നതേഽസ്തി സ്വപരഭ്രാന്തിര്‍വിശ്വസ്യ സുഹൃദാത്മനഃ
തഥാപി സ്മരതാംശശ്വത്‌ ക്ലേശാന്‍ഹംസിഹൃദി സ്ഥിതഃ (10-58-10)

ശുകമുനി തുടര്‍ന്നു:
ഒരിക്കല്‍ കൃഷ്ണന്‍ പാണ്ഡവരെ സന്ദര്‍ശിക്കാനായി ഇന്ദ്രപ്രസ്ഥത്തിലേക്ക്‌ പോയി. പാണ്ഡവരും അവരുടെ അമ്മയായ കുന്തീദേവിയും കൃഷ്ണനെ സ്നേഹബഹുമാനപുരസ്സരം സ്വീകരിച്ചു. കുന്തി പറഞ്ഞു: ‘അങ്ങ്‌ ഞങ്ങളുടെ സൗഖ്യമന്വേഷിക്കാന്‍ അക്രൂരനെ അയയ്ക്കുമ്പോള്‍ പോലും ഞങ്ങള്‍ക്കു സൗഭാഗ്യമായി എന്ന്‌ ഞങ്ങള്‍ കരുതി. അങ്ങേയ്ക്ക്‌ അവിടുത്തെപ്പറ്റിയോ മറ്റുളളവരെപ്പറ്റിയോ മായാമോഹങ്ങളൊന്നുമില്ല. കാരണം അങ്ങ്‌ എല്ലാവരുടെയും സര്‍വ്വന്തര്യാമിയും അഭ്യുദയകാംക്ഷിയുമത്രെ. എന്നാല്‍ അങ്ങയെപ്പറ്റി ചിന്തിക്കുന്നുവരുടെ ഉള്ളില്‍ നിവസിച്ചുകൊണ്ട്‌ അവരുടെ ദുരിതങ്ങള്‍ ഇല്ലായ്മ ചെയ്യുന്നുതും അവിടുന്നു തന്നെ. കൃഷ്ണന്‍ പാണ്ഡവരോടൊപ്പം കുറെ മാസക്കാലം ചെലവഴിച്ചു.

ഒരു ദിവസം കൃഷ്ണന്‍ അര്‍ജ്ജുനനോടൊപ്പം വനത്തില്‍ പോയി. അവിടെ ഒരു സുന്ദരതരുണി ഏകയായി വസിക്കുന്നുതു കണ്ടു. അന്യേഷിച്ചതില്‍ അവളുടെ പേര്‌ കാളിന്ദി എന്നാണെന്നും ഭഗവാനെ മാത്രമേ വരിക്കൂ എന്ന്‌ ശപഥം ചെയ്ത്‌ കഠിനമായ തപശ്ചര്യകളിലേര്‍പ്പെട്ടിരിക്കുകയാണെന്നും അര്‍ജ്ജുനന്‍ മനസ്സിലാക്കി. കൃഷ്ണനോട്‌ അര്‍ജ്ജുനന്‍ കാര്യങ്ങള്‍ പറഞ്ഞതനുസരിച്ച്‌ ഭഗവാന്‍ അവളെ നഗരത്തിലേക്ക്‌ കൂട്ടികൊണ്ടു പോയി. പിന്നീടൊരിക്കല്‍ അര്‍ജ്ജുനന്റെ തേരാളിയായി നിന്നു കൊണ്ട്‌ കൃഷ്ണന്‍ ഖാണ്ഡവവനത്തെ അഗ്നിയ്ക്കു സമര്‍പ്പിച്ചു. ഇതില്‍ സംപ്രീതനായ അഗ്നിദേവന്‍ അര്‍ജ്ജുനനു ഖാണ്ഡീവം എന്ന ആഗ്നേയാസ്ത്രം സമ്മാനിച്ചു. കൂടെ നല്ലൊരു തേരും. അതേ സമയം അഗ്നിയില്‍ നിന്നും തന്നെ രക്ഷിച്ചതിന്‌ നന്ദിയായി മയന്‍ യുധിഷ്ഠിരനു വേണ്ടി നല്ലൊരു കൊട്ടാരം പണിതു കൊടുത്തു. അതില്‍ നിറയെ ദൃഷ്ടി വ്യാമോഹങ്ങളുണ്ടാക്കുന്ന പണിത്തരങ്ങള്‍ ഒരുക്കിയിരുന്നു.

ദ്വാരകയിലേക്ക്‌ മടങ്ങിയ കൃഷ്ണന്‍ കാളിന്ദിയെ വിവാഹം കഴിച്ചു. കുറച്ചുകാലം കഴിഞ്ഞ്‌ അവന്തിയിലെ വിന്ദന്റെയും അനുവിന്ദന്റെയും സഹോദരിയായ മിത്രവിന്ദ തന്നെ വരിക്കാനുറച്ചിരിക്കുന്നു എന്നു മനസ്സിലാക്കിയ കൃഷ്ണന്‍ ബലമായി അവളെ വിളിച്ചിറക്കി കൊണ്ടുവന്നു പാണിഗ്രഹണം ചെയ്തു.

നഗ്നജിത്ത്‌ കോസലരാജ്യത്തെ രാജാവായിരുന്നു. മകള്‍ സത്യക്ക്‌ അനുരൂപനായ ഒരാളെ കണ്ടെത്താനുളള ശ്രമത്തില്‍ രാജാവ്‌ ഒരു നിബന്ധന വച്ചിരുന്നു. ഏഴു കൂറ്റന്‍ കാളകളെ മെരുക്കിയൊതുക്കുന്ന ഒരാള്‍ക്ക്‌ മാത്രമെ തന്റെ മകളെ നല്‍കൂ എന്നായിരുന്നു അത്‌. പലേ രാജകുമാരന്‍മാരും കാളകളോട്‌ പൊരുതി എല്ലു നുറുങ്ങി മടങ്ങിപ്പോയി. ഒരു ദിവസം കൃഷ്ണന്‍ കൊട്ടാരത്തില്‍ ചെന്നു. രാജാവ്‌ ആഹ്ലാദത്തോടെ അദ്ദേഹത്തെ സ്വീകരിച്ചു. കൃഷ്ണന്‍ കുമാരിയെ ചോദിച്ചു. രാജാവിനു സന്തോഷമായിരുന്നു. കുമാരി കൃഷ്ണനില്‍ അനുരക്തയുമായിരുന്നു. എന്നാല്‍ തന്റെ നിബന്ധന രാജാവ്‌ കൃഷ്ണനെ അറിയിച്ചു. സ്വയം ഏഴായി പെരുകി കൃഷ്ണന്‍ വെറുമൊരു ലീലയായി ഏഴു കാളകളെയും മെരുക്കി ഒതുക്കി. സന്തുഷ്ടനായ രാജാവ്‌ പുത്രിയെ കൃഷ്ണനു നല്‍കി. വളരെയേറെ സ്ത്രീധനവും നല്‍കി. രാജകുമാരിയെ പാണിഗ്രഹണം ചെയ്യാന്‍ ശ്രമിച്ചു തോറ്റ കുമാരന്മാര്‍ വഴിയില്‍ ദമ്പതിമാരെ തടഞ്ഞുവെങ്കിലും അര്‍ജ്ജുനന്‍ എല്ലാവരെയും ആട്ടിയകറ്റി. പിന്നീട്‌ കൃഷ്ണന്‍ തന്റെ മുറപ്പെണ്ണായ ഭദ്രയെ വിവാഹം ചെയ്തു. അദ്ദേഹം ലക്ഷ്മണ എന്ന പേരായ മദ്രരാജകുമാരിയെയും കൂട്ടിക്കൊണ്ടു വന്നു. മാത്രമല്ല, നരകാസുരന്‍ തടങ്കലിലാക്കി വച്ചിരുന്ന രാജകുമാരിമാരെ രക്ഷിച്ച്‌ അവരെ വിവാഹം കഴിക്കുകയും ചെയ്തു കൃഷ്ണന്‍ .

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF