സന്നികര്‍ഷോ ഹി മര്‍ത്ത്യാനാമനാദരണകാരണം
ഗാംഗം ഹിത്വാ യഥാന്യാംഭസ്തത്രത്യോ യാതി ശുദ്ധയേ (10-84-31)
വിത്തൈക്ഷണാം യജ്ഞദാനൈര്‍ഗൃഹൈര്‍ദ്ദാരസുതൈഷണാം
ആത്മലോകൈഷണാം ദേവ, കാലേന വിസൃജേദ്ബുധഃ
ഗ്രാമേ ത്യക്തൈഷണാഃ സര്‍വ്വേ യയുര്‍ധീരരാസ്തപോവനം (10-84-38)
മാ രാജ്യശ്രീരഭൂത് പുംസഃ ശ്രേയസ്കാമസ്യ മാനദ
സ്വജനാനുത ബന്ധൂന്‍ വാ നപശ്യതി യയാന്ധദൃക് (10-84-64)
ശുകമുനി തുടര്‍ന്നു:
വസുദേവരുടെ അഭ്യര്‍ത്ഥന കേട്ട് നാരദമുനി ഇങ്ങനെ പറഞ്ഞു: ‘മാമുനിമാരേ, വസുദേവര്‍ക്ക് ഈ സര്‍വ്വജ്ഞനായ കൃഷ്ണന്‍ തന്റെ മകനാണല്ലോ. അതുകൊണ്ടാണ് ചോദ്യം നിങ്ങളോട് ചോദിക്കുന്നത്. ചിരപരിചിതത്വം കൊണ്ട് ആളുകള്‍ ചുറ്റുമുളളവരുടെ മാഹാത്മ്യത്തെ മനസ്സിലാക്കുന്നില്ല. ഗംഗാതീരത്തു വസിക്കുന്നവര്‍ ആത്മസംസ്കരണത്തിനായി മറ്റു പുണ്യതീര്‍ത്ഥങ്ങള്‍ തേടി പോകുന്നുതുപോലെയത്രെ ഇത്.’
മാമുനിമാര്‍ ഇങ്ങനെ മറുപടി പറഞ്ഞു: ‘കര്‍മ്മഫലങ്ങളില്‍ നിന്നു മുക്തി നേടാനുളള മാര്‍ഗ്ഗം എല്ലാ കര്‍മ്മങ്ങളും ഭഗവല്‍പൂജകളായി ചെയ്യുക എന്നതാണ്. ഭഗവാനാണല്ലോ എല്ലാ യാഗപൂജാദികളുടെയും കര്‍മ്മവും ലക്ഷ്യവും. മനുഷ്യര്‍ ഇഹലോകത്തില്‍ മൂന്നു തരത്തിലുളള ആഗ്രഹങ്ങള്‍ക്കും ആസക്തികള്‍ക്കും അടിമപ്പെട്ടിരിക്കുന്നു. സമ്പത്തിനായുളള ആഗ്രഹം, ഭാര്യാപുത്രാദികള്‍ക്കായുളള ആഗ്രഹം, സ്വര്‍ഗ്ഗലാഭത്തിനായുളള ആഗ്രഹം. ഒരുവന്‍ സമ്പത്തിനായുളള ആഗ്രഹത്തെ പൂജാദികള്‍ കൊണ്ടും ദാനധര്‍മ്മങ്ങള്‍ കൊണ്ടും, ഭാര്യാപുത്രാദികള്‍ക്കായുളള ആഗ്രഹം ധാര്‍മ്മികമായ ഗൃഹസ്ഥാശ്രമജീവിതം കൊണ്ടും, സ്വര്‍ഗ്ഗലാഭത്തിനായുളള ആഗ്രഹം സ്വര്‍ഗ്ഗ ജീവിതത്തിന്റെ ക്ഷണികതയെപ്പറ്റി മനസ്സിലാക്കിയും അതിജീവിക്കേണ്ടതാണ്. ദേവതകളോടുളള കടം തീര്‍ക്കാതെയും (യാഗപൂജാദികള്‍ നടത്താതെയും) ശാസ്ത്രാദികള്‍ പഠിക്കാതെയും പ്രചരിപ്പിക്കാതെയും മാമുനിമാരോടുളള കടപ്പാടുകള്‍ തീര്‍ക്കാതെയും സന്താനങ്ങളുണ്ടാകാതെ പിതൃക്കളോടുളള കടം വീട്ടാതെയും ഗൃഹസ്ഥാശ്രമം ഉപേക്ഷിക്കുന്നുവന്‍ തന്റെ ആത്മീയവളര്‍ച്ചയില്‍നിന്നും തഴേയ്ക്കു പതിക്കുന്നു. അതുകൊണ്ട് അല്ലയോ വസുദേവരേ, യാഗകര്‍മ്മാദികള്‍ ചെയ്ത് ഭഗവാനെ പ്രസാദിപ്പിച്ചാലും.’
ഉടനേ തന്നെ, മഹര്‍ഷിമാരുടെ ഉപദേശത്തെ മാനിച്ച് വസുദേവന്‍ ഒരു യാഗം നടത്തി. ശാസ്ത്രാധിഷ്ഠിതവും മാമുനിമാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചും നടത്തിയ യാഗത്തിനു ശേഷം എല്ലാവര്‍ക്കും വിലപിടിച്ച സമ്മാനങ്ങള്‍ വിതരണം ചെയ്തു. നായ്ക്കള്‍ക്കു പോലും സമ്മാനങ്ങള്‍ ലഭിച്ചു. അതിനുശേഷം രാജാക്കന്മാരും പ്രഭുക്കളും സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങി. വസുദേവന് നന്ദഗോപരോട് ഏറ്റവും കൂടുതല്‍ അടുപ്പവും സ്നേഹവും ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: ‘നമ്മുടെ സൗഹൃദം വാക്കുകള്‍ക്കതീതമാണ്. നന്ദഗോപരേ, നിങ്ങള്‍ എന്നും ഞങ്ങളോട് നന്മ മാത്രമേ കാണിച്ചിട്ടുളളു. എന്നാല്‍ ഞങ്ങളോ നന്ദികെട്ടവര്‍. കംസന്‍ ഞങ്ങളെ തടവിലാക്കിയിരുന്നപ്പോള്‍ ഞങ്ങള്‍ വിചാരിച്ചു ന്യായമായും നിങ്ങളുടെ ദയവിന് പ്രതിഫലമായൊന്നും ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയില്ല എന്ന്. എന്നാല്‍ ഞങ്ങള്‍ സ്വതന്ത്രരായപ്പോഴും നിങ്ങളോട് വേണ്ടപോലെ നന്ദി പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അതാണ് അധികാരസ്ഥാനങ്ങളിലുളളവരുടെ അവസ്ഥ. അവര്‍ക്ക് സൗഹൃദം കൊണ്ടൊരുപയോഗവുമില്ല. അതുകൊണ്ട് ഏതൊരുവന്‍ സത്യമായും ക്ഷേമത്തെ കാംക്ഷിക്കുന്നുവോ അവന്‍ ഭരണാധികാരവും സ്ഥാനമാനങ്ങളും ഉപേക്ഷിക്കേണ്ടതാണ്. കാരണം അവ സൗഹൃദങ്ങളെയും ബന്ധുതയെയും അകറ്റി നിര്‍ത്തുന്നു., വസുദേവരുടെ ആതിഥേയം ആസ്വദിച്ചു കൊണ്ട് നന്ദഗോപരും കൂട്ടരും കുറച്ചുനാള്‍കൂടി അവിടെ കഴിഞ്ഞു. വസുദേവന്‍ എല്ലാവരെയും പലേവിധങ്ങളില്‍ സല്‍ക്കരിച്ചു. കുറേക്കാലമങ്ങനെ ഉല്ലസിച്ചുകഴിഞ്ഞ് നന്ദഗോപന്‍ വൃന്ദാവനത്തിലേക്കും യാദവര്‍ ദ്വാരകയിലേക്കും മടങ്ങി.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF