മാരീചനിഗ്രഹം – ആരണ്യകാണ്ഡം MP3 (49)

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.


MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

മാരീചനിഗ്രഹം

മായാനിര്‍മ്മിതമായ കനകമൃഗം കണ്ടു
മായാസീതയും രാമചന്ദ്രനോടുരചെയ്താള്‍ഃ
“ഭര്‍ത്താവേ! കണ്ടീലയോ കനകമയമൃഗ-
മെത്രയും ചിത്രം ചിത്രം! രത്നഭൂഷിതമിദം.
പേടിയില്ലിതിനേതുമെത്രയുമടുത്തു വ-
ന്നീടുന്നു മരുക്കമുണ്ടെത്രയുമെന്നു തോന്നും.
കളിപ്പാനതിസുഖമുണ്ടിതു നമുക്കിന്നു
വിളിച്ചീടുക വരുമെന്നു തോന്നുന്നു നൂനം.
പിടിച്ചുകൊണ്ടിങ്ങുപോന്നീടുക വൈകീടാതെ
മടിച്ചീടരുതേതും ഭര്‍ത്താവേ! ജഗല്‍പതേ!”
മൈഥിലീവാക്യം കേട്ടു രാഘവനരുള്‍ചെയ്‌തു
സോദരന്‍തന്നോടു “നീ കാത്തുകൊളളുകവേണം
സീതയെയവള്‍ക്കൊരു ഭയവുമുണ്ടാകാതെ;
യാതുധാനന്മാരുണ്ടു കാനനംതന്നിലെങ്ങും.”
എന്നരുള്‍ചെയ്‌തു ധനുര്‍ബാലങ്ങളെടുത്തുടന്‍
ചെന്നിതു മൃഗത്തെക്കയ്‌ക്കൊളളുവാന്‍ ജഗന്നാഥന്‍.
അടുത്തു ചെല്ലുന്നേരം വേഗത്തിലോടിക്കള-
ഞ്ഞടുത്തുകൂടായെന്നു തോന്നുമ്പോള്‍ മന്ദംമന്ദം
അടുത്തുവരു,മപ്പോള്‍ പിടിപ്പാന്‍ ഭാവിച്ചീടും,
പടുത്വമോടു ദൂരെക്കുതിച്ചു ചാടുമപ്പോള്‍.
ഇങ്ങനെതന്നെയൊട്ടു ദൂരത്തായോരുനേര-
മെങ്ങനെ പിടിക്കുന്നു വേഗമുണ്ടതിനേറ്റം
എന്നുറച്ചാശവിട്ടു രാഘവനൊരുശരം
നന്നായിത്തൊടുത്തുടന്‍ വലിച്ചു വിട്ടീടിനാന്‍.
പൊന്മാനുമതു കൊണ്ടു ഭൂമിയില്‍ വീണനേരം
വന്മലപോലെയൊരു രാക്ഷസവേഷംപൂണ്ടാന്‍.
മാരീചന്‍തന്നെയിതു ലക്ഷ്‌മണന്‍ പറഞ്ഞതു
നേരത്രേയെന്നു രഘുനാഥനും നിരൂപിച്ചു.
ബാണമേറ്റവനിയില്‍ വീണപ്പോള്‍ മാരീചനും
പ്രാണവേദനയോടു കരഞ്ഞാനയ്യോ പാപംഃ
“ഹാ! ഹാ! ലക്ഷ്മണ! മമ ഭ്രാതാവേ! സഹോദര!
ഹാ! ഹാ! മേ വിധിബലം പാഹി മ‍ാം ദയാനിധേ!”
ആതുരനാദം കേട്ടു ലക്ഷ്‌മണനോടു ചൊന്നാള്‍
സീതയുംഃ “സൗമിത്രേ! നീ ചെല്ലുക വൈകിടാതേ.
അഗ്രജനുടെ വിലാപങ്ങള്‍ കേട്ടീലേ ഭവാന്‍?
ഉഗ്രന്മാരായ നിശാചരന്മാര്‍ കൊല്ലുംമുമ്പെ
രക്ഷിച്ചുകൊള്‍ക ചെന്നു ലക്ഷ്‌മണ! മടിയാതെ
രക്ഷോവീരന്മാരിപ്പോള്‍ കൊല്ലുമല്ലെങ്കിലയ്യോ!”
ലക്ഷ്‌മണനതു കേട്ടു ജാനകിയോടു ചൊന്നാന്‍ഃ
“ദുഃഖിയായ്‌ കാര്യേ! ദേവി! കേള്‍ക്കണം മമ വാക്യം.
മാരീചന്‍തന്നേ പൊന്മാനായ്‌വന്നതവന്‍ നല്ല
ചോരനെത്രയുമേവം കരഞ്ഞതവന്‍തന്നെ.
അന്ധനായ്‌ ഞാനുമിതു കേട്ടു പോയകലുമ്പോള്‍
നിന്തിരുവടിയേയും കൊണ്ടുപോയീടാമല്ലൊ
പങ്‌ക്തികന്ധരന്‍ തനിക്കതിനുളളുപായമി-
തെന്തറിയാതെയരുള്‍ചെയ്യുന്നി,തത്രയല്ല
ലോകവാസികള്‍ക്കാര്‍ക്കും ജയിച്ചുകൂടായല്ലൊ
രാഘവന്‍തിരുവടിതന്നെയെന്നറിയണം.
ആര്‍ത്തനാദവും മമ ജ്യേഷ്‌ഠനുണ്ടാകയില്ല
രാത്രിചാരികളുടെ മായയിതറിഞ്ഞാലും
വിശ്വനായകന്‍ കോപിച്ചീടുകിലരക്ഷണാല്‍
വിശ്വസംഹാരംചെയ്‌വാന്‍പോരുമെന്നറിഞ്ഞാലും.
അങ്ങനെയുളള രാമന്‍തന്മുഖ‍ാംബുജത്തില്‍നി-
ന്നെങ്ങനെ ദൈന്യനാദം ഭവിച്ചീടുന്നു നാഥേ!”
ജാനകിയതു കേട്ടു കണ്ണുനീര്‍ തൂകിത്തൂകി
മാനസേ വളര്‍ന്നൊരു ഖേദകോപങ്ങളോടും
ലക്ഷ്‌മണന്‍തന്നെ നോക്കിച്ചൊല്ലിനാളതുനേരംഃ
“രക്ഷോജാതിയിലത്രേ നീയുമുണ്ടായി നൂനം.
ഭ്രാതൃനാശത്തിനത്രേ ക‍ാംക്ഷയാകുന്നു തവ
ചേതസി ദുഷ്‌ടാത്മാവേ! ഞാനിതോര്‍ത്തീലയല്ലോ.
രാമനാശാക‍ാംക്ഷിതനാകിയ ഭരതന്റെ
കാമസിദ്ധ്യര്‍ത്ഥമവന്‍തന്നുടെ നിയോഗത്താല്‍
കൂടെപ്പോന്നിതു നീയും രാമനു നാശം വന്നാല്‍
ഗൂഢമായെന്നെയും കൊണ്ടങ്ങുചെല്ലുവാന്‍ നൂനം.
എന്നുമേ നിനക്കെന്നെക്കിട്ടുകയില്ലതാനു-
മിന്നു മല്‍പ്രാണത്യാഗംചെയ്‌വേന്‍ ഞാനറിഞ്ഞാലും.
ചേതസി ഭാര്യാഹരണോദ്യതനായ നിന്നെ-
സ്സോദരബുദ്ധ്യാ ധരിച്ചീല രാഘവനേതും.
രാമനെയൊഴിഞ്ഞു ഞാന്‍ മറ്റൊരു പുരുഷനെ
രാമപാദങ്ങളാണെ തീണ്ടുകയില്ലയല്ലൊ.”
ഇത്തരം വാക്കു കേട്ടു സൗമിത്രി ചെവി രണ്ടും
സത്വരം പൊത്തിപ്പുനരവളോടുരചെയ്‌താന്‍ഃ
“നിനക്കു നാശമടുത്തിരിക്കുന്നിതു പാര-
മെനിക്കു നിരൂപിച്ചാല്‍ തടുത്തുകൂടാതാനും.
ഇത്തരം ചൊല്ലീടുവാന്‍ തോന്നിയതെന്തേ ചണ്ഡി!
ധിഗ്‌ധിഗത്യന്തം ക്രൂരചിത്തം നാരികള്‍ക്കെല്ല‍ാം.
വനദേവതമാരേ! പരിപാലിച്ചുകൊള്‍വിന്‍
മനുവംശാധീശ്വരപത്നിയെ വഴിപോലെ.”
ദേവിയെ ദേവകളെബ്‌ഭരമേല്‍പിച്ചു മന്ദം
പൂര്‍വജന്‍തന്നെക്കാണ്മാന്‍ നടന്നു സൗമിത്രിയും.

Close