താ മന്‍മനസ്കാ മത്‌ പ്രാണാ മദര്‍ത്ഥേ ത്യക്തദൈഹികാഃ
മാമേവ ദയിതം പ്രേഷ്ഠമാത്മാനം മനസാ ഗതാഃ
യേത്യക്തലോകധര്‍മ്മാശ്ച മദര്‍ത്ഥേ താന്‍ ബിഭര്‍മ്മ്യഹം (10-46-4)
യുവയോരേവ നൈവായമാത്മജോ ഭഗവാന്‍ ഹരിഃ
സര്‍വേഷാമാത്മജോ ഹ്യാത്മാ പിതാ മാതാ സ ഈശ്വരഃ (10-46-42)

ശുകമുനി തുടര്‍ന്നു:
ഉദ്ധവന്‍ കൃഷ്ണന്റെ ആത്മമിത്രമായിരുന്നു. ഒരു ദിവസം കൃഷ്ണന്‍ ഉദ്ധവനോട്‌ പറഞ്ഞു: ‘സുഹൃത്തേ, വൃന്ദാവനംവരെ ഒന്നു പോയി വരൂ. അങ്ങനെ എനിയ്ക്കു വേണ്ടി അവിടെയുളള ഗോപികമാര്‍ക്ക്‌ അല്പം ആശ്വാസം നല്‍കിയാലും. വ്രജത്തിലെ സ്ത്രീജനങ്ങള്‍ എന്നെ പിരിഞ്ഞതിലുളള വിരഹദുഃഖത്തീയില്‍ കഴിയുന്നു. എന്നെ വീണ്ടും കാണാന്‍ കഴിയുമെന്നുളള പ്രത്യാശ മാത്രമാണവരെ ജീവിപ്പിക്കുന്നത്‌. അവരുടെ മനസ്സ്‌ എന്നില്‍ വിലീനമായിരിക്കുന്നു. ഞാന്‍ അവരുടെ ജീവനത്രെ. എനിക്കുവേണ്ടി എല്ലാ ലൗകികബന്ധങ്ങളും കടമകളും അവരുപേക്ഷിച്ചു. ഞാന്‍ അവരുടെ ഏകാശ്രയമത്രെ.’

ഉദ്ധവര്‍ ഉടനെ വ്രജത്തിലേക്ക്‌ പുറപ്പെട്ടു. പശുക്കള്‍ പുല്ലു മേഞ്ഞു നടക്കുന്ന നേരത്താണ്‌ ഉദ്ധവര്‍ വ്രജത്തിലെത്തിയത്‌. യാഗാഗ്നിയേയും ബ്രാഹ്മണരേയും ആരാധിച്ചു പൂജിക്കുന്ന വ്രജത്തിലെ ഗ്രാമവീഥികളിലൂടെ ഉദ്ധവര്‍ കടന്നുപോയി. ഒടുവില്‍ നന്ദഗോപരുടെ വീട്ടിലെത്തി. നന്ദന്‍ മഥുരയിലെ ബന്ധുമിത്രാദികളുടെ സൗഖ്യമാരാഞ്ഞു. അദ്ദേഹം അതീവ സന്തുഷ്ടനായി പ്രത്യേകിച്ച്‌ ബലരാമനെയും കൃഷ്ണനെയും കുറിച്ച്‌ ചോദിച്ചറിഞ്ഞു. കൃഷ്ണന്റെ ബാല്യകാലലീലകള്‍ അദ്ദേഹം ഓര്‍മ്മിച്ചു. അവ വ്രജവാസികള്‍ക്ക്‌ നിത്യപാഠമായിരുന്നുവല്ലോ. വികാരപാരവശ്യം കൊണ്ട്‌ അദ്ദേഹത്തിന്‌ കൃഷ്ണലീലകള്‍ അധികം വര്‍ണ്ണിക്കാനായില്ല. കൃഷ്ണന്റെ കഥകള്‍ കേട്ട്‌ യശോദ തുടരെ തുടരെ കണ്ണീരൊഴുക്കി വിവശയായിരുന്നു.

അവരുടെ കൃഷ്ണപ്രേമം കണ്ടു മനസ്സലിഞ്ഞ ഉദ്ധവര്‍ പറഞ്ഞു: ‘നിങ്ങളുടെ കൃഷ്ണപ്രേമം അന്യാദൃശ്യമത്രെ. ബലരാമനെയും കൃഷ്ണനെയും നിങ്ങള്‍ സ്വപുത്രന്മാരായി കണക്കാക്കുന്നു എന്നതു ശരിതന്നെയെങ്കിലും യഥാര്‍ത്ഥത്തില്‍ എല്ലാ സൃഷ്ടികളുടെയും ദ്രവ്യപരവും ഊര്‍ജ്ജപരവുമായ കാരണമത്രെ അവര്‍. അവരെ നിങ്ങള്‍ക്ക്‌ പുത്രന്മാരായി ലഭിച്ചു എന്നത്‌ നിങ്ങളുടെ സൗഭാഗ്യമത്രെ. എന്നാല്‍ കൃഷ്ണന്‌ അഛനോ അമ്മയോ പുത്രനോ ബന്ധുമിത്രാദികളോ ഇല്ല തന്നെ. കാരണം കൃഷ്ണന്‍ നിങ്ങള്‍ കാണുന്ന ആ ഭൗതികശരീരമല്ല. എങ്കിലും അദ്ദേഹം പലേ ജന്തുവര്‍ഗ്ഗങ്ങളിലും അവതാരമെടുക്കുന്നു. കൃഷ്ണന്‍ നിങ്ങളുടെ മകന്‍ മാത്രമല്ല. അദ്ദേഹം ഭഗവാന്‍ ഹരിയാണ്‌. എല്ലാത്തിന്‍റേയും ആത്മസത്തയും എല്ലാവരുടെയും മകനുമത്രേ കൃഷ്ണന്‍. അല്ല, അദ്ദേഹം എല്ലാവരുടേയും അഛനും അമ്മയും ഭഗവാനുമത്രെ. യാതൊന്നു കാണപ്പെടുന്നുവോ കേള്‍ക്കപ്പെടുന്നുവോ, ചരമോ അചരമോ ചെറുതോ വലുതോ അതെല്ലാം, ഭൂതവര്‍ത്തമാനഭാവികാലങ്ങളില്‍ നിലനില്‍ക്കുന്നുതെന്തോ അതെല്ലാം, ഭഗവാന്‍ കൃഷ്ണനില്‍ നിന്നും വേറിട്ടു നിലനില്‍ക്കുന്നില്ല. ഭഗവാന്‍ സ്വയം എല്ലാറ്റിന്‍റേയും ഉള്ളിലെ സത്യസ്വരൂപമത്രെ.’ ഇങ്ങനെ കൃഷ്ണനെപ്പറ്റി പറഞ്ഞുകൊണ്ട്‌ അവര്‍ രാത്രി കഴിച്ചു കൂട്ടി.

സൂര്യോദയമായപ്പോള്‍ നന്ദഗൃഹത്തിനുമുന്‍പില്‍ രാജകീയ വാഹനം കണ്ട്‌ ഗോപികമാര്‍ കൃഷ്ണനെ കൊണ്ടു പോകാന്‍ അക്രൂരന്‍ വന്ന കാര്യമോര്‍ത്തു. അപ്പോഴാണല്ലോ തങ്ങളുടെ ജീവനെത്തന്നെ നീക്കുന്ന മട്ടില്‍ അക്രൂരന്‍ കൃഷ്ണനെ കൊണ്ടുപോയത്‌. അക്രൂരന്‍ വീണ്ടും വന്നിരിക്കുകയാണോ എന്നവര്‍ അത്ഭുതപ്പെട്ടു. ഇപ്പോള്‍ എന്താണയാള്‍ക്കു കൊണ്ടുപോവാനുളളത്‌? ആ സമയത്ത്‌ ഉദ്ധവര്‍ കുളിയും തേവാരവും കഴിഞ്ഞ്‌ നദിക്കരയില്‍ നിന്നും മടങ്ങിയെത്തി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF