ബ്രാഹ്മേ മുഹൂര്‍ത്തേ ഉത്ഥായ വാര്യുപസ്പൃശ്യ മാധവഃ
ദധൗ പ്രസന്നകരണ ആത്മാനം തമസഃ പരം (10-70-4)
ഏകം സ്വയം ജ്യോതിരനന്യമവ്യയം
സ്വസംസ്ഥയാ നിത്യനിരസ്തകല്‍മഷം
ബ്രഹ്മാഖ്യമസ്യോദ്‌ ഭവനാശഹേതുഭിഃ
സ്വശക്തി ഭിര്‍ല്ലക്ഷിതഭാവനിര്‍വൃതിം (10-70-5)
അതാപ്ലു തോഽ‍ംഭസ്യമലേ യഥാവിധി
ക്രിയാ കലാപം പരിധായ വാസസീ
ചകാര സന്ധ്യോപഗമാദി സത്തമോ
ഹുതാനലോ ബ്രഹ്മ ജജാപവാഗ്യതഃ (10-70-6)

ശുകമുനി തുടര്‍ന്നു:
ശ്രീകൃഷ്ണന്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ (സൂര്യോദയത്തിന്‌ രണ്ടരമണിക്കൂര്‍ മുന്‍പ്‌) ദിവസവുമെഴുന്നേറ്റ്‌ ദേഹശുദ്ധി വരുത്തി. എന്നിട്ട്‌ ഇരുട്ടിനതീതവും സ്വയം പ്രകാശിതവും അനന്തവും അനശ്വരവും പരമപവിത്രവും ബ്രഹ്മമെന്നറിയപ്പെടുന്നതും വിശ്വസൃഷ്ടിസ്ഥിതിസംഹാരപ്രവൃത്തികളാല്‍ അനന്ത സാദ്ധ്യതകളെ വെളിവാക്കുന്നതുമായ ആത്മാവിനെ ഭഗവാന്‍ ധ്യാനിച്ചു. കുളികഴിഞ്ഞ്‌ പുതുവസ്ത്രങ്ങളുമണിഞ്ഞ് ഗായത്രീജപത്തോടെ ഭഗവാന്‍ സൂര്യോദയപൂജകളും അനുഷ്ഠിക്കുന്നു. അദ്ദേഹം സൂര്യനും സകലകാലങ്ങളിലെയും ഋഷിവര്യന്മാര്‍ക്കും പിതൃക്കള്‍ക്കും പൂജയര്‍പ്പിച്ചു. ഇവയെല്ലാം ഭഗവാന്റെ സ്വന്തം അംശങ്ങളത്രെ. എന്നിട്ട്‌ പശുക്കളെയും ബ്രാഹ്മണരെയും മുതിര്‍ന്നവരെയും മറ്റു ജീവജാലങ്ങളെയും വണങ്ങി – ഇവയെല്ലാം അവിടുത്തെ ആത്മഭാവങ്ങളത്രെ. ഭാര്യമാര്‍ക്കും ബന്ധുമിത്രാദികള്‍ക്കുമെല്ലാം എണ്ണമൊടുങ്ങാത്ത അനുഗ്രഹാശിസ്സുകളും ഭഗവാന്‍ നല്‍കി. പ്രഭാതകാലത്ത്‌ തന്നെ ഭഗവാന്‍ രാജസഭയിലേക്ക്‌ തിരിച്ചു. കൃഷ്ണനും മറ്റു സഭാവാസികളും സ്വസ്ഥാനങ്ങളില്‍ ഉപവിഷ്ടരാവുമ്പോള്‍ സഭയില്‍ കലാകാരന്മാരും വിദൂഷകരും കവികളും ഗായകരും നര്‍ത്തകരും അവരെ രസിപ്പിച്ചു. രാജഭരണസംബന്ധമായ കാര്യങ്ങള്‍ തുടങ്ങുകയായി. ഒരു ദിവസം സഭയിലേക്ക്‌ ദൂതുമായി ഒരാള്‍ വന്നു്‌ കൃഷ്ണന്‌ നിവേദനം സമര്‍പ്പിച്ചു. അയാള്‍ ജരാസന്ധന്റെ തടവില്‍ കിടക്കുന്നു കുറെ രാജാക്കന്‍മാരെ പ്രതിനിധീകരിച്ച്‌ കൃഷ്ണന്റെ സഹായം തേടി വന്നതാണ്‌. ജരാസന്ധന്‍ ദിനംപ്രതി സ്വേഛാധിപത്യം കൂട്ടുകയാണെന്നും എത്രയും പെട്ടെന്ന് ഭഗവാന്‍ അവരുടെ ദുരിതം അവസാനിപ്പിക്കണമെന്നുമായിരുന്നു രാജാക്കന്മാര്‍ക്ക്‌ പറയാനുണ്ടായിരുന്നത്‌. അവര്‍ പ്രാര്‍ത്ഥിച്ചു: ‘അവിടുന്ന് വിശ്വനാഥനത്രെ. ധര്‍മ്മസംരക്ഷണത്തിനായും ദുഷ്ടനിഗ്രഹത്തിനായും അവിടുന്ന് അവതരിച്ചിരിക്കുകയാണല്ലോ. അവിടുത്തെ പാദങ്ങളെ ആശ്രയിക്കുന്നവരുടെ പൂര്‍വ്വകര്‍മ്മഫലങ്ങള്‍പോലും നിര്‍വീര്യമാകുന്നു. ഞങ്ങളെ മോചിതരാക്കിയാലും.’

അല്‍പസമയം കഴിഞ്ഞപ്പോള്‍ നാരദന്‍ സഭയില്‍ പ്രവേശിച്ചു. ഭഗവാന്‍ സിംഹാസനത്തില്‍ നിന്നെഴുന്നേറ്റ്‌ മുനിയെ നമസ്കരിച്ചു. അതീവ ബഹുമാനത്തോടെ അദ്ദേഹത്തെ സ്വീകരിച്ചു. മൂന്നു ലോകങ്ങളുടേയും ക്ഷേമം മുനിയോടന്വേഷിച്ചു: ‘അവിടുന്ന് എല്ലാമറിയുന്നു. എല്ലായിടത്തും അങ്ങയുടെ സാന്നിദ്ധ്യമുണ്ടല്ലോ’ എന്നു പറഞ്ഞുകൊണ്ടാണ്‌ ഭഗവാന്‍ നാരദനോട്‌ സംസാരിച്ചു തുടങ്ങിയതു തന്നെ. യുധിഷ്ഠിരന്‍ രാജസൂയയാഗം നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും ആയതില്‍ മാമുനിമാരും ദേവന്മാരും രാജാക്കന്മാരോടൊപ്പം പങ്കെടുക്കുന്നതാണെന്നും നാരദന്‍ അറിയിച്ചു. യുധിഷ്ഠിരന്‍ കൃഷ്ണനെ പ്രത്യേകമായി പൂജിക്കുന്നതുമാണ്‌. ഉടനേതന്നെ ഭഗവാന്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക്‌ പോകണമെന്ന് മുനി അപേക്ഷിച്ചു. അവിടെ രാജസൂയത്തിന്‌ ഭഗവാന്‍ ആധ്യക്ഷ്യം വഹിക്കണം. സഭയിലെ പലര്‍ക്കും ജരാസന്ധനെ വകവരുത്താന്‍ വൈകരുതെന്ന അഭിപ്രായമുണ്ടായിരുന്നു. നാരദന്റെ ഉപദേശം അവര്‍ക്കത്ര തൃപ്തികരമായിരുന്നില്ല. കൃഷ്ണന്‍ ഉദ്ധവനു നേരെ തിരിഞ്ഞ് ഉപദേശമാരാഞ്ഞു: ‘അങ്ങ്‌ എന്റെ കണ്ണുകളത്രെ. എന്താണിപ്പോള്‍ ചെയ്യേണ്ടതെന്ന് അങ്ങേക്കറിയാം. എനിക്ക്‌ അങ്ങില്‍ സമ്പൂര്‍ണ്ണവിശ്വാസമാണുളളത്‌. എന്താണ്‌ ചെയ്യേണ്ടതെന്ന് ഉപദേശിച്ചാലും. ഞാന്‍ അതനുസരിച്ചു പ്രവര്‍ത്തിച്ചു കൊളളാം.’

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF