ഭഗവാംസ്താസ്തഥാഭൂതാ വിവക്ത ഉപസംഗതഃ
ആശ്ലിഷ്യാനാമയം പൃഷ്ട്വാ പ്രഹസന്നിദമബ്രവീത് (10-82-40)
അപ്യവധ്യായഥാസ്മാന്‍ സ്വിദകൃതജ്ഞാവിശങ്കയാ
നൂനം ഭൂതാനി ഭഗവാന്‍ യുനക്തി വിയുനക്തി ച (10-82-42)
മയി ഭക്തിര്‍ഹി ഭൂതാനാമമൃതത്വായ കല്‍പ്പതേ
ദിഷ്ട്യാ യദാസീന്‍മത്‌സ്നേഹോ ഭവതീനാം മദാപനഃ (10-82-44)
ശുകമുനി തുടര്‍ന്നു:
ഒരിക്കല്‍ പൂര്‍ണ്ണസൂര്യഗ്രഹണാവസരത്തില്‍ സമന്തപഞ്ചകം എന്ന സ്ഥലത്ത് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമുളളവര്‍ ഒത്തുചേര്‍ന്നു. ഇവിടെയാണ് ദുഷ്ടരാജാക്കന്‍മാരെ കൊന്ന് അഞ്ചു തടാകങ്ങളിലായി പരശുരാമന്‍ രക്തം നിറച്ചത്. യാദവന്മാര്‍ അവിടെ കൃഷ്ണന്റെ നേതൃത്വത്തില്‍ മക്കളും ചെറുമക്കളുമായി സന്നിഹിതരായി. പാരമ്പര്യമനുസരിച്ച് പുണ്യതീര്‍ത്ഥത്തില്‍ മുങ്ങി അവര്‍ ഭഗവാനെ പൂജിച്ചു. ഉത്സവവിവരമറിഞ്ഞ് വൃന്ദാവനത്തില്‍ നിന്നും ഗോപന്മാരും ഗോപികമാരും സമന്തപഞ്ചകത്തിലെത്തിച്ചേര്‍ന്നു. നന്ദഗോപനും വസുദേവനും കണ്ടുമുട്ടിയ അവസരം തികച്ചും ഹൃദയഹാരിയായിരുന്നു. യാദവസ്ത്രീകളും ഗോപികമാരും പരസ്പരം സ്വാഗതമോതി. അന്തഃരീക്ഷം മുഴുവന്‍ ഭഗവല്‍പ്രേമത്തിന്റെ പരിവേഷത്തിലായിരുന്നു. എല്ലാവരും ശ്രീകൃഷ്ണനെപ്പറ്റി സംസാരിച്ചു.
പല രാജാക്കന്‍മാരും ഭരണസാരഥികളും യാദവരെ പുകഴ്ത്തി സംസാരിച്ചു: ‘ഇഹലോകത്തിലെ ജനങ്ങളില്‍ നിങ്ങളാണ് ഏറ്റവും അനുഗൃഹീതര്‍. ഏതു ഭഗവാന്റെ ഒരേയൊരു ദര്‍ശനത്തിനായി യോഗിവര്യന്മാര്‍ ആഗ്രഹിക്കുന്നുവോ, ആ ഭഗവാന്‍ നിത്യവും നിങ്ങളുടെ കൂടെയുണ്ട്. നിങ്ങള്‍ക്ക് ഭഗവാനുമായി രക്തബന്ധം പോലുമുണ്ട്. നിങ്ങള്‍ അദ്ദേഹത്തെ കാണുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു, അദ്ദേഹത്തെ തൊടുന്നു. ഒരെയൊരുതവണ ദര്‍ശനഭാഗ്യം ലഭിച്ചാല്‍ തന്നെ സായൂജ്യം ലഭിക്കുന്ന ആ ഭഗവാന്റെകൂടെ നിങ്ങള്‍ എപ്പോഴും കഴിയുന്നു.’
രോഹിണിയും ദേവകിയും യശോദയോട് തങ്ങള്‍ക്കുളള ബഹുമാനവും നന്ദിയും കടപ്പാടും വെളിപ്പെടുത്തി: ‘കംസനോടുളള ഭയം നിമിത്തം ഞങ്ങളുടെ മക്കളെ ഭവതിയെ ഏല്‍പ്പിച്ചു. വളരെക്കാലം അവര്‍ സ്വന്തം മാതാപിതാക്കളെ കാണുകയുണ്ടായില്ല. നിങ്ങളാണെങ്കില്‍ സ്വന്തമെന്നോ അല്ലെന്നോ ഉളള യാതൊരു ഭാവഭേദവുമില്ലാതെ അവരെ വളര്‍ത്തി വലുതാക്കി.’
ഗോപികമാര്‍ കൃഷ്ണപ്രേമസാഗരത്തില്‍ നീന്തി ഭഗവാനെ വീണ്ടും വീണ്ടും കണ്ണുകളിലുടെ ഹൃദയത്തില്‍ നിറച്ച് ഭഗവാനുമായി ഒന്നു ചേര്‍ന്നു. കൃഷ്ണനും അവരെ രഹസ്യമായി സന്ധിച്ചു. ‘ഭഗവാനാണ് ആളുകളെ അടുപ്പിക്കുന്നുതും അകറ്റുന്നതും. നിങ്ങള്‍ക്ക് എന്നോട് പരമമായ പ്രേമമുളളതിനാല്‍ നിങ്ങള്‍ അനുഗൃഹീതരത്രെ. കാരണം, എന്നെ പ്രേമിക്കുന്നത് അമരത്വത്തിലേക്കുളള പാതയത്രെ. ഭാഗ്യം കൊണ്ട് നിങ്ങള്‍ ആ പ്രേമം വളര്‍ത്തിയെടുത്തിരിക്കുന്നു. ഞാന്‍ എല്ലാറ്റിന്റെയും ആത്മമസത്തയത്രെ. ഞാന്‍ അവയുടെ ആദിയും ജീവിതവും ലക്ഷ്യവുമത്രെ. എല്ലാ ജീവജാലങ്ങളുടെയും സത്ത ആത്മാവും, ശരീരം അതിനെ പൊതിയുന്ന വസ്ത്രവുമത്രെ. ഞാന്‍ ഇവയ്ക്കെല്ലാം അതീതനാണ്. എന്നാല്‍ നിങ്ങളെല്ലാം എന്നിലാണ് നിലകൊളളുന്നത്.’ ഭഗവാന്റെ ഈ മഹാസന്ദേശം ധ്യാനിച്ച് ഗോപികമാര്‍ സായൂജ്യം പ്രാപിച്ചു. തുടര്‍ന്നും ഭഗവല്‍പ്രേമത്തില്‍ വിരാജിക്കാനിടവരണമെന്ന് അവര്‍ പ്രാര്‍ത്ഥിച്ചു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF