ദുര്യോധനനുണ്ടായ സ്ഥലജലഭ്രാന്തിയും അപമാനവും – ഭാഗവതം (297)
ഭീമോ മഹാനസാധ്യക്ഷോ ധനാധ്യക്ഷഃ സുയോധനഃ
സഹദേവസ്തു പൂജായാം നകുലോ ദ്രവ്യ സാധനേ (10-75-4)
ഗുരുശുശ്രൂഷണേ ജിഷ്ണുഃ കൃഷ്ണഃ പാദാവനേജനേ
പരിവേഷണേ ദ്രുപദജാ കര്‍ണ്ണോ ദാനേ മഹാമനാഃ (10-75-5)
നിരൂപിതാ മഹായജ്ഞേ നാനാകര്‍മ്മസു തേ തദാ
പ്രവര്‍ത്തന്തേ സ്മ രാജേന്ദ്ര, രാജ്ഞഃ പ്രിയചികീര്‍ഷവഃ (10-75-7)
പരീക്ഷിത്ത് ചോദിച്ചു;
മഹര്‍ഷേ, ദുര്യോധനനൊഴികെ എല്ലാവരും സന്തുഷ്ടരായിരുന്നുവെന്നു പറഞ്ഞുവല്ലോ. എന്തുകൊണ്ടാണദ്ദേഹം അസന്തുഷ്ടനായത്?
ശുകമുനി തുടര്‍ന്നു:
രാജസൂയത്തില്‍ മഹാരാജാവ് യുധിഷ്ഠിരന്‍ തന്റെ സഹോദരന്മാര്‍ക്ക് ഓരോരോ ജോലികളേല്‍പ്പിച്ചിരുന്നു. ഓരോരുത്തര്‍ക്കും ഓരോ വിഭാഗത്തിന്റെ സമ്പൂര്‍ണ്ണമായ ചുമതലകളും ഉണ്ടായിരുന്നു. ഭീമന്‍ അടുക്കളയുടെ കാര്യക്കാരന്‍. സുയോധനന് ഖജാന. സഹദേവന്‍ അതിഥികളെ സ്വീകരിച്ചു. നകുലന്‍ കലവറ സൂക്ഷിച്ചു. അര്‍ജ്ജുനന്‍ ബ്രാഹ്മണരെ സല്‍കരിച്ചു. കൃഷ്ണന്‍ എല്ലാ അതിഥികളുടെയും കാലുകള്‍ കഴുകി. ദ്രൗപദി എല്ലാവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. ഇവരെല്ലാവരും മഹാരാജാവിനെ സന്തുഷ്ടനാക്കുവാന്‍ തക്കവിധം തങ്ങളുടെ ജോലി ചെയ്തു. യാഗപരിസമാപ്തിയില്‍ യുധിഷ്ഠിരന്‍ ഗംഗയില്‍ അവഭൃതസ്നാനത്തിന് പോയി. സ്വര്‍ഗ്ഗവാസികളടക്കം എല്ലാവരും ആഹ്ലാദിച്ചു. ശ്രീകൃഷ്ണനും തന്റെ പ്രിയതമമാരോടൊപ്പം ജലകേളിയാടി. പരസ്പരം വെളളം തട്ടിത്തെറിപ്പിച്ചു. അവരുടെ കമനീയമായ മേനികളില്‍ വസ്ത്രങ്ങള്‍ ഒട്ടിനിന്നു് മേനിയഴകും വടിവും പുറത്തു കാണായി. തുലോം നിഷ്കളങ്കമായ ഈ കേളികള്‍ കണ്ടുനിന്നവരില്‍ അശുദ്ധമനസ്ക്കരായവരുടെയുള്ളില്‍ ദുഷ്ടവിചാരങ്ങള്‍ ഉളവായി.
ചക്രവര്‍ത്തിയുടെ യാഗസ്നാനം കഴിഞ്ഞപ്പോള്‍ പ്രജകളും ഗംഗയില്‍ കുളിച്ച് പാപമുക്തി വരുത്തി. രാജാവ് എല്ലാവരിലും എല്ലാറ്റിലും പരംപൊരുളിനെ ദര്‍ശിച്ച് ഭഗവല്‍പൂജയായി അനേകം സമ്മാനങ്ങള്‍ വിതരണം ചെയ്തു. സര്‍വ്വാന്തര്യാമിയായ ഭഗവാനെ അങ്ങനെ ആരാധിച്ചു. പല അതിഥികളും രാജാവിനോട് യാത്ര പറഞ്ഞു പിരിഞ്ഞു. മറ്റുളളവര്‍ രാജാവിന്റെ അഭ്യര്‍ത്ഥനയെ മാനിച്ച് കൊട്ടാരത്തില്‍ താമസിച്ചു.
യുധിഷ്ഠിരന്റെ സമ്പത്തും ഐശ്വര്യവും ആത്മീയമാഹാത്മ്യവും എതിരാളിയായ ദുര്യോധനന് അസൂയയുണ്ടാക്കി. ദ്രൗപദിയില്‍ അയാള്‍ക്ക് അപ്പോഴും ആശയുണ്ടായിരുന്നതുകൊണ്ട് അവള്‍ തന്റെ ഭര്‍ത്താക്കന്മാരെ സേവിക്കുന്നുതുകണ്ട് ദുര്യോധനന്റെ ഹൃദയം തപിച്ചു. എരിതീയില്‍ എണ്ണയൊഴിക്കും പോലെ മറ്റൊന്നുകൂടി സംഭവിച്ചു. സ്വര്‍ഗ്ഗത്തിലെ വാസ്തുശില്‍പിയായ മയന്‍ യുധിഷ്ഠിരനായി പണിതു കൊടുത്ത കൊട്ടാരത്തിന്റെ നിര്‍മ്മിതി അത്ഭുതാവഹമായിരുന്നു. നിഴലു കൊണ്ടും വെളിച്ചം കൊണ്ടുമുളള മായാവിദ്യ കൊണ്ട് കൊട്ടാരത്തിന്റെ തറ ഒരു തടാകം പോലെ തോന്നിച്ചു. വെളളമുളളയിടം നിലം പോലെയും തോന്നിച്ചു. ദുര്യോധനന്‍ ഈ മായയില്‍ കുടുങ്ങിപ്പോയി. സഭയില്‍ പ്രവേശിക്കേ ജലമെന്ന് കരുതി ദുര്യോധനന്‍ വസ്ത്രമുയര്‍ത്തിപ്പിടിച്ച് സൂക്ഷിച്ച് നടന്നു. നിലമെന്ന് കരുതിയയിടത്ത് വെളളത്തില്‍ കാലുവഴുതി വീഴുകയും ചെയ്തു. സ്ഥലജലവിഭ്രാന്തിയില്‍ ദുര്യോധനന്‍ വലയുന്നതു കണ്ട് ശ്രീകൃഷ്ണന്റെ പ്രോല്‍സാഹനത്തോടെ സഭയിലെ സ്ത്രീജനങ്ങള്‍ പൊട്ടിച്ചിരിച്ചു. യുധിഷ്ഠിരന്‍ അവരോട് സംയമനം പാലിക്കാന്‍ പറഞ്ഞുവെങ്കിലും ദുര്യോധനന് അതിയായ അപമാനം തോന്നി. അയാളുടനെ ഹസ്തിനപുരത്തേക്ക് മടങ്ങി. ഇതെല്ലാം ആരുടെയും കുറ്റമായിരുന്നില്ല. ഭഗവാന്‍ കൃഷ്ണന്റെ ദിവ്യേച്ഛ ആര്‍ക്കു വിവരിക്കാനാവും?
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF