ജന്മകര്‍മ്മാഭിധാനാനി സന്തി മേങ്ഗ സഹസ്രശഃ
ന ശക്യന്തേഽനു സംഖ്യാതുമനന്തത്വാന്മയാപി ഹി (10-51-38)
ക്വചിന്ദ്രജാംസി വിമമേ പാര്‍ത്ഥിവാന്യുരുജന്മഭിഃ
ഗുണകര്‍മ്മാഭിധാനാനി ന മേ ജന്മാനി കര്‍ഹിചിത്‌ (10-51-39)

ശുകമുനി തുടര്‍ന്നു:
കൃഷ്ണന്‍ കോട്ടയ്ക്കുള്ളില്‍ നിന്നു പുറത്തു വന്നപ്പോള്‍ കാലയവനന്‍ കൃഷ്ണനെ ദ്വന്ദ്വയുദ്ധത്തിന്‌ വെല്ലുവിളിച്ചു. കൃഷ്ണന്‍ നിരായുധനായതിനാല്‍ യവനനും ആയുധങ്ങള്‍ വലിച്ചെറിഞ്ഞു. എന്നിട്ട്‌ കൃഷ്ണനെ പിടിക്കാന്‍ ചെന്നു. കൃഷ്ണന്‍ ഓടാനും തുടങ്ങി. എപ്പോഴും യവനന്‌ പിടികൊടുക്കും എന്ന മട്ടില്‍ ഓടിയോടി കൃഷ്ണന്‍ ഒരു ഗുഹയ്ക്കുള്ളില്‍ പ്രവേശിച്ചു. കാലയവനന്‍ കൃഷ്ണനു പിറകേ പരിഹാസം ചൊരിഞ്ഞുകൊണ്ട്‌ നിന്ദിച്ചു: ‘ശത്രുവില്‍ നിന്നും നീ ഓടിമാറുന്നതെന്താണ്‌?’ ഗുഹയില്‍ ആരോ കിടന്നുറങ്ങുന്നതു കണ്ട കാലയവനന്‍ അതു കൃഷ്ണനാണെന്നു തെറ്റിദ്ധരിച്ച്‌ അയാളെ തൊഴിച്ചു. ഉറങ്ങിക്കിടന്നയാള്‍ ഉണര്‍ന്ന് ഒരൊറ്റ നോട്ടം കൊണ്ട്‌ യവനനെ ഭസ്മമാക്കി.

അത്‌ മുചുകുന്ദനായിരുന്നു, മാന്ധാതാവിന്റെ മകന്‍ . അയാള്‍ ദേവന്മാരെ ഏറെക്കാലം കണ്ണിമ പൂട്ടാതെ സംരക്ഷിച്ചു. പിന്നീട്‌ ശിവകുമാരനായ ഗുഹന്‍ – സുബ്രഹ്മണ്യന്‍ – ദേവസൈന്യാധിപന്‍ ആയപ്പോള്‍ ദേവനന്മാര്‍ മുചുകുന്ദനെ ജോലിയില്‍ നിന്നും ഒഴിവാക്കി. അവനോട്‌ എന്ത്‌ വരമാണ്‌ വേണ്ടതെന്നാരാഞ്ഞു. മുചുകുന്ദന്‌ ആരുടെയും തടസ്ഥം കൂടാതെ ഉറങ്ങണമെന്നായിരുന്നു ആഗ്രഹം. ദേവന്‍മാര്‍ വരം നല്‍കി. മുചുകുന്ദന്റെ നിദ്രക്ക്‌ ഭംഗം വരുത്തുന്നവനാരായാലും അവന്‍ ചാരമായി പോകുമെന്നും അവര്‍ പ്രഖ്യാപിച്ചു. അങ്ങനെയാണ്‌ കാലയവനന്റെ അന്ത്യം സംഭവിച്ചത്.

അല്‍പ സമയം കഴിഞ്ഞപ്പോള്‍ കൃഷ്ണന്‍ മുചുകുന്ദനു മുന്നില്‍ പ്രത്യക്ഷനായി. ഭഗവാനെ മുന്നില്‍ക്കണ്ട്‌ മുചുകുന്ദന്‍ ഹര്‍ഷപുളകിതനായി. ഭഗവാന്‍ ദിവ്യതയുടെ അവതാരം തന്നെയെന്നു മുചുകുന്നുന്‍ അന്തര്‍ജ്ഞാനം കൊണ്ട്‌ മനസ്സിലാക്കിയിരുന്നു. അദ്ദേഹം ഭഗവാനോട്‌ ചോദിച്ചു: ‘സൂര്യചന്ദ്രന്മാരുടെയും അഗ്നിയുടെയും പ്രഭയെ വെല്ലുന്നതത്രെ അവിടുത്തെ പ്രഭ. അങ്ങ്‌ വിഷ്ണുവിന്റെ അവതാരമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ദയവുചെയ്ത്‌ ഇപ്പോള്‍ അവിടുന്ന് ഏതു കുലത്തില്‍ പിറന്നിരിക്കുന്നുവെന്നും അവിടുത്തെ മഹനീയ കൃത്യങ്ങള്‍ എന്തൊക്കെയെന്നും പറഞ്ഞുതന്നാലും.’ അദ്ദേഹം കൃഷ്ണനോട്‌ തന്റെ കഥ മുഴുവന്‍ പറഞ്ഞു. എങ്ങനെയാണ്‌ ഗുഹയില്‍ കിടന്നുറങ്ങാനിടയായതെന്നും കാലയവനന്‍ എരിഞ്ഞുപോയതെങ്ങനെന്നും മുചുകുന്ദന്‍ വിശദീകരിച്ചു.

ഭഗവാന്‍ പറഞ്ഞു:‘മകനേ, എന്റെ അവതാരങ്ങളും ചെയ്തികളും എണ്ണിയാലൊടുങ്ങാത്തവയത്രേ. എനിക്കു പോലും അവ എണ്ണാനാവില്ല. ഒരാള്‍ക്ക്‌ ലോകത്തിലെ മണ്‍പൊടികളുടെ എണ്ണമെടുക്കാന്‍ കഴിഞ്ഞുവെന്നിരിക്കും. എന്നാല്‍ എന്റെ അവതാരങ്ങളെ എണ്ണുക അസാദ്ധ്യം. എന്റെ ഗുണഗണങ്ങളും ചെയ്തികളും അപ്രകാരം തന്നെ. എന്നാല്‍ എന്റെ ഇപ്പോഴത്തെ അവതാരമെന്തെന്നു പറയാം. ബ്രഹ്മാവിനെ പൂജിച്ചതിന്റെ ഫലമായി ഞാന്‍ വസുദേവപുത്രനായി ജനിച്ചു. കംസനടക്കം പല ദുഷ്ടരെയും ഞാന്‍ വധിച്ചു. വാസ്തവത്തില്‍ കാലയവനനെയും നിന്റെ കണ്ണിലെ തീവ്രതയിലൂടെ വധിച്ചതു ഞാന്‍ തന്നെയാണ്‌. ഞാന്‍ അങ്ങനെ തീരുമാനിച്ചതാണ്‌. നീ പണ്ടുകാലത്ത്‌ ഭക്തിപുരസ്സരം എന്നെ തേടിയിരുന്നു. അതിനാലാണ്‌ ഇപ്പോള്‍ നിന്റെ മുന്നില്‍ നില്‍ക്കുന്നത്‌. നിനക്കെന്തു വരമാണു വേണ്ടത്‌?’

അങ്ങനെ ഭഗവാന്‍ സംസാരിക്കേ ഭക്തശിരോമണിയായ മുചുകുന്ദന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു:

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF