തം സന്നിരീക്ഷ്യ ഭഗവാന്‍ സഹസോത്ഥിതഃ ശ്രീ-
പര്യങ്കതഃ സകലധര്‍മ്മഭൃതാം വരിഷ്ഠഃ
ആനമ്യ പാദയുഗളം ശിരസാ കിരീട
ജൂഷ്ടേന സാഞ്ജലിരവീവിശദാസനേ സ്വേ. (10-69-14)
തസ്യാ വനിജ്യ ചരണൗ തദപഃ സ്വമൂര്‍ദ്ധ്നനാ-
ബിഭ്ര ജ്ജഗദ്‌ ഗുരുതരോഽപിസതാം പതിര്‍ഹി
ബ്രഹ്മണ്യദേവ ഇതി യദ്ഗുണനാമ യുക്തം
തസ്യൈവ യച്ചരണശൗചമശേഷതീര്‍ത്ഥം (10-69-15)
ബ്രഹ്മന്‍ ധര്‍മ്മസ്യ വക്താഹം കര്‍ത്താ തദനുമോദിതാ
തച്ഛിക്ഷയംലോകമിമമാസ്ഥിതഃ പുത്ര, മാ ഖിദഃ (10-69-40)

ശുകമുനി തുടര്‍ന്നു:
നരകാസുരന്‍ വധിക്കപ്പെട്ട കാര്യവും ഭഗവാന്‍ പതിനാറായിരം രാജകുമാരിമാരെ തടവില്‍ നിന്നു മോചിപ്പിച്ച്‌ കല്യാണം കഴിച്ചുവെന്നും നാരദന്‍ അറിഞ്ഞു. നാരദന്‌ കൃഷ്ണന്‍ എങ്ങനെയാണ്‌ ഗൃഹസ്ഥാശ്രമധര്‍മ്മം നിറവേറ്റുന്നതെന്ന് അത്ഭുതമായി. സ്വയം ആ അത്ഭുതം വീക്ഷിക്കാന്‍ അദ്ദേഹം ദ്വാരകയിലേയ്ക്കു പോയി. ദ്വാരക അതീവസുന്ദരമായ ഒരത്ഭുതനഗരം തന്നെയായിരുന്നു. ചെറുതും വലുതുമായ തടാകങ്ങളും താമരപ്പൂക്കളും ഹംസങ്ങളും വിഹരിച്ചു. തൊളളായിരമായിരം മണിമന്ദിരങ്ങള്‍ നഗരത്തെ അലങ്കരിച്ചു. അവയുടെ ചുമരുകള്‍ വിലപിടിച്ച കല്ലുകള്‍, സ്വര്‍ണ്ണം, വെളളി, സ്ഫടികം ഇവയാല്‍ മോടി പിടിപ്പിച്ചിരുന്നു. നഗരത്തിന്റെ രൂപരേഖയും ആസൂത്രണവും അതീവ വൈദഗ്ദ്ധ്യം നിറഞ്ഞതായിരുന്നു. പാതകളും, വാണിജ്യ കേന്ദ്രങ്ങളും, സമ്മേളനക്കളരികളും, അമ്പലങ്ങളും എല്ലാം കൊണ്ടും യാതൊന്നിനും കുറവില്ലാത്ത ഒരു നഗരം. ദേവന്മാരുടെ വാസ്തുകലാവിദഗദ്ധനായ വിശ്വകര്‍മ്മാവാണ്‌ ദ്വാരകയുടെയും ശില്‍പി. അദ്ദേഹം തന്നെയാണ്‌ ഇതു പണിതതും. നാരദന്‍ ഒരു മാളികയില്‍ കയറി. അവിടെ ഭഗവാന്‍ രുക്മിണിയുമായി ഒരു മഞ്ചത്തിലിരിക്കുന്നു. മുനിയെക്കണ്ട മാത്രയില്‍ കൃഷ്ണന്‍ ചാടിയെഴുന്നേറ്റു വണങ്ങി, സ്വാഗതം ചെയ്ത്‌ അഭിവാദ്യം ചെയ്തു. നാരദന്റെ പാദങ്ങള്‍ കഴുകി ആ തീര്‍ത്ഥജലം സ്വന്തം ശിരസ്സില്‍ തൂകി. എന്നിട്ടദ്ദേഹത്തിനെ മഞ്ചത്തിലുപവിഷ്ടനാക്കി. അങ്ങനെ സര്‍വ്വലോകാധീശനായ ഭഗവാന്‍ തന്റെ ബ്രാഹ്മണഭക്തി വെളിവാക്കി. അതിനാല്‍ ഭഗവാന്‍ ബ്രാഹ്മണ്യദേവന്‍ എന്നും അറിയപ്പെടുന്നു. കൃഷ്ണന്‍ നാരദനോട്‌ ചോദിച്ചു: ‘ഞങ്ങള്‍ എങ്ങനെയാണ്‌ അവിടുത്തെ സേവിക്കേണ്ടതെന്നു ദയവായി പറഞ്ഞാലും.’ ഭഗവല്‍പദകമലങ്ങള്‍ എന്നം ഹൃദയത്തില്‍ സമുജ്ജ്വലിക്കണമെന്ന് മാത്രമേ താന്‍ ആഗ്രഹിക്കുന്നുളളൂവെന്നു മാമുനി മറുപടിയും പറഞ്ഞു.

തന്റെ ജിജ്ഞാസയെ സംതൃപ്തിപ്പെടുത്താന്‍ നാരദന്‍ മറ്റൊരു ഗൃഹത്തില്‍ പോയി. അവിടെയും കൃഷ്ണന്‍ സഹധര്‍മ്മിണിയുമായി ഗൃഹധര്‍മ്മങ്ങളിലേര്‍പ്പെട്ടിരിക്കുന്നു. അവിടെയും കൃഷ്ണന്‍ നാരദനെ എതിരേറ്റു പൂജിച്ചു. അങ്ങനെ നാരദന്‍ സന്ദര്‍ശിച്ച ഗൃഹങ്ങളിലെല്ലാം കൃഷ്ണനെയും ഓരോ സഹധര്‍മ്മിണിയേയും നാരദന്‍ കണ്ടു. ധാര്‍മ്മികമോ ഗൃഹസ്ഥമോ ആയ കാര്യങ്ങള്‍ നടത്തിക്കൊണ്ട്‌ അവര്‍ കഴിയുന്നു. അവസാനം കയറിയ വീട്ടില്‍ വച്ച്‌ നാരദന്‍ തന്റെ അത്യാതിശയം വെളിവാക്കി. അതിനു മറുപടിയായി ഭഗവാന്‍ പറഞ്ഞു: ‘മഹാത്മാവേ, ഞാന്‍ ധര്‍മ്മസംസ്ഥാപകനാണ്‌. ഞാന്‍ ധര്‍മ്മമാചരിക്കുന്നു. ഞാന്‍ ധര്‍മ്മത്തെ അംഗീകരിക്കുന്നു. ഞാന്‍ എന്റെ പ്രവൃത്തികളാലുദാഹരണമേകി മറ്റുളളവര്‍ക്ക്‌ മാതൃകയാവുന്നു.’
കൃഷ്ണന്റെ അലൗകികമായ പ്രഭാവത്തിലും ശക്തിവിശേഷത്തിലും വിസ്മയം പൂണ്ട്‌ നാരദന്‍ യാത്രയായി. അങ്ങനെ ഭഗവാന്‍ ഉത്തമനായ ഒരു ഗൃഹനാഥന്റെ ജീവിതം, അനേകം സഹധര്‍മ്മിണികളുണ്ടെങ്കിലും ഓരോരുത്തരുമൊത്ത്‌ നയിച്ചു. ഈ മഹല്‍സത്യത്തെ ധ്യാനിക്കുന്നുവര്‍ക്ക്‌ ഭഗവദ്‍ഭക്തിയുണ്ടാവുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF