ഭവതീനാം വിയോഗോ മേ നഹി സര്‍വാത്മനാ ക്വചിത്
യഥാ ഭൂതാനി ഭൂതേഷു ഖം വായ്വഗ്നിര്‍ജ്ജലം മഹീ
തഥാഹം ച മനഃപ്രാണ ഭൂതേന്ദ്രിയഗുണാശ്രയഃ (10-47-29)
ആത്മേന്യവാത്മനാത്മാനം സൃജേ ഹന്‍മ്യനുപാലയേ
ആത്മമായാനുഭാവേന ഭൂതേന്ദ്രിയഗുണാത്മനാ (10-47-30)
ആത്മാ ജ്ഞാനമയഃ ശുദ്ധോ വ്യതിരിക്തോഽഗുണാന്വയഃ
സുഷുപ്തിസ്വപ്നജാഗ്രത്ഭിര്‍മ്മായാവൃത്തിഭിരീയതേ (10-47-31)
യേനേന്ദ്രിയാര്‍ത്ഥാന്‍ ധ്യായേത മൃഷാ സ്വപ്നവദുത്ഥിതഃ
തന്നിരുന്ധ്യാദിന്ദ്രിയാണി വിനിദ്രഃ പ്രത്യപദ്യത (10-47-32)
ഏതദന്തഃ സമാമ്നായോ യോഗഃ സാംഖ്യം മനീഷിണാം
ത്യാഗസ്തപോ ദമഃ സത്യം സമുദ്രാന്താ ഇവാപഗാഃ (10-47-33)
ശുകമുനി തുടര്‍ന്നു:
ഗോപികമാര്‍ ഉദ്ധവനെ കണ്ടു. കൃഷ്ണന്‍റേതുപോലെ തന്നെയാണ് വേഷം. കൃഷ്ണഭക്തനും സുഹൃത്തുമാണ് ഉദ്ധവന്‍ എന്നവര്‍ തിരിച്ചറിഞ്ഞു. അവര്‍ അദ്ദേഹത്തെ സ്വീകരിച്ചു വണങ്ങി കൃഷ്ണനെപ്പറ്റി അന്വേഷിച്ചു. ‘അവിടുന്ന് ഭഗവാന്റെ സുഹൃത്തും ദൂതനുമാണെന്നു ഞങ്ങള്‍ക്കറിയാം. തീര്‍ച്ചയായും കൃഷ്ണന്റെ മാതാപിതാക്കളെ കാണാന്‍ വന്നതുമാണ്. വ്രജത്തില്‍ അദ്ദേഹം ഓര്‍മ്മിക്കേണ്ടതായി മറ്റെന്താണുളളത്? ആളുകള്‍ – സന്ന്യാസികള്‍പോലും – അവരുടെ ബന്ധുമിത്രാദികളെപ്പറ്റി ഓര്‍മ്മിക്കും. എന്നാല്‍ ചിലര്‍ കാര്യം കണ്ടുകഴിയുമ്പോള്‍ സൗഹൃദമെല്ലാം ഉപേക്ഷിച്ചുകളയും.’ എന്നാല്‍ ഗോപികമാര്‍ കൃഷ്ണന്റെ ബാല്യലീലകളെപ്പറ്റി ഓര്‍ക്കാനും പറയാനും തുടങ്ങി. അവരുടെ ഹൃദയങ്ങള്‍ കൃഷ്ണപ്രേമം കൊണ്ടും കണ്ണുകള്‍ കണ്ണീരുകൊണ്ടും നിറഞ്ഞിരുന്നു. ഒരു ഗോപിക ഒരു കരിവണ്ട് തനിക്കു ചുറ്റും മൂളികൊണ്ട് പാറിപ്പറക്കുന്നുതു കണ്ട് അതിനോടെന്ന മട്ടില്‍ ഉദ്ധവനോട് തനിക്കു പറയാനുളളത് മുഴുവന്‍ കൃഷ്ണപ്രേമപാരവശ്യത്താല്‍ ഇങ്ങനെ പറഞ്ഞു: ‘നീ ഇവിടെ എന്തിനാണ് വന്നത്? കൃഷ്ണഗാഥകളും മഹിമകളും ഞങ്ങളെ കേള്‍പ്പിച്ചതുകൊണ്ട് നിനക്കെന്താണ് നേട്ടം? ഞങ്ങളുടെ ഹൃദയം കവര്‍ന്നതിനുശേഷം കൃഷ്ണന്‍ ഞങ്ങളെ ഉപേക്ഷിച്ചു പോയി. ശരിതന്നെ. കൃഷ്ണന് ഞങ്ങളുടെ സ്നേഹം എന്തിനാണിനി? അവിടുത്തെ പാദപൂജചെയ്യാന്‍ സമ്പത്തിന്റെ ദേവതയായ സാക്ഷാല്‍ ലക്ഷ്മീദേവി തന്നെയുണ്ടല്ലോ. അവനുവേണ്ടി ഞങ്ങള്‍ സ്വന്തം വീടുകളും ബന്ധങ്ങളും ഉപേക്ഷിച്ചു. അദ്ദേഹത്തിനുവേണ്ടി ഞങ്ങളില്‍ പലരും ജന്മവാസനകളെയും ആഗ്രഹങ്ങളേയും വികാരങ്ങളെയും ഒതുക്കി. ഇഷ്ടാനിഷ്ടങ്ങളെ ഒഴിവാക്കി തപസ്വികളെപ്പോലെ ജീവിക്കുന്നു. അദ്ദേഹത്തിന്റെ പേരു കേള്‍ക്കുമ്പോഴേ ഞങ്ങള്‍ക്കുള്ളില്‍ കഠിനമായ വ്യഥയും പാരവശ്യവും ഉണ്ടാവുന്നു. പറയൂ, ഞങ്ങളെ കൃഷ്ണന്റെയടുത്തേക്ക് കൊണ്ടുപോകാമോ?’
കരിവണ്ടിനോടു പറഞ്ഞതിന്റെ പൊരുളറിഞ്ഞ ഉദ്ധവന്‍ മറുപടിയായി പറഞ്ഞു: ‘കൃഷ്ണന്റെ മഹനീയ ഭക്തകളേ, നിങ്ങള്‍ സ്വജീവിതം കൊണ്ട് ആത്മസാക്ഷാത്കാരത്തിന്റെ പാത വിരിച്ചിരിക്കുന്നു. അത് പരമപ്രേമത്തിന്‍റേതത്രെ. ഇനി കൃഷ്ണന്‍ നിങ്ങള്‍ക്കായി തന്നയച്ച പ്രത്യേക സന്ദേശം കേട്ടാലും. ‘നിങ്ങള്‍ക്ക് ഒരിക്കലും എന്നില്‍ നിന്നു് പിരിയുക സാദ്ധ്യമല്ല. കാരണം ഞാന്‍ സ്വയം ജീവനും എല്ലാറ്റിന്റെയും ആത്മാവുമത്രെ. ഈ വിശ്വത്തെ മുഴുവന്‍ ഞാന്‍ സൃഷ്ടിച്ചു സംരക്ഷിക്കുന്നു, സംഹരിക്കുന്നു. ഇവയെല്ലാം ഞാന്‍ സ്വയം എന്നില്‍ തന്നെ ചെയ്യുന്നുതാണ്. ആത്മാവ് സര്‍വ്വശുദ്ധവും ബോധം തന്നെയുമാണ്. അതിനെ ബോധത്തിന്റെ മൂന്നവസ്ഥകളിലുടെതന്നെ തേടി കണ്ടെത്തേണ്ടതാണ്. സ്വപ്നത്തില്‍ കണ്ട ഒരു വസ്തുവിനെപ്പോലെ ലോകത്തെ കാണാന്‍ കഴിയുന്ന ഒരു മാനസികാവസ്ഥയിലായിരിക്കണം. എല്ലാവിധ ആത്മീയസാധനകളും മനസ്സിനെ നിയന്ത്രിക്കാന്‍ ഉന്നം വച്ചുളളതത്രെ. ഇതിനായി നിങ്ങള്‍ ഭൗതികമായി എന്റെയടുത്ത് എപ്പോഴും ഉണ്ടാവണമെന്നില്ല. എന്നില്‍ നിന്നും അകന്നുനില്‍ക്കുമ്പോഴാണ് പലപ്പോഴും നിങ്ങള്‍ ആത്മീയമായി എന്നോടടുത്തു നില്‍ക്കുന്നത്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF