ബഹുരൂപൈകരൂപം തദ് ദൃശ്യതേ ന ച ദൃശ്യതേ
മായാമയം മയകൃതം ദുര്‍വ്വിഭാവ്യം പരൈരഭൂത് (10-76-21)
ക്വചിദ് ഭൂമൗ ക്വചിദ്യോമ്നി ഗിരിമൂര്‍ദ്ധ്നി ജലേ ക്വചിത്
അലാതചക്രവദ്‌ഭ്രാമൃത് സൗഭം തദ്ദുരവസ്ഥിതം (10-76-22)
ശുകമുനി തുടര്‍ന്നു:
ശിശുപാലന്റെ സുഹൃത്തായ സാല്വന്‍ രുക്മിണീഹരണസമയത്ത് തന്റെ തോഴനു പറ്റിയ അപമാനത്തിന് പകരം ചോദിക്കാനും യാദവകുലത്തെ നശിപ്പിക്കാനും നിശ്ചയിച്ചിരുന്നു. അതിനായി അദ്ദേഹം ഒരു കഠിന തപസ്സാരംഭിച്ചു. ദിവസവും ഒരു പിടി പൊടി മാത്രം കഴിച്ച് അദ്ദേഹം പരമശിവനെ ധ്യാനിച്ചു. പരമശിവന്‍ ക്ഷിപ്രപ്രസാദിയത്രേ. പരമശിവന്‍ പ്രത്യക്ഷനായി വരവും നല്‍കി. സാല്വനു വേണ്ടിയിരുന്നത്, ദേവന്മാരാലും മനുഷ്യരാലും അസുരന്മാരാലും നശിപ്പിക്കാന്‍ കഴിയാത്തതും തന്റെ മനസ്സു പറയുന്നിടത്തേയ്ക്കു പറന്നു ചെല്ലാന്‍ കഴിയുന്നതുമായ ഒരു വിമാനമായിരുന്നു. ആയതുകൊണ്ട് യാദവന്മാര്‍ക്കൊരു പേടിസ്വപ്നമായി മാറാനും കഴിയണം. പരമശിവന്‍ സാല്വന്റെ ആഗ്രഹസാദ്ധ്യത്തിനായി ദേവശില്‍പിയായ മയനാല്‍ നിര്‍മ്മിതമായ ഒരു വിമാനം നല്‍കി. സൗഭം എന്നാണതിനു പേര്. ഇരുമ്പു കൊണ്ട് നിര്‍മ്മിച്ച സൗഭം ഒരു ചെറിയ നഗരം പോലെ കാണപ്പെട്ടു. അകത്തു മുഴുവന്‍ കൂരിരുട്ട്. ആര്‍ക്കും കടന്നു ചെല്ലാന്‍ കഴിയുകയുമില്ല. അതിന്റെ ഉടമസ്ഥന്റെ ആഗ്രഹമനുസരിച്ച് വിമാനം സഞ്ചരിക്കുന്നതാണ്.
സൗഭത്തിലേറി സാല്വന്‍ ദ്വാരക ലക്ഷ്യമാക്കി പറന്നു. അവന്റെ സൈന്യം ദ്വാരകയുടെ പ്രാന്തപ്രദേശങ്ങളും ആക്രമിച്ചു. സൗഭത്തില്‍ നിന്നും അതിഭയങ്കരങ്ങളായ അസ്ത്രപ്രയോഗങ്ങള്‍ നടത്തി സാല്വന്‍. കൃഷ്ണ പുത്രനായ പ്രദ്യുമ്നന്‍ യാദവരക്ഷയ്ക്കായെത്തി. സ്വന്തം അസ്ത്രങ്ങള്‍ കൊണ്ട് സൗഭത്തെ ചുറ്റിനിന്ന മായാവലയത്തെ പ്രദ്യുമ്നന്‍ തകര്‍ക്കാനും വിമാനത്തെ ആക്രമിക്കാനും സൈന്യത്തെ തുരത്താനും തുടങ്ങി. സൗഭത്തിന്റെ നിര്‍മ്മിതി അത്ഭുതാവഹമായിരുന്നു എന്നു പറഞ്ഞുവല്ലോ. ഒരേ സമയം ഒന്നായും പലതായും അതു കാണപ്പെട്ടു. അത് ചിലപ്പോള്‍ പ്രത്യക്ഷപ്പെടും. ചിലപ്പോള്‍ അതിന്റെ സ്ഥാനം ആര്‍ക്കും നിശ്ചയിക്കാനാവാത്തവിധം നിലകൊണ്ടു. ചിലപ്പോള്‍ നിലത്തും മറ്റു ചിലപ്പോള്‍ ആകാശത്തും മലമുകളിലും ജലനിരപ്പിലും സൗഭം കാണപ്പെട്ടു. ഒരഗ്നിശലാകപോലെ ഒരിടത്തും നില്‍ക്കാതെ അതങ്ങനെ പാറിനടന്നു. സാല്വന്‍ തളര്‍ന്നു വീഴുംവരെ യാദവസൈന്യം പ്രത്യാക്രമണം തുടര്‍ന്നു.
ദ്യുമാന്‍ പ്രദ്യുമ്നന്റെ ശരമാരിയേറ്റ് വീണിരുന്നു. എന്നാല്‍ അയാള്‍ പെട്ടെന്നു ചാടിയെണീറ്റ് തന്റെ ഗദയെടുത്ത് പ്രദ്യുമ്നന്റെ നെഞ്ചില്‍ ആഞ്ഞിടിച്ചു. നെഞ്ചു തകര്‍ന്നപോലെ അദ്ദേഹം യുദ്ധക്കളത്തില്‍ വീണു. അദ്ദേഹത്തിന്റെ സാരഥി പെട്ടെന്നു രഥം പായിച്ച് ശുശ്രൂഷിച്ച് പ്രദ്യുമ്നന്റെ ജീവന്‍ രക്ഷിച്ചു. ബോധം വീണപ്പോള്‍ പ്രദ്യുമ്നന്‍ സാരഥിയെ ശകാരിച്ചു. യുദ്ധക്കളത്തില്‍ നിന്നും ഓടിപ്പോകുന്നത് ഭീരുത്വമെന്ന് വ്യാഖ്യാനിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മതം. എന്നാല്‍ സാരഥി പറഞ്ഞു: ‘ഇങ്ങനെയുളള ഒരാപത്തില്‍ തന്റെ യജമാനന്റെ ജീവന്‍ രക്ഷിക്കുകയെന്നത് ഒരു തേരാളിയുടെ ധര്‍മ്മമാണ്.’
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF