ഏവം വദന്തി രാജര്‍ഷേ, ഋഷയഃ കേ ച നാന്വിതാഃ
യത്‌ സ്വവാചോ വിരുധ്യേത നൂനം തേ ന സ്മരന്ത്യുത. (10-77-30)
ക്വ ശോകമോഹൗ സ്നേഹോ വാ ഭയം വാ യേഽജ്ഞസംഭവാഃ
ക്വ ചാഖണ്ഡിതവിജ്ഞാനജ്ഞാനൈശ്വര്യസ്ത്വഖണ്ഡിതഃ (10-77-31)

ശുകമുനി തുടര്‍ന്നു:
പ്രദ്യുമ്നന്‍ തന്റെ തേരാളിയോട്‌ രഥത്തെ പടക്കളത്തിലേയ്ക്കു തന്നെ തിരിച്ചു കൊണ്ടുപോവാന്‍ ആജ്ഞാപിച്ചു. എന്നിട്ട്‌ ദ്യുമാനെ വെല്ലുവിളിച്ചു. പ്രദ്യുമ്നന്‍ ദ്യുമാന്റെ തേരിനെയും തേരാളിയെയും കുതിരകളെയും ദ്യുമാനെയും വീഴ്ത്തി. സാല്വന്റെ പടയെ യാദവസൈന്യം തുരത്തി. ഗംഭീരമായ പോരാട്ടം തുടര്‍ന്നു.

ഇന്ദ്രപ്രസ്ഥത്തില്‍ നിന്നു്‌ ദ്വാരകയിലേയ്ക്കു മടങ്ങുന്ന വഴിക്ക്‌ കൃഷ്ണന്‍ നാട്ടിലെ അശുഭലക്ഷണങ്ങളില്‍ നിന്നും യുദ്ധക്കെടുതികളെപ്പറ്റി മനസ്സിലാക്കി. ഉടനേ തന്നെ തലസ്ഥാനനഗരിയില്‍ ചെന്ന് വിശദവിവരങ്ങളറിഞ്ഞു. ബലരാമനെ നഗരത്തിന്റെ ചുമതലയേല്‍പ്പിച്ചിട്ട്‌ സ്വയം സാല്വനെ നേരിടാന്‍ കൃഷ്ണന്‍ പുറപ്പെട്ടു. സാല്വന്‍ കൃഷ്ണനു നേരെയെറിഞ്ഞ കുന്തം ഭഗവാന്‍ ഛിന്നഭിന്നമാക്കി. സാല്വന്റെ വിമാനത്തിനു നേരെ കൃഷ്ണന്‍ ശരമാരി തൂകി. അതേസമയം സാല്വന്‍ എയ്ത ഒരമ്പ്‌ കൃഷ്ണന്റെ കയ്യില്‍ത്തട്ടി ആയുധത്തിന്റെ ലക്ഷ്യം തെറ്റിച്ചു. കാണികള്‍ അത്ഭുതം പൂണ്ടു നില്‍ക്കെ സാല്വന്‌ തന്റെ നേട്ടത്തില്‍ അഹങ്കാരം തോന്നി. അയാള്‍ കൃഷ്ണനെ അധിക്ഷേപിച്ചു സംസാരിക്കാന്‍ തുടങ്ങി. കൃഷ്ണന്‍ ശാന്തനായി മറുപടി പറഞ്ഞു: ‘വീരന്മാര്‍ പൊങ്ങച്ചം പറയാറില്ല. അവരുടെ പ്രവൃത്തികള്‍ വാക്കുകളേക്കാള്‍ വലുതത്രെ.’

കൃഷ്ണന്‍ സാല്വന്റെ തോളെല്ല്‌ തകര്‍ത്തു. അയാള്‍ ചോരതുപ്പി പെട്ടെന്ന് അപ്രത്യക്ഷനായി. അധികം കഴിയും മുന്‍പ്‌ ഒരപരിചിതദൂതന്‍ കൃഷ്ണമാതാവ്‌ ദേവകിയില്‍ നിന്നുമൊരു ദൂതുമായി വന്നു:‘സാല്വന്‍ അങ്ങയുടെ പിതാവിനെ തട്ടിക്കൊണ്ടു പോയിരിക്കുന്നു.’ കൃഷ്ണന്‍ വാര്‍ത്ത കേട്ട്‌ വ്യാകുലനായി കാണപ്പെട്ടു. തല്‍സമയം സാല്വന്‍ അവിടെ പ്രത്യക്ഷനായി ഭഗവാന്റെ മുന്നില്‍വച്ച്‌ വസുദേവരുടെ തലയറുത്തു. ഇതുകണ്ട്‌ ഭഗവാന്‍ കുറച്ചു നേരത്തേക്ക്‌ ദുഃഖാര്‍ത്തനായി നിന്നു. ‘പരീക്ഷിത്തേ, ചില മാമുനിമാര്‍ അവരുടെ തന്നെ വിശ്വാസത്തിനും ഭക്തിക്കും എതിരായി ഇങ്ങനെ ചില ബുദ്ധിഭ്രമങ്ങള്‍ കൃഷ്ണനുമുണ്ടായെന്നു പറയുന്നു. അജ്ഞതാജന്യമായ മതിഭ്രമവും ദുഃഖവുമെവിടെ? ഏതൊരാളുടെ പാദപങ്കജങ്ങളില്‍ നിന്നുതിരുന്ന പൊടി കൊണ്ടു മാത്രം മൗലികമായ അജ്ഞത ഇല്ലാതാകുന്നുവോ, ആ ഭഗവാന് ബുദ്ധിഭ്രമമുണ്ടാകുന്നതെങ്ങനെ?’ കൃഷ്ണന്‍ സത്യാവസ്ഥ മനസ്സിലാക്കി. സാല്വന്റെ മായികശക്തിയും അയാളുണ്ടാക്കിയ മായാവസുദേവനും ഉടനേ അപ്രത്യക്ഷമായി.

അതിനുശേഷം കൃഷ്ണന്‍ വിമാനത്തെ തന്റെ അജയ്യമായ ശരമാരിയില്‍ പൊതിഞ്ഞു. വിമാനം തകര്‍ന്നു കടലില്‍ വീണു. സാല്വന്‍ നിലത്തു ചാടി കൃഷ്ണന്റെ നേര്‍ക്കു പാഞ്ഞു. കൃഷ്ണന്‍ അയാളുടെ ഗദ പിടിച്ചിരുന്ന കൈ വെട്ടിക്കളഞ്ഞു. എന്നിട്ട്‌ തന്റെ ചക്രായുധമെടുത്ത്‌ അയാളുടെ തലയും തകര്‍ത്തു.

ഇതെല്ലാം കണ്ട്‌ ദേവന്മാര്‍ സന്തോഷിച്ചു. സാല്വന്റെ പട അലമുറയിടാന്‍ തുടങ്ങി. ശിശുപാലന്റെയും സാല്വന്റെയും സുഹൃത്തായ ദന്തവക്ത്രന്‍ കൃഷ്ണനെ എതിരിടാന്‍ വന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF