ഭാഗവതം നിത്യപാരായണം

ഉദ്ധവന്റെ മഥുരാഗമനം – ഭാഗവതം (267)

ഹേ നാഥ, ഹേ രാമനാഥ, വ്രജനാഥാര്‍ത്തിനാശന,
മഗ്നമുദ്ധര ഗോവിന്ദ, ഗോകുലം വൃജിനാര്‍ണ്ണവാത്‌ (10-47-52)
വന്ദേ നന്ദവ്രജസ്ത്രീണാം പാദരേണുമഭീക്ഷ്ണശഃ
യാസാം ഹരികഥോദ്ഗീതം പുനാതി ഭുവനത്രയം (10-47-63)
മനസോ വൃത്തയോ നഃ സ്യുഃ കൃഷ്ണപാദാംബുജാശ്രയാഃ
വാചോഽഭിധായിനീര്‍ന്നാമ്നം കായസ്തത്‌ പ്രഹ്വണാദിഷു (10-47-66)
കര്‍മ്മഭിര്‍ഭ്രാമ്യമാണാനാം യത്ര ക്വാപീശ്വരേച്ഛയാ
മംഗളാചരിതൈര്‍ദ്ദാനൈ രതിര്‍ന്നഃ കൃഷ്ണ ഈശ്വരേ (10-47-67)

ശുകമുനി തുടര്‍ന്നു:
കൃഷ്ണന്റെ സന്ദേശം കേട്ട്‌ ഗോപികമാര്‍ അതീവസന്തുഷ്ടരായി. അവര്‍ ഉദ്ധവനോട്‌ ചോദിച്ചു: ‘കൃഷ്ണനെ ഗാഢം സ്നേഹിക്കുന്ന ഞങ്ങളെ ഭഗവാന്‍ ഓര്‍മ്മിക്കുന്നുണ്ടോ? ചുറ്റുപാടും രാജകീയ വനിതകളുളളപ്പോഴും ഭഗവാന് ഞങ്ങളെ ഓര്‍മ്മയുണ്ടോ? നിങ്ങളെല്ലാം സംസാരിക്കുമ്പോള്‍ കൃഷ്ണന്‍ ഞങ്ങളെപ്പറ്റി പറയാറുണ്ടോ? രാസലീലാനൃത്തത്തിന്റെ മാസ്മരികതയെപ്പറ്റി കൃഷ്ണന്‍ പറഞ്ഞിട്ടുണ്ടോ? ഞങ്ങളുടെ വിരഹത്തീ കെടുത്താന്‍ അദ്ദേഹം എന്നെങ്കിലും തിരികെ വരുമോ? ആഗ്രഹങ്ങളില്ലാതിരിക്കലാണ്‌ സന്തോഷമുണ്ടാവാനുളള ഏക മാര്‍ഗ്ഗമെന്ന് ഞങ്ങള്‍ക്കറിയാമെങ്കിലും കണ്ണന്‍ ഒരുനാള്‍ തിരിച്ചുവരുമെന്നും ഭഗവാനുമായി ഒന്നിച്ചു ചേരാമെന്നും ഞങ്ങള്‍ ആശിച്ചു പോവുന്നു. വൃന്ദാവനത്തിലെ പുല്‍മേടുകളും പൈക്കളും കോലക്കുഴല്‍പ്പാട്ടും എല്ലാം ഞങ്ങളില്‍ കൃഷ്ണനെപ്പറ്റിയുളള ചിന്തകളുണ്ടാക്കുന്നു. ഞങ്ങളുടെ മനസ്സ്‌ എല്ലായ്പ്പോഴും കൃഷ്ണനില്‍ നിറഞ്ഞിരിക്കുന്നു. ഭഗവാനേ, ലക്ഷ്മീപതേ, വൃന്ദാവനാധിപാ, അവിടത്തേക്കു മാത്രമേ ഞങ്ങളുടെ ദുരിതമവസാനിപ്പിക്കാന്‍ കഴിവുളളൂ. ഗോകുലത്തെ ദുരിതസമുദ്രത്തില്‍ നിന്നു കരകയറ്റിയാലും.’

ഗോപികമാര്‍ പരമഭക്തിയുടെ ഭൗതികരൂപമെന്നു മനസിലാക്കി ഉദ്ധവന്‍ കുറേ മാസങ്ങള്‍ അവരുടെ കൂടെ ചെലവഴിച്ചു. അവര്‍ എല്ലായ്പ്പോഴും കൃഷ്ണനെക്കുറിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. അദ്ദേഹം ആലോചിച്ചു: ‘ഈ നിഷ്ക്കളങ്കരായ ഗോപികമാര്‍ നരജന്മസാഫല്യം നേടിയിരിക്കുന്നു. എന്നാല്‍ പൂജകളിലും യാഗങ്ങളിലുമേര്‍പ്പെട്ടിരിക്കുന്ന പൂജാരികളും പണ്ഡിതന്മാരും അവരുടെ സമയം വൃഥാവിലാക്കുകയത്രേ ചെയ്യുന്നത്‌. ഈ ഗോപികമാര്‍ പാപപങ്കിലമെന്ന് തോന്നിയേക്കാവുന്ന ജീവിതം നയിച്ചു കൊണ്ടാണെങ്കിലും മഹാത്മാക്കളേക്കാളും ബ്രാഹ്മണരേക്കാളും ദിവ്യമായ ജീവിതമാണ്‌ നയിക്കുന്നത്‌. കാരണം, അവരിലെ കൃഷ്ണപ്രേമം അന്യാദൃശ്യമത്രെ. അടുത്ത ജന്മത്തില്‍ ഈ വൃന്ദാവനത്തിലെ ഒരു ചെടിയോ പുല്‍നാമ്പോ ആയി ജനിക്കാന്‍ എനിക്കു ഭാഗ്യമുണ്ടാകട്ടെ. അങ്ങനെ ഈ ഗോപികമാരുടെ പാദരേണുക്കളണിഞ്ഞു ഞാന്‍ അനുഗൃഹീതനാവട്ടെ. മൂന്നു ലോകങ്ങളിലും കൃഷ്ണമഹിമകള്‍ പാടി പവിത്രമാക്കുന്ന ഈ ഗോപസ്ത്രീകളുടെ പാദരേണുക്കളെ ഞാന്‍ നമസ്കരിക്കുന്നു.’

ഉദ്ധവര്‍ മഥുരയ്ക്കു മടങ്ങാനായി നന്ദഗോപരോട്‌ യാത്ര പറഞ്ഞു. വ്രജവാസികള്‍ പറഞ്ഞു: ‘ഞങ്ങളുടെ മനസ്സും ചിന്തകളും എല്ലായ്പ്പോഴും കൃഷ്ണന്റെ പാദാരവിന്ദങ്ങളിലാവട്ടെ. ഞങ്ങളുടെ ഓരോ വാക്കും അവിടുത്തെ പ്രകീര്‍ത്തിക്കാനാവട്ടെ. സര്‍വ്വാന്തര്യാമിയായ അവിടുത്തെ സേവിക്കാനും കുമ്പിടുവാനുമായി ഈ ദേഹങ്ങള്‍ ഞങ്ങളിതാ സമര്‍പ്പിക്കുന്നു. ഞങ്ങളുടെ വിധിയെന്തുതന്നെയായിരുന്നാലും ഞങ്ങള്‍ക്കെന്നും കൃഷ്ണഭക്തിയുണ്ടാകുമാറാകട്ടെ.’

ഉദ്ധവന്‍ മഥുരക്ക്‌ മടങ്ങി കൃഷ്ണനോട്‌ എല്ലാം വിശദമായി പറഞ്ഞു കേള്‍പ്പിച്ചു. എന്നിട്ട്‌ കൃഷ്ണന്റെ കാല്‍ക്കല്‍ വീണ്‌ ആ പാദങ്ങളെ തന്റെ പരമഭക്തിയുടെ കണ്ണീരുകൊണ്ടഭിഷേകം ചെയ്തു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF

Back to top button