ദോര്‍ഭ്യം പരിഷ്വജ്യ രമാമലാലയം
മുകുന്ദഗാത്രം നൃപതിര്‍ഹതാശുഭഃ
ലേഭേ പരാം നിര്‍വൃതിമശ്രുലോചനോ
ഹൃഷ്യത്തനുര്‍വിസ്മൃതലോകവിഭ്രമഃ (10-71-26)
പൃഥാ​ വിലോക്യ ഭ്രാത്രേയം കൃഷ്ണം ത്രിഭുവനേശ്വരം
പ്രീതാത്മോത്ഥായ പര്യങ്കാത്‌ സസ്നുഷാ പരിഷസ്വജേ (10-71-39)

ഉദ്ധവന്‍ പറഞ്ഞു:
‘ഭഗവാനേ, ദേവര്‍ഷി നാരദന്റെ നിര്‍ദ്ദേശം രണ്ടുദ്ദേശ്യങ്ങളെയും നേടിത്തരുന്നു. യുധിഷ്ഠിരന്‍ രാജസൂയം നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ സ്വേഛാധിപതിയായ ജരാസന്ധന്റെ അവസാനവും ഉറപ്പാണ്‌. അങ്ങനെ തടവിലാക്കപ്പെട്ട രാജാക്കന്മാര്‍ക്കും മോചനം ലഭ്യമാവും. എന്നാല്‍ എനിക്കൊരു നിര്‍ദ്ദേശം നല്‍കാനുണ്ട്‌. ജരാസന്ധനെ നിയതമായ ഒരു യുദ്ധത്തിലൂടെ വകവരുത്തുന്നതിലും നല്ലത്‌ ഒരു മല്ലയുദ്ധത്തിലൂടെയാണ്‌. അയാള്‍ ബ്രാഹ്മണഭക്തനും അവര്‍ പറഞ്ഞാലനുസരിക്കുന്ന ആളുമാണല്ലോ. അതുകൊണ്ട്‌ ഭീമന്‍ ഒരു ബ്രാഹ്മണവേഷം ധരിച്ച്‌ ജരാസന്ധനെ ഒരു ദ്വന്ദ്വയുദ്ധത്തിലേക്ക്‌ വിളിച്ചുകൊണ്ടു വരിക. അവിടുത്തെ കൃപയാല്‍ ഭീമന്‌ വിജയം സുനിശ്ചിതം. ആളുകള്‍ ഇതും അവിടുത്തെ മഹിമകളില്ലൊന്നായി കൊണ്ടാടും.’

ശുകമുനി തുടര്‍ന്നു:
പദ്ധതി കുറ്റമറ്റതും ഉപദേശം യുക്തിപൂര്‍വ്വവും ആയിരുന്നു. ഇന്ദ്രപ്രസ്ഥത്തിലേക്ക്‌ പുറപ്പെടാനുളള ഒരുക്കങ്ങള്‍ക്കായി കൃഷ്ണന്‍ ആജ്ഞകള്‍ നല്‍കി. തടവിലുളള രാജാക്കന്മാരുടെ ദൂതന്‍വശം അവര്‍ക്ക്‌ മോചനം ഉറപ്പു നല്‍കി ഭഗവാന്‍ . ഭഗവാന്‍ തന്റെ രാജ്ഞിമാരോടും പരിവാരങ്ങളോടുമൊപ്പം യാത്ര പുറപ്പെട്ടു. നാരദമുനി ഈ കാഴ്ച കണ്ട്‌ സന്തുഷ്ടനായി ഭഗവാന്റെ അനുവാദത്തോടെ ആകാശമാര്‍ഗ്ഗം ദ്വാരക വിട്ടു.

വഴിയില്‍ പലേ സംസ്ഥാനങ്ങളും പിന്നിട്ട്‌ കൃഷ്ണന്‍ ഇന്ദ്രപ്രസ്ഥത്തില്‍ എത്തിച്ചേര്‍ന്നു. നഗരം മുഴുവന്‍ ഉത്സവപ്രതീതിയിലായിരുന്നു. യുധിഷ്ഠിരനും സഹോദരന്മാരും കൃഷ്ണനെ വരവേല്‍ക്കാന്‍ നഗരവാതില്‍ക്കല്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. കൃഷ്ണനെ ആലിംഗനം ചെയ്തുകൊണ്ട്‌ ലക്ഷ്മീപതിയെ ദര്‍ശിച്ച സൗഭാഗ്യത്തില്‍ മതിമറന്ന് രാജാവ്‌ കണ്ണീരൊഴുക്കി. അഭൗമമായ ഒരു പരമാനന്ദത്തിന്റെ സംത്രാസത്തിലാറാടി അദ്ദേഹത്തിന്റെ മനസ്സ് ലൗകികബോധമെന്ന മായികതയെ ഉപേക്ഷിച്ച്‌ അശുഭകരങ്ങളായ എല്ലാ വിഷയങ്ങള്‍ക്കും അതീതമായിത്തീര്‍ന്നു. രാജാവിന്റെ സഹോദരന്മാരും കൃഷ്ണനെ ആലിംഗനം ചെയ്തു. ബ്രാഹ്മണപൂജയും നടത്തി. കൃഷ്ണന്‍ നഗരത്തില്‍ പ്രവേശിച്ചു.

കൊടിതോരണങ്ങള്‍ എങ്ങും നിരന്നുനിന്നു. സുവര്‍ണ്ണകമാനങ്ങള്‍ ഭഗവാനു സ്വാഗതമോതി. ഓരോ ഗൃഹത്തിനു മുന്നിലും സുവര്‍ണ്ണകലശങ്ങളില്‍ വെളളം നിറച്ചു വച്ചിരുന്നു. ഹൃദയം നിറഞ്ഞ ഭക്ത്യാദരവുകളോടെ ഭഗവാനെ എതിരേല്‍ക്കുന്നതിനെയാണതു സൂചിപ്പിക്കുന്നത്‌. ജനങ്ങള്‍ മോടിയുളള വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളുമണിഞ്ഞ് ആഹ്ലാദചിത്തരായി കാണപ്പെട്ടു. പനിനീരിന്റെ സുഗന്ധം വായുവില്‍ നിറഞ്ഞു. ഓരോ ഗൃഹത്തിനു മുകളിലും സുവര്‍ണ്ണഗോളകള്‍ വെളളിക്കാലുകളില്‍ സ്ഥാപിച്ചിരുന്നു. കൃഷ്ണന്‍ തലസ്ഥാനനഗരിയുടെ ഭംഗിയും ഐശ്വര്യവും നോക്കിക്കണ്ടു. വീടുകളില്‍ നിന്നും പുറത്തുവന്ന സ്ത്രീജനങ്ങള്‍ കൃഷ്ണനെ അനുഗമിച്ച രാജ്ഞിമാരുടെ സൗഭാഗ്യത്തില്‍ അസൂയാലുക്കളായി.

കൃഷ്ണന്‍ കൊട്ടാരത്തിലേയ്ക്കു പ്രവേശിച്ചു. പാണ്ഡവമാതാവായ കുന്തി കൃഷ്ണനെ കണ്ടമാത്രയില്‍ ഇരിപ്പിടത്തില്‍ നിന്നുമെഴുന്നേറ്റുചെന്ന് ആലിംഗനം ചെയ്തു. പുത്രവധുവായ ദ്രൗപദിയും രാജമാതാവിന്റെ കൂടെ കൃഷ്ണനെ സ്വാഗതം ചെയ്യാനുണ്ടായിരുന്നു. രാജാവ്‌ സന്തോഷത്തില്‍ മതിമറന്ന് ഭഗവാനെ പൂജിക്കാന്‍ പോലും മറന്നു. ദ്രൗപദി കൃഷ്ണന്റെ സഹധര്‍മ്മിണികളേയും എതിരേറ്റു. അങ്ങനെ പാണ്ഡവരെ ആനന്ദത്തിലാറാടിച്ചുകൊണ്ട്‌ കൃഷ്ണന്‍ കുറേ മാസങ്ങള്‍ കൊട്ടാരത്തില്‍ ചെലവഴിച്ചു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF