താം രാജകന്യാം രഥമാരുരുക്ഷതീം
ജര്‍ഹാര കൃഷ്ണോ ദ്വിഷതാം സമീക്ഷതാം
രഥം സമാരോപ്യ സുപര്‍ണ്ണലക്ഷണം
രാജന്യചക്രം പരിഭൂയ മാധവഃ (10-53-55)
ശുകമുനി തുടര്‍ന്നു:
പുഞ്ചിരിയോടെ, താനും രുക്മിണിയുമായി അതീവ പ്രണയത്തിലാണെന്നും അവളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഭഗവാന്‍ ബ്രാഹ്മണനെ അറിയിച്ചു. എന്നിട്ട് വിവാഹത്തിന്റെ മുഹൂര്‍ത്തവും മറ്റും ബ്രാഹ്മണനില്‍ നിന്നും മനസ്സിലാക്കി. എന്നിട്ട് സ്വയം തയ്യാറായി, വേഗതയേറിയ ഒരു രഥമേറി ഒറ്റ രാത്രി കൊണ്ട് വിദര്‍ഭയിലെത്തിച്ചേര്‍ന്നു.
വിദര്‍ഭയില്‍ ഭീഷ്മക രാജാവ് വിവാഹാഘോഷങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ബ്രാഹ്മണര്‍ വേദശാസ്ത്രാധിഷ്ഠിതമായ എല്ലാ യാഗകര്‍മ്മങ്ങളും നടത്തി. രാജാവ് സ്വയം വിലപിടിച്ച സമ്മാനങ്ങള്‍ ദാനമായി നല്‍കി. ചേദിരാജാവും തന്റെ പുത്രന്‍ ശിശുപാലന്റെ സന്തോഷത്തിനായി വേണ്ടത്ര ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ശിശുപാലനും കുടുംബവും വിദര്‍ഭയിലെത്തി. അവരെ ഭീഷ്മകന്‍ പ്രത്യേകമായി കെട്ടിപ്പടുത്ത സൗധങ്ങളില്‍ താമസിപ്പിച്ചു. ശിശുപാലന്റെ സുഹൃത്തുക്കളായ അസുരന്മാരും അവിടെ എത്തിയിരുന്നു. കൃഷ്ണനും കൂട്ടരും അവിടെവന്നു കുഴപ്പമുണ്ടാക്കിയാല്‍ നേരിടാന്‍ അവര്‍ തയ്യാറായിരുന്നു. അവരും പല കൊട്ടാരങ്ങളില്‍ താമസമാക്കി. കൃഷ്ണന്‍ വിദര്‍ഭയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നറിഞ്ഞ് ബലരാമന്‍ ഒരു പടയുമായി അങ്ങോട്ടു തിരിച്ചു.
കൃഷ്ണനും ബലരാമനും വന്നിട്ടുണ്ടെന്നറിഞ്ഞ് ഭീഷ്മകന്‍ അവരെ ഭക്തിബഹുമാനപുരസ്സരം സ്വീകരിച്ചു. അവര്‍ക്കായി ഒരു കൊട്ടാരമൊരുക്കി. രുക്മിണി അക്ഷമയായി ബ്രാഹ്മണദൂതന്റെ വരവും പ്രതീക്ഷിച്ചിരുന്നു. അവള്‍ക്ക് പ്രത്യാശയില്ലാതായിത്തുടങ്ങി. ‘എന്നില്‍ ഏതെങ്കിലും കുറവു കണ്ട് ഭഗവാന്‍ എന്നെ പാണിഗ്രഹണം ചെയ്യേണ്ട എന്ന് തീരുമാനിച്ചു കാണും.’ അവള്‍ കണ്ണീരൊതുക്കി ക്ഷേത്രത്തിലേക്ക് പോവാന്‍ ഒരുങ്ങി. വഴിയില്‍ സല്ലക്ഷണങ്ങള്‍ കണ്ട് അവള്‍ക്ക് പ്രതീക്ഷയുണ്ടായി. ആ സമയത്ത് ദൂതു പോയ ബ്രാഹ്മണനെ ദൂരത്തായി അവള്‍ കണ്ടു. അധികം സംസാരിക്കാതെ തന്നെ അവര്‍ സന്ദേശം കൈമാറി. അവള്‍ അംബികാദേവിയോട് വേഗം തന്നെ കൃഷ്ണനെ വരിക്കാനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. കൃഷ്ണന്‍ വന്നിട്ടുണ്ടെന്ന് വിവാഹാഘോഷയാത്ര കണ്ടു നിന്നിരുന്ന നഗരവാസികള്‍ക്കറിയാമായിരുന്നു. കൃഷ്ണനെക്കണ്ട് രുക്മിണിക്കനുരൂപനായി മറ്റാരുമില്ലെന്ന് അവര്‍ പരസ്പരം പറഞ്ഞു.
പൂജകള്‍ക്കു ശേഷം പ്രസാദവും വാങ്ങി രുക്മിണി ക്ഷേത്രത്തിന് പുറത്തു കടന്നു. കാത്തുനിന്ന രഥത്തിനടുത്തേക്ക് അവള്‍ നടന്നു. വയസ്സറിയിച്ചിട്ടില്ലെങ്കിലും സൗന്ദര്യധാമമായിരുന്ന രുക്മിണി കണ്ണുകൊണ്ട് കൃഷ്ണനെ അവിടെയെത്തിയിരുന്ന രാജകുമാരന്മാര്‍ക്കിടയില്‍ തിരഞ്ഞു. രാജകുമാരന്മാര്‍ അവളുടെ സൗന്ദര്യത്തില്‍ മതിമറന്ന് ശ്വാസം നഷ്ടപ്പെട്ടപോലെ നില്‍പ്പായി. അവള്‍ രഥമേറാന്‍ തുടങ്ങിയപ്പോഴേക്കും കൃഷ്ണന്‍ ഒരു രഥത്തില്‍ പാഞ്ഞടുത്ത് അവളുടെ കൈപിടിച്ചുയര്‍ത്തിയെടുത്ത് രഥത്തിലിരുത്തി മറ്റുളളവര്‍ നിസ്സഹായരായി നോക്കി നില്‍ക്കേ വേഗത്തില്‍ കടന്നുകളഞ്ഞു. എന്നാല്‍ കൃഷ്ണന്റെ രഥം ദ്വാരകയിലേക്ക് കുതിക്കുമ്പോള്‍ ജരാസന്ധന്റെ നേതൃത്വത്തില്‍ രാജകുമാരന്മാര്‍ പരസ്പരം ഇങ്ങനെ പറഞ്ഞു: ‘എത്ര നാണക്കേടാണിത്? വീരയോദ്ധാക്കളായ നാം നോക്കി നില്‍ക്കെ ഇടയന്മാര്‍ രാജകുമാരിയെയും കൊണ്ട് കടന്നുകളഞ്ഞു.’
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF