വിപ്രാന്‍ സ്വലാഭസംതുഷ്ടാന്‍ സാധൂന്‍ ഭൂതസുഹൃത്തമാന്‍
നിരഹങ്കാരിണഃ ശാന്താന്‍ നമസ്യേ ശിരസാസകൃത് (10-52-33)
ശ്രുത്വാ ഗുണാന്‍ ഭുവനസുന്ദര, ഗൃണ്വതാം തേ
നിര്‍വിശ്യ കര്‍ണ്ണവിവരൈര്‍ഹരതോഽങ്ഗതാപം
രൂപം ദൃശാം ദൃശിമതാമഖിലാര്‍ത്ഥലാഭം
ത്വയ്യച്യുതാവിശതി ചിത്തമപത്രപം മേ (10-52-37)
ശുകമുനി തുടര്‍ന്നു:
മുചുകുന്ദന്‍ ഭഗവാനെ വീണ്ടും നമസ്കരിച്ചു. അദ്ദേഹം ഗുഹയ്ക്കുള്ളില്‍ നിന്നു പുറത്തു വന്നു. മനുഷ്യരും മൃഗങ്ങളുമെല്ലാം വളരെ ചെറുതായി കാണപ്പെട്ടു. അദ്ദേഹം കുറെയേറെക്കാലം ഗുഹയില്‍ ഉറക്കമായിരുന്നുവല്ലോ. ഇത് കലിയുഗം ആയിരിക്കുന്നുവെന്നു മനസ്സിലാക്കിയ മുചുകുന്ദന്‍ ഹിമാലയത്തില്‍ പോയി ഭഗവാന്‍ നാരായണനെ ആരാധിക്കാന്‍ തീര്‍ച്ചയാക്കി.
കാലയവനന്‍ കൊല്ലപ്പെട്ടു. അയാളുടെ പടയും തുരത്തപ്പെട്ടു. കൃഷ്ണന്‍ യുദ്ധത്തില്‍ പിടിച്ചെടുത്ത സമ്പത്തുമായി മടങ്ങുമ്പോള്‍ ജരാസന്ധന്‍ അവരെ കണ്ടു. ഇത്തവണയും ജരാസന്ധനെ വധിക്കേണ്ടതില്ലെന്നു തീരുമാനിച്ച് കൃഷ്ണനും ബലരാമനും സമ്പത്തെല്ലാം അവിടെ ഉപേക്ഷിച്ച് ഓടാന്‍ തുടങ്ങി. ജരാസന്ധന്‍ പിറകേയും. ജ്യേഷ്ഠാനുജന്‍മാര്‍ ഒരു മലയിലേക്കോടി കയറി അവിടെ പുകമഞ്ഞില്‍ അപ്രത്യക്ഷരായി. അവരെക്കാണാഞ്ഞ് ജരാസന്ധന്‍ മലയ്ക്കു മുഴുവന്‍ തീയിട്ടു. അവര്‍ കൊല്ലപ്പെട്ടു എന്നു കരുതി നഗരത്തിലേക്ക് മടങ്ങുകയും ചെയ്തു. കൃഷ്ണനും ബലരാമനും മലമുകളില്‍ നിന്നു് ചാടിയോടി മലയടിവാരത്തിലൂടെ സമതലത്തിലിറങ്ങി രക്ഷപ്പെട്ട് ദ്വാരകയിലുളള കോട്ടയില്‍ എത്തിയിരുന്നു. കുറച്ചു കാലം കഴിഞ്ഞ് ആനര്‍ത്ത രാജാവായ കുകുദ്മി തന്റെ പുത്രി രേവതിയെ ബലരാമന് വിവാഹത്തില്‍ നല്‍കി. കൃഷ്ണന്‍ രുക്മിണിയെ രാക്ഷസസമ്പ്രദായമനുസരിച്ച് വിവാഹം ചെയ്തു. ശിശുപാലന്‍ തുടങ്ങിയവരുടെ ശത്രുത നേടുമാറ് രുക്മിണിയെ തട്ടിക്കൊണ്ടു പോയാണ് കൃഷ്ണന്‍ അവളെ പാണിഗ്രഹണം ചെയ്തത്. രസകരമായ ആ ചരിതം ഞാന്‍ പറഞ്ഞു തരാം. വിദര്‍ഭയുടെ രാജാവ് ഭീഷ്മകന്‍. അദ്ദേഹത്തിന് രുക്മിയടക്കം അഞ്ചു പുത്രന്‍മാരും രുക്മിണിയെന്ന പുത്രിയും. രുക്മിണി കൃഷ്ണനെപ്പറ്റി കേട്ട് അദ്ദേഹത്തെ പ്രണയിച്ചു. കൃഷ്ണനും അവളെ വിവാഹം കഴിക്കാന്‍ തീര്‍ച്ചയാക്കിയിരുന്നു. എന്നാല്‍ രുക്മി കൃഷ്ണനെ വെറുത്തിരുന്നു. തന്റെ സുഹൃത്തായ ശിശുപാലന് രുക്മിണിയെ നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചു. വിവാഹത്തീയതി നിശ്ചയിച്ചപ്പോള്‍ രുക്മിണി ഒരു ദിവ്യ ബ്രാഹ്മണനെ കൃഷ്ണന്റെയടുക്കല്‍ സന്ദേശം കൊടുത്തയച്ചു. കൃഷ്ണന്‍ ബ്രാഹ്മണനെ യഥാവിഥി സ്വാഗതം ചെയ്തു: ‘സന്തുഷ്ടനായ ഒരു ബ്രാഹ്മണന്‍ ഏറ്റവും അനുഗൃഹീതനത്രെ. എന്നാല്‍ അസംതൃപ്തനായ രാജാവ് അന്തമില്ലാത്ത വേദനയനുഭവിക്കുന്നു. സകലര്‍ക്കും സുഹൃത്തും അഹങ്കാരരഹിതനും കിട്ടുന്നതില്‍ സന്തുഷ്ടനുമായ ശുദ്ധബ്രാഹ്മണനായ അങ്ങേയ്ക്കു നമോവാകം. അങ്ങെന്തിനാണിപ്പോള്‍ വന്നതെന്നു പറഞ്ഞാലും.’ ബ്രാഹ്മണന്‍ വിദര്‍ഭയിലെ കാര്യങ്ങളും രുക്മിണിയുടെ സന്ദേശവും കൃഷ്ണനോട് പറഞ്ഞു.
രുക്മിണി പറഞ്ഞു: ‘ഭഗവാനേ, അവിടുത്തെ ദിവ്യരൂപത്തെയും മഹിമകളെയും പറ്റി കാതിലൂടെ കേട്ട് ഹൃദയം നിറയുന്നതോടെ ഒരാളുടെ ജീവക്ലേശം മുഴുവന്‍ ഇല്ലാതാവുന്നു. അവിടുത്തെ കാണുക എന്നതു തന്നെ പരമാനുഗ്രഹം. എന്റെ ഹൃദയം അവിടുന്നില്‍ വിലീനമായിരിക്കുന്നു. ഞാനങ്ങയെ ഭര്‍ത്താവായി തിരഞ്ഞെടുത്തു കഴിഞ്ഞു. അതുകൊണ്ട് മറ്റാരും എന്നെ തൊടുവാന്‍ പോലും അങ്ങനുവദിച്ചു കൂടാ. ഇതിനായി അങ്ങ് ഒതു തുളളി ചോരപോലും വീഴ്ത്തേണ്ടതില്ല. വിവാഹദിവസം വൈകുന്നേരം പാര്‍വ്വതീക്ഷേത്രത്തില്‍ ഞാന്‍ പോവുന്നുണ്ട്. അവിടെ ക്ഷേത്രപരിസരത്തു വന്നു് എന്നെ ഈ കഷ്ടപ്പാടില്‍ നിന്നും കരകയറ്റുക. അങ്ങതു ചെയ്തില്ലെങ്കില്‍ ഞാനീ ജീവിതം അവസാനിപ്പിക്കും.’
ബ്രാഹ്മണന്‍ പറഞ്ഞു: ‘ഇതാണ് സന്ദേശം. അങ്ങേയ്ക്ക് യുക്തം പോലെ എന്തു ചെയ്യണമെന്ന് തീരുമാനിക്കാം.’
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF