ഏവം യോഗേശ്വരഃ കൃഷ്ണോ ഭഗവാജ്ഞഗദീശ്വരഃ
ഈയതേ പശുദൃഷ്ടീനാം നിര്‍ജ്ജിതോ ജയതീതി സഃ (10-78-16)
അദാന്തസ്യാ വിനീതസ്യ വൃഥാ പണ്ഡിതമാനിനഃ
ന ഗുണായ ഭവന്തി സ്മ നടസ്യേവാജിതാത്മനഃ (10-78-26)
ഏതദര്‍ത്ഥോ ഹി ലോകേഽസ്മിന്നവതാരോ മയാ കൃതഃ
വധ്യാ മേ ധര്‍മ്മധ്വജിനസ്തേ ഹി പാതകിനോഽധികാഃ (10-78-27)

ദന്തവക്ത്രന്‍ കൃഷ്ണനോട്‌ പറഞ്ഞു:
ഇന്നു ഞാന്‍ ഭാഗ്യവാനാണ്‌. കാരണം അങ്ങയെ മുന്നില്‍ കിട്ടിയിരിക്കുന്നു. എന്റെ സുഹൃത്തുക്കളായ ശിശുപാലന്റെയും സാല്വന്റെയും മരണത്തിനു പകരമായി നിങ്ങളെ കൊല്ലാനുളള അവസരമായിരിക്കുന്നു. നിങ്ങള്‍ എന്റെ ബന്ധുവാണെന്നുളളതു ശരി തന്നെ. എന്നാല്‍ രോഗങ്ങള്‍ ശരീരത്തിന്റെ ശത്രുവെന്നതുപോലെ നിങ്ങളും എനിക്ക്‌ ശത്രു തന്നെ.

ശുകമുനി തുടര്‍ന്നു:
ദന്തവക്ത്രന്‍ ഗദയുമേന്തി കൃഷ്ണനുനേരെ പാഞ്ഞടുത്തു. കൃഷ്ണന്‍ രഥത്തില്‍ നിന്നു്‌ ചാടിയിറങ്ങി കൈയ്യില്‍ ഗദയുമായി അവനെ നേരിട്ടു. ഒരൊറ്റ അടികൊണ്ട്‌ കൃഷ്ണന്‍ അവന്റെ നെഞ്ചു തകര്‍ത്തു. അത്ഭുതമെന്നേ പറയേണ്ടു, അസുരന്റെ ദേഹത്തില്‍ നിന്നും ഒരു പ്രഭാകിരണം കൃഷ്ണശരീരത്തില്‍ പ്രവേശിച്ചു. ശിശുപാലനും ദന്തവക്ത്രനും ഭഗവാന്റെ കാവല്‍ക്കാരായ ജയവിജയന്മാരായിരുന്നുവല്ലോ.

ആ സമയം ദന്തവക്ത്രന്റെ സഹോദരനായ വിദൂരഥന്‍ കൃഷ്ണനുമായി പോരാടാന്‍ വന്നു. കൃഷ്ണന്‍ തന്റെ ചക്രായുധം കൊണ്ട്‌ അവന്റെ കഥ കഴിച്ചു. കൃഷ്ണന്‍ ദ്വാരകയിലേക്ക്‌ തിരിച്ചു. ആകാശഗായകര്‍ ഭഗവാന്റെ മായാവിലാസവും മഹിമയും വാഴ്ത്തി. ‘അങ്ങനെ യോഗേശ്വരനായ കൃഷ്ണന്‍ ചിലപ്പോള്‍ മാത്രമേ വിജയിയാകുന്നുളളുവെന്നു സങ്കുചിതദൃഷ്ടിയുളളവര്‍ക്ക്‌ തോന്നുമെങ്കിലും ഭഗവാന്‍ സര്‍വ്വദാ വിജയിക്കുന്നു.’ ബലരാമന്‍ പാണ്ഡവന്മാരുടെയും കൗരവന്മാരുടെയും ഇടയില്‍ ഒരു യുദ്ധം അനിവാര്യമാണെന്നു കണ്ട്‌ നിഷ്പക്ഷത പാലിക്കാന്‍ തീരുമാനിച്ചു. അതുകൊണ്ട്‌ അദ്ദേഹം ഒരു തീര്‍ത്ഥയാത്ര പുറപ്പെട്ടു. പലേ സ്ഥലങ്ങളും സന്ദര്‍ശിച്ച്‌ നൈമിഷാരണ്യത്തില്‍ പ്രവേശിച്ചു. അവിടെ അനേകം ബ്രാഹ്മണര്‍ രോമഹര്‍ഷണന്‍ എന്നൊരു സൂതന്റെ (ബ്രാഹ്മണസ്ത്രീയുടെയും ക്ഷത്രിയപുരുഷന്റെയും മകന്‍) പ്രവചനം കേള്‍ക്കുകയായിരുന്നു. സൂതന്‍ ബ്രാഹ്മണരേക്കാളും മഹാത്മാക്കളേക്കാളും ഉയര്‍ന്നൊരു പീഠത്തിലാണിരുന്നിരുന്നത്‌. മാത്രമല്ല, ബലരാമനെക്കണ്ട്‌ അദ്ദേഹം എഴുന്നേറ്റ്‌ സ്വാഗതം ചെയ്തതുമില്ല.

ബലരാമന്‍ പറഞ്ഞു:‘വിജ്ഞാനമുളളതുകൊണ്ട്‌ ഒരുവന്‌ ഔദ്ധത്യവും അച്ചടക്കമില്ലായ്മയും ആകാം എന്നില്ല. എല്ലാ മിഥ്യാചാരികളെയും ധാര്‍മ്മികരെന്നു നടിക്കുന്നുവരെയും നശിപ്പിക്കാനാണ്‌ ഞാന്‍ ജനിച്ചിട്ടുളളതു തന്നെ. അവര്‍ അധാര്‍മ്മികജീവിതം നയിക്കുന്നുവരെക്കാള്‍ നീചരത്രെ.’ ഇത്രയും പറഞ്ഞ് അദ്ദേഹം സൂതന്റെ കഥ കഴിച്ചു. സഭയില്‍ കൂടിയിരുന്ന ബ്രാഹ്മണര്‍ ബലരാമനെ ഭര്‍ത്‍സിച്ചു: ‘ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ്‌ അദ്ദേഹം ഉയര്‍ന്ന പീഠത്തിലിരുന്നത്‌. അദ്ദേഹത്തെ വധിച്ച്‌ നിങ്ങള്‍ ബ്രഹ്മഹത്യാപാപം വരുത്തിയിരിക്കുന്നു. അങ്ങ്‌ പരംപൊരുളാണെന്ന് ഞങ്ങളറിയുന്നു. എന്നാല്‍ സാമൂഹ്യനിയമത്തിന്‌ മാതൃക കാണിക്കുന്നതിനായി പ്രായശ്ചിത്തം ചെയ്യേണ്ടതാണ്‌. അങ്ങുപയോഗിച്ച അസ്ത്രത്തിന്റെ അജയ്യതക്കും മരണത്തിന്റെ അനിവാര്യതക്കും കോട്ടം വരാത്ത വിധത്തില്‍ അങ്ങതു വേണ്ടപോലെ ചെയ്താലും.’ ബലരാമന്‍ പറഞ്ഞു: ‘ഒരു മനുഷ്യന്‍ സ്വയം പുത്രനായി പിറക്കുന്നു എന്നാണ്‌ ശാസ്ത്രമതം. അതുകൊണ്ട്‌ രോമഹര്‍ഷണന്റെ പുത്രന്‌ ദീര്‍ഘായുസ്സും ആരോഗ്യവും നിങ്ങളാഗ്രഹിക്കുന്നതെന്തോ, അതും നല്‍കാം.’ ബ്രാഹ്മണര്‍ ഉപദേശിച്ചു: ‘ബല്വലന്‍ എന്നൊരു രാക്ഷസന്‍ ഞങ്ങളെ ദ്രോഹിക്കുന്നു. അവനെ വധിച്ചാലും. എന്നിട്ട്‌ ഒരു വര്‍ഷത്തേക്ക്‌ ബ്രഹ്മഹത്യയ്ക്കു പ്രായശ്ചിത്തമായി രാജ്യം മുഴുവനും തീര്‍ത്ഥയാത്ര നടത്തുക. അങ്ങേയ്ക്കങ്ങനെ പാപവിമോചനം ലഭിക്കും.’

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF