സ നിത്യം ഭഗവദ്ധ്യാനപ്രധ്വസ്താഖിലബന്ധനഃ
ബിഭ്രാണശ്ച ഹരേ രാജന്‍ , സ്വരൂപം തന്‍മയോഽഭവത്‌ (10-66-24)

ശുകമുനി തുടര്‍ന്നു:
ബലരാമന്‍ വൃന്ദാവനത്തിലായിരിക്കുമ്പോള്‍ കരുഷരാജ്യത്തിലെ രാജാവായിരുന്ന പൗണ്ഡ്രകന്‍ ദ്വാരകയിലേക്ക്‌ ഒരു ദൂതനെ അയച്ച്‌ ശക്തമായൊരു മുന്നറിയിപ്പ്‌ നല്‍കി. കൃഷ്ണന്‍ സ്വയം വാസുദേവനാണെന്നു കരുതരുതെന്നും താനാണ്‌ ശരിയായ വാസുദേവനെന്നും, അങ്ങനെ കണക്കാക്കാത്ത പക്ഷം ഭവിഷ്യത്തുകള്‍ ഗുരുതരമായിരിക്കുമെന്നും ആയിരുന്നു സന്ദേശം. ‘ആയുധങ്ങളോടെ എനിക്ക്‌ കീഴടങ്ങിക്കൊളളുക.’ കൃഷ്ണനും കൂട്ടരും ഹാര്‍ദ്ദമായി പൊട്ടിച്ചിരിച്ചു. കൃഷ്ണനും തക്കതായൊരു സന്ദേശം അയച്ചു. ആള്‍മാറാട്ടം ഉടനേ അവസാനിപ്പിക്കാനായിരുന്നു കൃഷ്ണന്റെ താക്കീത്‌. ഉടനേ തന്നെ കൃഷ്ണന്‍ കാശിയെ ആക്രമിച്ചു. കരുഷരാജാവപ്പോള്‍ അവിടെയായിരുന്നു. കൃഷ്ണസേനയെക്കണ്ട്‌ കാശിരാജാവും പൗണ്ഡ്രകനും നഗരത്തിനു വെളിയില്‍ സേനയുമായി വന്നു. പൗണ്ഡ്രകന്‍ കൃഷ്ണന്റെ അതേ വേഷത്തിലായിരുന്നു. സുദര്‍ശനം മുതലായ ആയുധങ്ങളും അയാള്‍ ധരിച്ചിരുന്നു. മഞ്ഞപ്പട്ട്, വനമാല, കിരീടം എല്ലാം ഒരുപോലെ. കൃഷ്ണന്‍ തന്റെ രൂപത്തെ അനുകരിച്ച പൗണ്ഡ്രകനെ കണ്ട്‌ പൊട്ടിച്ചിരിച്ചു. പൗണ്ഡ്രകന്റെ സൈന്യം കൃഷ്ണസേനയെ ആക്രമിച്ചുവെങ്കിലും ഭഗവാന്‍ അവരെ പെട്ടെന്നു തന്നെ നശിപ്പിച്ചു. പൗണ്ഡ്രകന്റെ രഥവും അവനെയും കൃഷ്ണന്‍ നശിപ്പിച്ചു. പെട്ടെന്ന് കാശിരാജന്റെ തലയറുത്ത്‌ തന്റെ അസ്ത്രമുനയില്‍ കോര്‍ത്ത്‌ നഗരവാതില്‍ക്കലേക്ക്‌ പറഞ്ഞയച്ചു. പൗണ്ഡ്രകന്‍ കൃഷ്ണനായി ആള്‍മാറാട്ടം നടത്തിവന്നു. അദ്ദേഹത്തേപ്പോലെ വേഷം ധരിച്ചു. എപ്പോഴും കൃഷ്ണനെപ്പറ്റി ചിന്തിച്ചും കഴിഞ്ഞു വന്നു. മരിച്ചു വീണപ്പോഴും കൃഷ്ണശരീരം ധരിച്ചാണ്‌ അയാള്‍ സ്വര്‍ഗ്ഗം പൂകിയത്‌. കൃഷ്ണനും കൂട്ടരും ദ്വാരകയിലേക്ക്‌ മടങ്ങി.

കാശിയില്‍ രാജാവ്‌ വധിക്കപ്പെട്ടതറിഞ്ഞ് വലിയ ദുഃഖാചരണം നടന്നു. തന്റെ പിതാവിന്റെ മരണത്തിനു പകരം വീട്ടാന്‍ കാശി രാജകുമാരന്‍ ശപഥം ചെയ്തു. കുടുംബപുരോഹിതന്റെ സഹായത്തോടെ ശങ്കരഭഗവാനെ ധ്യാനിച്ച്‌ അയാള്‍ അഭീഷ്ടവരം നേടി. കുമാരന്‍ പരമശിവനെ തന്റെ ആഗ്രഹമറിയിച്ചു. പ്രത്യേക തരത്തിലുളള ഒരു യാഗം നടത്താന്‍ ശിവന്‍ ഉപദേശിച്ചു. യാഗാഗ്നിയില്‍ നിന്നും ഭയാനകമായ ഒരു സത്വം ഇറങ്ങിവന്നു. അഗ്നിസ്തംഭം പോലിരുന്ന അത്‌ ദ്വാരകയെ ലക്ഷ്യമാക്കി ഓടി. ദ്വാരകാവാസികള്‍ പേടിച്ചരണ്ട്‌ ഭഗവാനെ അഭയം തേടി.

സര്‍വ്വാന്തര്യാമിയായ ഭഗവാന്‍ അഗ്നിസ്തംഭം എന്തെന്നു മനസ്സിലാക്കി. ഇത്തരം ദ്രോഹശക്തികള്‍ സാത്വികരെയും മഹാത്മാക്കളെയും ആരാധിക്കുന്നവര്‍ക്ക്‌ ബാധകമാവില്ല തന്നെ. തന്റെ ചക്രത്തില്‍ നിന്നുണ്ടാക്കിയ ഒരഗ്നിവലയം കൊണ്ട്‌ കാശിരാജകുമാരന്‍ പറഞ്ഞയച്ച അഗ്നിസ്തംഭത്തെ ഭഗവാന്‍ തടഞ്ഞു. അതിനെ ഉത്ഭവസ്ഥാനത്തേക്ക്‌ പലായനം ചെയ്യിച്ചു. അഗ്നിസ്തംഭം രാജകുമാരനെയും പുരോഹിതന്മാരെയും എല്ലാം നശിപ്പിച്ചു. പരമശിവന്‍ രാജകുമാരനു മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. യാഗങ്ങള്‍ കൊണ്ടുണ്ടാവുന്ന സിദ്ധികള്‍ മഹാത്മാക്കളെ പൂജിക്കുന്നവര്‍ക്കെതിരായി പ്രവര്‍ത്തിക്കയില്ലെന്നു ഭഗവാന്‍ പറഞ്ഞുവെങ്കിലും തന്റെ പിതാവിന്റെ മരണത്തിനു പകരം വീട്ടാന്‍ കുമാരന്‌ തിടുക്കമുണ്ടായിരുന്നതിനാല്‍ അയാള്‍ ഉപദേശം ചെവിക്കൊണ്ടില്ല.

ഈ കഥയെ ധ്യാനിക്കുന്നുവര്‍ക്ക്‌ പാപവിമോചനം സിദ്ധിക്കുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF