറങ്ങി പഞ്ചജനനെ കൃഷ്ണന്‍ വധിച്ചു. അസുരന്റെ രൂപം ഒരു ശംഖിന്‍റേതായിരുന്നു. പാഞ്ചജന്യം. അസുരനെ കൊന്നെങ്കിലും ഗുരുപുത്രനെ കണ്ടെത്തിയില്ല. കൃഷ്ണന്‍ യമലോകത്തു ചെന്ന് ശംഖൂതി. ഇതുകേട്ട്‌ യമരാജന്‍ പുറത്തു വന്നു്‌ യുവാവിനെ ജീവിപ്പിച്ച്‌ കൃഷ്ണനു മുന്നില്‍ നിര്‍ത്തി. ഗുരു കൃഷ്ണനില്‍ സംപ്രീതനായി. സാന്ദീപനി പറഞ്ഞു: ‘നിന്നെപ്പോലുളള ശിഷ്യന്മാരുളള ഗുരുക്കന്‍മാര്‍ ഭാഗ്യം ചെയ്തവരത്രെ. അവരുടെ ആഗ്രഹങ്ങളെല്ലാം ക്ഷണേന സാധിക്കപ്പെടുന്നു. നിന്റെ മഹിമ എല്ലാവരെയും പവിത്രമാക്കട്ടെ.’

രാമകൃഷ്ണന്മാര്‍ മധുരയ്ക്കു മടങ്ങി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF