തന്നഃ പ്രസീദ നിരപേക്ഷ വിമൃഗ്യയുഷ്മത്-
പാദാരവിന്ദധിഷണാന്യ ഗൃഹാന്ധകൂപാത്‌
നിഷ്ക്രമ്യ വിശ്വശരണാങ്ഘ്ര്യുപലബ്ധവൃത്തിഃ
ശാന്തോ യഥൈക ഉത സര്‍വ്വസഖൈശ്ചരാമി (10-85-45)
യ ഇദമനുശൃണോതി ശ്രാവയേദ്വാ മുരാരേ-
ശ്ചരിതമമൃതകീര്‍ത്തേര്‍വ്വര്‍ണ്ണിതം വ്യാസപുത്രൈഃ
ജഗദഘഭിദലം തദ്ഭക്തസത്കര്‍ണ്ണപൂരം
ഭഗവതി കൃതചിത്തോ യാതി തത്ക്ഷേമധാമ (10-85-59)

ശുകമുനി തുടര്‍ന്നു:
ദേവകി തന്റെ പുത്രന്റെ ദിവ്യതയെ സാക്ഷാത്കരിച്ച്‌ കംസനാല്‍ കൊല്ലപ്പെട്ട തന്റെ ആദ്യത്തെ ആറു പുത്രന്‍മാരെപ്പറ്റിയോര്‍ത്തിട്ട്‌ കൃഷ്ണനോടിങ്ങനെ പറഞ്ഞു: ‘കൃഷ്ണാ, നീയാണ്‌ ഈശ്വരനെന്നും സ്രഷ്ടാവിനുപോലും പ്രഭുവാണ്‌ നീയെന്നും എനിക്കറിയാം. നീ ഗുരുപുത്രനെ യമദേവന്റെ അടുത്തുനിന്നും തിരികെ കൂട്ടിക്കൊണ്ടുവന്നതു കേട്ട്‌ ഞാന്‍ അത്ഭുതചകിതയായിട്ടുണ്ട്‌. എനിക്കും എന്റെ മക്കളെ കാണണമെന്നുണ്ട്‌. കംസന്‍ വധിച്ച എന്റെ കുഞ്ഞുങ്ങളെ വീണ്ടും കാണാനുളള എന്റെ ആഗ്രഹം സാധിച്ചു തന്നാലും.’

കൃഷ്ണനും ബലരാമനും തങ്ങളുടെ യോഗമായകൊണ്ട്‌ ക്ഷണനേരത്തില്‍ സുതലമെന്ന പാതാള ലോകത്തെത്തിച്ചേര്‍ന്നു. സുതലത്തിന്റെ രാജാവ്‌ മഹാനായ ബലിയായിരുന്നു. ദിവ്യസഹോദരന്‍മാരെക്കണ്ട്‌ അദ്ദേഹം ഹര്‍ഷപുളകിതനായി. അവരെ പൂജിച്ചെതിരേറ്റ്, കൃഷ്ണന്റെ പാദകമലങ്ങളെ ആലിംഗനം ചെയ്തുകൊണ്ട്‌ ബലി ഇങ്ങനെ പറഞ്ഞു: ‘ഭഗവാനേ, ഞങ്ങള്‍ അസുരന്മാര്‍ അങ്ങയോട്‌ വെറുപ്പു വച്ചുപുലര്‍ത്തുന്നവരത്രെ. എങ്കിലും ഉത്തമഭക്തന്മാരെപ്പോലെത്തന്നെ ഞങ്ങളും അങ്ങയോടടുത്തു തന്നെ നിലകൊളളുന്നു. ഭക്തിയാലോ വെറുപ്പാലോ ഞങ്ങള്‍ എപ്പോഴും അങ്ങയോടൊപ്പമത്രെ. ഏറ്റവും മഹാനായ യോഗിവര്യന്‍പോലും അങ്ങയുടെ യഥാര്‍ത്ഥഭാവം അറിയുന്നില്ല. ആഗ്രഹലേശമില്ലാത്തവര്‍ ആഗ്രഹിക്കുന്ന അവിടുത്തെ പാദാരവിന്ദങ്ങളില്‍ നിരന്തരഭക്തിയുണ്ടാവാനാണ്‌ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്‌. അങ്ങനെ ലൗകികതയെന്ന ഇരുട്ടുകുഴിയില്‍ നിന്നു്‌ എനിക്ക്‌ സ്വാതന്ത്ര്യം ലഭിക്കുമല്ലോ. അതിനുശേഷം സ്വതന്ത്രനായി അലഞ്ഞുതിരിയുകയോ സര്‍വ്വജീവജാലങ്ങളെയും സുഹൃത്തായി കണക്കാക്കുന്നവരുമായുളള സത്സംഗസൗഭാഗ്യമാസ്വദിക്കുകയോ ചെയ്യാമല്ലോ.’

കൃഷ്ണന്‍ പറഞ്ഞു:
അല്ലയോ അസുരരാജന്‍, മരീചിമുനിക്ക്‌ തന്റെ ഭാര്യയായ ഊര്‍ണയില്‍ ആറു പുത്രന്മാരുണ്ടായിരുന്നു. ബ്രഹ്മാവ്‌ തന്റെ പുത്രിയെ വിഷയാസക്തനായി സമീപിക്കുന്നുതു കണ്ട്‌ ഇവര്‍ മര്യാദകെട്ട രീതിയില്‍ പൊട്ടിച്ചിരിച്ചു. അങ്ങനെ ബ്രഹ്മകോപത്തിനിരയായി. അങ്ങനെയവര്‍ ഹിരണ്യകശിപുവിന്റെ സന്താനങ്ങളായി ജനിക്കാനിരുന്നുവെങ്കിലും എന്റെ അമ്മയുടെ വയറ്റിലേക്ക്‌ മാറ്റപ്പെട്ടു. അവരെ കംസന്‍ വധിക്കുകയും ചെയ്തു. എന്റെ അമ്മയുടെ ആഗ്രഹം സാധിപ്പിച്ച്‌ സന്തോഷിപ്പിക്കാനായി അവരെ ഭൂമിയിലേക്ക്‌ കൊണ്ടുപോകാനാണ്‌ ഞങ്ങള്‍ വന്നിട്ടുളളത്‌., ബലി തല്‍ക്ഷണം ആറുപേരെയും പുനര്‍ജീവിപ്പിച്ചു. സഹോദരന്മാര്‍ അവരെ ദേവകിയുടെ അടുക്കല്‍ കൊണ്ടുപോയി. ശ്രീകൃഷ്ണന്റെ കരസ്പര്‍ശനമാത്രയില്‍ അവര്‍ക്ക്‌ ഈശ്വരസാക്ഷാത്ക്കാരം ലഭിക്കുകയും അവര്‍ സ്വര്‍ഗ്ഗസീമകളിലേക്കുയരുകയും ചെയ്തു. ദേവകി അത്ഭുതസ്തബ്ധയായി. തന്റെ പുനര്‍ജീവിക്കപ്പെട്ട പുത്രന്മാരെ വീണ്ടും നഷ്ടപ്പെട്ടതില്‍ അവര്‍ക്ക്‌ ദുഃഖമേതും തോന്നിയതുമില്ല.

ആരെല്ലാം ഭഗവാന്റെ സര്‍വ്വ സംശുദ്ധീകരമായ ഈ കഥകള്‍ പറയുകയോ കേള്‍ക്കുകയോ ചെയ്യുന്നുവോ, അവര്‍ക്കു തീവ്രഭക്തിയുണ്ടാവുകയും അവര്‍ ഭഗവല്‍സവിധം പൂകാനിടയാവുകയും ചെയ്യും.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF