ദുരാരാദ്ധ്യം സമാരാദ്ധ്യ വിഷ്ണും സര്‍വ്വേശ്വരേശ്വരം
യോ വൃണീതേ മനോഗ്രാഹ്യമസത്ത്വാത് കുമനീഷ്യസൗ (10-48-11)
ഛിന്ധ്യാശു നഃ സുതകളത്രധനാപ്തഗേഹ
ദേഹാദിമോഹരശനാം ഭവദീയമായാം (10-48-27)
ഭവദ്വിധാ മഹാഭാഗാ നിഷേവ്യാ അര്‍ഹസത്തമാഃ
ശ്രേയസ്ക്കാമൈര്‍നൃഭിര്‍ന്നിത്യം ദേവാഃ സ്വാര്‍ത്ഥാ ന സാധവഃ (10-48-30)
ന ഹ്യമ്മയാനി തീര്‍ത്ഥാനി ന ദേവാ മൃച്ഛിലാമയാഃ
തേ പുനന്ത്യുരുകാലേന ദര്‍ശനാദേവ സാധവഃ (10-48-31)
ശുകമുനി തുടര്‍ന്നു:
ഭഗവാന്‍ കൃഷ്ണന്‍ ത്രിവക്രയോടു ചെയ്ത വാഗ്ദാനമോര്‍മ്മിച്ചു. ത്രിവക്രയെന്ന കൂനുളള ദാസിക്ക് ആരോഗ്യവും സൗന്ദര്യവും കൃഷ്ണന്‍ നല്‍കിയിരുന്നുവല്ലോ. ഉദ്ധവനുമായി അദ്ദേഹം അവളെ സന്ദര്‍ശിച്ചു. അവള്‍ അതീവ സന്തോഷവതിയായി അതിഥികള്‍ക്ക് ഇരിപ്പിടം നല്‍കി. എന്നിട്ട് കുളിച്ച് ആടയാഭരണങ്ങളണിഞ്ഞു. ലജ്ജാവതിയായി ഒതുങ്ങി നിന്നിരുന്ന ത്രിവക്രയെ അടുപ്പിച്ചു നിര്‍ത്തി കൃഷ്ണന്‍ അവളുടെ മാറിടങ്ങളില്‍ സ്വന്തം പാദങ്ങളമര്‍ത്താന്‍ അനുവദിച്ചു. അവള്‍ കൃഷ്ണനെ ആലിംഗനം ചെയ്തു പുണര്‍ന്നു. അങ്ങനെ എല്ലാ ദുരിതങ്ങളില്‍നിന്നും അവള്‍ മോചിതയായി. കൃഷ്ണന്‍ അവളുടെ ആഗ്രഹപ്രകാരം അവിടെ കുറച്ചു നാള്‍ താമസിച്ചിട്ട് ഉദ്ധവനുമായി മടങ്ങി. ലഭിക്കാന്‍ ഏറെ പ്രയാസമുളള ഭഗവല്‍കൃപ ലഭിച്ചതിനുശേഷവും മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും ആഗ്രഹനിവൃത്തിക്കായി പരിശ്രമിക്കുന്നുവരുടെ കാര്യം നിര്‍ഭാഗ്യകരമെന്നേ പറയേണ്ടൂ.
കൃഷ്ണന്‍ അക്രൂരനു കൊടുത്ത വാഗ്ദാനവും ഓര്‍മ്മിച്ചു. ബലരാമനും ഉദ്ധവനുമൊരുമിച്ച് അദ്ദേഹത്തിന്റെ ഭവനത്തില്‍ കൃഷ്ണന്‍ സന്ദര്‍ശനം നടത്തി. അക്രൂരന്‍ സന്തോഷത്തിന്റെ ഉച്ചകോടിയിലായിരുന്നു. രാമകൃഷ്ണന്മാര്‍ പ്രായത്തില്‍ ചെറിയവരെങ്കിലും അവരുടെ ദിവ്യതയെന്തെന്ന് അക്രൂരനറിയാമായിരുന്നു. അക്രൂരനവരെ പൂജിച്ചിരുന്നു. അദ്ദേഹം പ്രാര്‍ത്ഥിച്ചു: ‘സകലചരാചരങ്ങള്‍ക്കും അന്തര്യാമിയായ അവിടുന്ന് ഭഗവാന്റെ അവതാരവും പരമശക്തിയുമത്രെ. അവിടുന്ന് വിശ്വത്തെ സൃഷ്ടിച്ച് സംരക്ഷിക്കുന്നു. അജ്ഞാനസീമക്കുമപ്പുറമാണങ്ങ്. കാലക്രമത്തില്‍ മാറ്റങ്ങളുണ്ടാവുന്ന ഈ ശരീരത്തില്‍ നിബദ്ധമല്ല അവിടുന്ന്. അവിടുന്ന് അജനും അനന്തനും അനശ്വരനുമത്രെ. ധര്‍മ്മപരിപാലനത്തിനായി സ്വേച്ഛാപ്രകാരം പരിപൂര്‍ണ്ണ സത്വസ്വരൂപമായ ഒരു ശരീരം സ്വീകരിച്ച് അവിടുന്നവതരിക്കുന്നു. സര്‍വ്വര്‍ക്കും സുഹൃത്തും എല്ലാം നല്‍കുന്നുവനും (അവിടുത്തെപ്പോലും) ആയ ഭഗവാന്റെ മുന്നിലല്ലാതെ ജ്ഞാനികള്‍ മറ്റൊരാളുടെയും പക്കല്‍ അഭയം യാചിക്കയില്ല തന്നെ. ഞങ്ങളുടെ പരമഭാഗ്യം കൊണ്ടാണ് അവിടുത്തെ പാദരേണുക്കള്‍ ഈ ഗൃഹത്തില്‍ പതിയാന്‍ ഇടയായത്. ഭഗവാനേ, സംപ്രീതനായാലും. പുത്രന്‍, ഭാര്യ, സമ്പത്ത്, സുഹൃത്തുക്കള്‍, ഗൃഹം, ശരീരം തുടങ്ങിയ എല്ലാ ബന്ധങ്ങളും അവിടുത്തെ തന്നെ മായയാണല്ലോ. അവകളെ അറുത്തു കളയാന്‍ ഞങ്ങളെ അനുഗ്രഹിച്ചാലും.’
കൃഷ്ണന്‍ പറഞ്ഞു: ‘ഞങ്ങള്‍ നിങ്ങള്‍ക്ക് മക്കളാണല്ലോ. നിങ്ങള്‍ കാരണവന്മാരും. ജ്ഞാനികള്‍ നിങ്ങളേപ്പോലുളളവരെയാണ് പൂജിക്കേണ്ടത്. ദേവനന്മാര്‍പോലും സ്വാര്‍ത്ഥമതികളത്രെ. എന്നാല്‍ അങ്ങയെപ്പോലുളള മഹാത്മാക്കള്‍ അങ്ങനെയല്ല. കുറെയേറെക്കാലത്തെ ഭക്തിസാധനകള്‍ കൊണ്ട് പുണ്യനദികളും ബിംബങ്ങളും ഭക്തനെ ശുദ്ധീകരിക്കുമെന്നതു ശരി തന്നെ. എന്നാല്‍ മഹാത്മാക്കളുടെ നോട്ടമൊന്നുകൊണ്ടു തന്നെ ഭക്തന്‍ പവിത്ര പാവനനാകുന്നു. ദയവുചെയ്ത് അങ്ങ് ഹസ്തിനപുരം വരെയൊന്നു പോയി അവിടത്തെ കാര്യങ്ങള്‍ അന്വേഷിച്ചു വരണം. പാണ്ഡവന്മാര്‍ അജ്ഞാതവാസം കഴിഞ്ഞ് മടങ്ങിയിരിക്കുന്നു. എന്നാല്‍ ദുഷ്ടപുത്രന്മാരുടെ പ്രേരണ കൊണ്ട് ധൃതരാഷ്ട്രമഹാരാജാവ് പാണ്ഡവന്മാരോട് നീതി കാട്ടാന്‍ മടി കാണിക്കുന്നു. അങ്ങു നേരില്‍ക്കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി വന്നിട്ട് ഞങ്ങളുടെ സുഹൃത്തുക്കളും ഭക്തരുമായവരുടെ രക്ഷയ്ക്കു വേണ്ടി ഉചിതമായി എന്തു ചെയ്യണമെന്നു തീരുമാനിക്കാം.’
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF