സീതാന്വേഷണം – ആരണ്യകാണ്ഡം MP3 (52)

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.


MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

സീതാന്വേഷണം

രാമനും മായാമൃഗവേഷത്തെക്കൈക്കൊണ്ടൊരു
കാമരൂപിണം മാരീചാസുരമെയ്‌തു കൊന്നു
വേഗേന നടകൊണ്ടാനാശ്രമം നോക്കിപ്പുന-
രാഗമക്കാതലായ രാഘവന്‍തിരുവടി.
നാലഞ്ചു ശരപ്പാടു നടന്നോരനന്തരം
ബാലകന്‍വരവീഷദ്ദൂരവേ കാണായ്‌വന്നു.
ലക്ഷ്‌മണന്‍ വരുന്നതു കണ്ടു രാഘവന്‍താനു-
മുള്‍ക്കാമ്പില്‍ നിരൂപിച്ചു കല്‍പിച്ചു കരണീയം.
“ലക്ഷ്മണനേതുമറിഞ്ഞീലല്ലോ പരമാര്‍ത്ഥ-
മിക്കാലമിവനേയും വഞ്ചിക്കെന്നതേവരൂ.
രക്ഷോനായകന്‍ കൊണ്ടുപോയതു മായാസീതാ
ലക്ഷ്‌മീദേവിയെയുണ്ടോ മറ്റാര്‍ക്കും ലഭിക്കുന്നു?
അഗ്നിമണ്ഡലത്തിങ്കല്‍ വാഴുന്ന സീതതന്നെ
ലക്ഷ്മണനറിഞ്ഞാലിക്കാര്യവും വന്നുകൂടാ.
ദുഃഖിച്ചുകൊളളൂ ഞാനും പ്രാകൃതനെന്നപോലെ
മൈക്കണ്ണിതന്നെത്തിരഞ്ഞാശു പോയ്‌ ചെല്ലാമല്ലോ
രക്ഷോനായകനുടെ രാജ്യത്തി,ലെന്നാല്‍ പിന്നെ-
ത്തല്‍ക്കുലത്തോടുംകൂടെ രാവണന്‍തന്നെക്കൊന്നാല്‍
അഗ്നിമണ്ഡലേ വാഴും സീതയെസ്സത്യവ്യാജാല്‍
കൈക്കൊണ്ടുപോകാമയോദ്ധ്യയ്‌ക്കു വൈകാതെ, പിന്നെ
അക്ഷയധര്‍മ്മമോടു രാജ്യത്തെ വഴിപോലെ
രക്ഷിച്ചു കിഞ്ചില്‍ കാലം ഭൂമിയില്‍ വസിച്ചീട‍ാം.
പുഷ്‌കരോല്‍ഭവനിത്ഥം പ്രാര്‍ത്ഥിക്കനിമിത്തമാ-
യര്‍ക്കവംശത്തിങ്കല്‍ ഞാന്‍ മര്‍ത്ത്യനായ്പിറന്നതും.
മായാമാനുഷനാകുമെന്നുടെ ചരിതവും
മായാവൈഭവങ്ങളും കേള്‍ക്കയും ചൊല്ലുകയും
ഭക്തിമാര്‍ഗ്ഗേണ ചെയ്യും മര്‍ത്ത്യനപ്രയാസേന
മുക്തിയും സിദ്ധിച്ചീടുമില്ല സംശയമേതും.
ആകയാലിവനേയും വഞ്ചിച്ചു ദുഃഖിപ്പു ഞാന്‍
പ്രാകൃതപുരുഷനെപ്പോലെ”യെന്നകതാരില്‍
നിര്‍ണ്ണയിച്ചവരജനോടരുള്‍ചെയ്തീടിനാന്‍ഃ
“പര്‍ണ്ണശാലയില്‍ സീതയ്‌ക്കാരൊരു തുണയുളളൂ?
എന്തിനിങ്ങോട്ടു പോന്നു ജാനകിതന്നെബ്ബലാ-
ലെന്തിനു വെടിഞ്ഞു നീ, രാക്ഷസരവളേയും
കൊണ്ടുപോകയോ കൊന്നു ഭക്ഷിച്ചുകളകയോ
കണ്ടകജാതികള്‍ക്കെന്തോന്നരുതാത്തതോര്‍ത്താല്‍?”
അഗ്രജവാക്യമേവം കേട്ടു ലക്ഷ്‌മണന്‍താനു-
മഗ്രേ നിന്നുടനുടന്‍ തൊഴുതു വിവശനായ്‌
ഗദ്‌ഗദാക്ഷരമുരചെയ്‌തിതു ദേവിയുടെ
ദുര്‍ഗ്രഹവചനങ്ങള്‍ ബാഷ്പവും തൂകിത്തൂകി.
“ഹാ! ഹാ! ലക്ഷ്‌മണ! പരിത്രാഹി! സൗമിത്രേ! ശീഘ്രം
ഹാ! ഹാ! രാക്ഷസനെന്നെ നിഗ്രഹിച്ചീടുമിപ്പോള്‍
ഇത്തരം നക്തഞ്ചരന്‍തന്‍ വിലാപങ്ങള്‍ കേട്ടു
മുദ്ധഗാത്രിയും തവ നാദമെന്നുറയ്‌ക്കയാല്‍
അത്യര്‍ത്ഥം പരിതാപം കൈക്കൊണ്ടു വിലാപിച്ചു
സത്വരം ചെന്നു രക്ഷിക്കെന്നെന്നോടരുള്‍ചെയ്‌തു.
‘ഇത്തരം നാദം മമ ഭ്രാതാവിനുണ്ടായ്‌വരാ
ചിത്തമോഹവും വേണ്ട സത്യമെന്നറിഞ്ഞാലും.
രാക്ഷസനുടെ മായാഭാഷിതമിതു നൂനം
കാല്‍ക്ഷണം പൊറുക്കെ’ന്നു ഞാന്‍ പലവുരു ചൊന്നേന്‍.
എന്നതു കേട്ടു ദേവി പിന്നെയുമുരചെയ്‌താ-
ളെന്നോടു പലതരമിന്നവയെല്ലാമിപ്പോള്‍
നിന്തിരുമുമ്പില്‍നിന്നു ചൊല്ലുവാന്‍ പണിയെന്നാല്‍
സന്താപത്തോടു ഞാനും കര്‍ണ്ണങ്ങള്‍ പൊത്തിക്കൊണ്ടു
ചിന്തിച്ചു ദേവകളെ പ്രാര്‍ത്ഥിച്ചു രക്ഷാര്‍ത്ഥമായ്‌
നിന്തിരുമലരടി വന്ദിപ്പാന്‍ വിടകൊണ്ടേന്‍.”
“എങ്കിലും പിഴച്ചിതു പോന്നതു സൗമിത്രേ! നീ
ശങ്കയുണ്ടായീടാമോ ദുര്‍വചനങ്ങള്‍ കേട്ടാല്‍?
യോഷമാരുടെ വാക്കു സത്യമെന്നോര്‍ക്കുന്നവന്‍
ഭോഷനെത്രയുമെന്നു നീയറിയുന്നതില്ലേ?
രക്ഷസ‍ാം പരിഷകള്‍ കൊണ്ടുപൊയ്‌ക്കളകയോ
ഭക്ഷിച്ചുകളകയോ ചെയ്തതെന്നറിഞ്ഞീല.”
ഇങ്ങനെ നിനച്ചുടജാന്തര്‍ഭാഗത്തിങ്കല്‍ ചെ-
ന്നെങ്ങുമേ നോക്കിക്കാണാഞ്ഞാകുലപ്പെട്ടു രാമന്‍
ദുഃഖഭാവവും കൈക്കൊണ്ടെത്രയും വിലാപിച്ചാന്‍
നിഷ്‌കളനാത്മാരാമന്‍ നിര്‍ഗ്ഗുണനാത്മാനന്ദന്‍.
“ഹാ! ഹാ! വല്ലഭേ! സീതേ! ഹാ! ഹാ! മൈഥിലീ! നാഥേ!
ഹാ! ഹാ! ജാനകീ! ദേവി! ഹാ! ഹാ! മല്‍പ്രാണേശ്വരി!
എന്നെ മോഹിപ്പിപ്പതിന്നായ്‌മറഞ്ഞിരിക്കയോ?
ധന്യേ! നീ വെളിച്ചത്തു വന്നീടു മടിയാതെ.”
ഇത്തരം പറകയും കാനനംതോറും നട-
ന്നത്തല്‍പൂണ്ടന്വേഷിച്ചും കാണാഞ്ഞു വിവശനായ്‌
“വനദേവതമാരേ! നിങ്ങളുമുണ്ടോ കണ്ടൂ
വനജേക്ഷണയായ സീതയെ സത്യം ചൊല്‍വിന്‍.
മൃഗസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടൂ
മൃഗലോചനയായ ജനകപുത്രിതന്നേ?
പക്ഷിസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടൂ
പക്ഷ്മളാക്ഷിയെ മമ ചൊല്ലുവിന്‍ പരമാര്‍ത്ഥം.
വൃക്ഷവൃന്ദമേ! പറഞ്ഞീടുവിന്‍ പരമാര്‍ത്ഥം
പുഷ്‌കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടൂ?”
ഇത്ഥമോരോന്നേ പറഞ്ഞെത്രയും ദുഃഖം പൂണ്ടു
സത്വരം നീളത്തിരഞ്ഞെങ്ങുമേ കണ്ടീലല്ലോ.
സര്‍വദൃക്‌ സര്‍വേശ്വരന്‍ സര്‍വജ്ഞന്‍ സര്‍വാത്മാവ‍ാം
സര്‍വകാരണനേകനചലന്‍ പരിപൂര്‍ണ്ണന്‍
നിര്‍മ്മലന്‍ നിരാകാരന്‍ നിരഹംകാരന്‍ നിത്യന്‍
ചിന്മയനഖണ്ഡാനന്ദാത്മകന്‍ ജഗന്മയന്‍.
മായയാ മനുഷ്യഭാവേന ദുഃഖിച്ചീടിനാന്‍
കാര്യമാനുഷന്‍ മൂഢാത്മാക്കളെയൊപ്പിപ്പാനായ്‌.
തത്വജ്ഞന്മാര്‍ക്കു സുഖദുഃഖഭേദങ്ങളൊന്നും
ചിത്തേ തോന്നുകയുമില്ല ജ്ഞാനമില്ലായ്‌കയാല്‍ .

Close