ജനിമസതഃ സതോ മൃതിമുതാത്മനി യേ ച ഭിദാം
വിപണമൃതം സ്മരന്ത്യുപദിശന്തി ത ആരുപിതൈഃ
ത്രിഗുണമയഃ പുമാനിതി ഭിദാ യദബോധകൃതാ
ത്വയി ന തതഃ പരത്ര സ ഭവേദവബോധരസേ (10-87-25)
തവ പരി യേ ചരന്ത്യഖിലസത്ത്വനികേതതയാ
ത ഉത പദാക്രമന്ത്യ വിഗണയ്യശിരോ നിര്യതേഃ
പരിവയസേ പശൂനിവ ശിരാ വിബുധാനപി താം
സ്ത്വയി കൃതസൗഹൃദാഃ ഖലു പുനന്തി ന യേ വിമുഖാഃ (10-87-27)
വേദസ്തുതി തുടരുന്നു;
വേദശാസ്ത്രങ്ങള്‍ ജീവാത്മാവിനെ അവിടുത്തെ ആശയമായി കണക്കാക്കുന്നു. ഈ വിശ്വാസത്തില്‍ വിവേകി അവിടുത്തെ പാദാരവിന്ദങ്ങളില്‍ ഭക്തനാവുന്നു. അപ്പോഴാണ് വികാസപരിണാമം മൂര്‍ദ്ധന്യദിശയിലെത്തുന്നത്. ചിലര്‍ ഇഹലോകത്തിലെ അനന്തമായ അലച്ചില്‍ മതിയാക്കി ഗൃഹജീവിതം ഉപേക്ഷിച്ച് മുക്തിപദം പോലും ആഗ്രഹിക്കാതെ അവിടുത്തെ കഥകളിലും മഹിമാകഥനങ്ങളിലും മുഴുകി കഴിയുന്നു. മനുഷ്യജന്മം ലഭിച്ചതിനു ശേഷവും ചിലര്‍ അങ്ങയെ ഭക്തിപുരസ്സരം പ്രേമിക്കുന്നുതിന്റെ ആനന്ദമനുഭവിക്കാത്തത് കഷ്ടം തന്നെ. അവരുടെ ഏക അഭ്യുദയകാംക്ഷിയും ആത്മാവുമാണല്ലോ അങ്ങ്. ശരീരമനസ്സുകളുടെ ആഗ്രഹാഭിലാഷങ്ങള്‍ക്കു വഴിപ്പെട്ട് ആത്മനാശോന്മുഖമായ പാതയില്‍ ചരിച്ച് അവര്‍ അന്തമില്ലാത്ത ജനനമരണ ചക്രത്തിനടിമപ്പെടുന്നു. അങ്ങയുടെ ശത്രുക്കള്‍ക്കു പോലും ചിരഃസ്മരണകൊണ്ട് മോക്ഷം ലഭിച്ചുവല്ലോ.
സൃഷ്ടിക്കപ്പെട്ട ഒരു ജീവിക്കും അവിടുത്തെ ഉണ്മ ഉള്‍ക്കൊളളാനാവില്ല. കാരണം അങ്ങ് എല്ലാറ്റിനും മുന്‍പേ നിലനിന്നിരുന്നു. എല്ലാ സിദ്ധാന്തങ്ങളും അജ്ഞാനാധിഷ്ഠിതമത്രെ. അയാഥാര്‍ത്ഥ്യം യദൃഛയാ ജീവികളാവുന്നു എന്നൊരു മതം. ഉണ്മയും നശിക്കുമെന്ന് മറ്റൊരു മതം. ആത്മാവില്‍ നാനാത്വത്തെ കാണുന്നു ചിലര്‍ . മറ്റു ചിലര്‍ കാര്യകാരണസംബന്ധിയായ കര്‍മ്മസിദ്ധാന്തത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നു. ഇവയെല്ലാം അജ്ഞാനത്തിലും തെറ്റിദ്ധാരണയിലും അധിഷ്ഠിതമത്രെ. അങ്ങ് എല്ലാ ഊഹാപോഹങ്ങള്‍ക്കും അതീതന്‍ . അങ്ങില്‍ അജ്ഞതയ്ക്കു നിലനില്‍ക്കാന്‍ ആവുകയില്ലാത്തതുകൊണ്ട് അവിടുന്ന് ശുദ്ധജ്ഞാനമത്രെ. വിശ്വം യാഥാര്‍ത്ഥ്യമെന്നു തോന്നുന്നത് അതിന്റെ അടിത്തറയായ അവിടുന്ന് ഉണ്മയായതു കൊണ്ടാണ്. വിവേകശാലികള്‍ ലോകത്തെ ഉപേക്ഷിക്കുകയില്ല. സ്വര്‍ണ്ണം അന്വേഷിക്കുന്ന ഒരുവന്‍ സ്വര്‍ണ്ണാഭരണങ്ങളെ ഉപേക്ഷിക്കുകയില്ല തന്നെ. എന്നാല്‍ അങ്ങയെ ഹൃദയാന്തരവാസിയായി കണക്കാക്കുന്നവനു മാത്രമേ മരണത്തെ നിര്‍ഭയമായി നേരിട്ട് അതിനെ ചവിട്ടി മെതിക്കാനാവൂ. അവര്‍ സ്വയം ജ്ഞാനികളാണെന്നു കണക്കാക്കിയാല്‍ കൂടി അപക്വമതികളെ അവിടുന്ന് ലൗകിക ബന്ധനത്താല്‍ തളയ്ക്കുന്നു. അവിടുത്തെ ഭക്തര്‍ക്കു മാത്രമെ മുക്തിയുളളൂ. അവര്‍ക്കു മാത്രമേ മറ്റുളളവരെ മുക്തിമാര്‍ഗ്ഗത്തിലേക്ക് നയിക്കാനുമാവൂ. അങ്ങില്‍ നിന്നുമകന്നവര്‍ക്ക് അത് സാദ്ധ്യമല്ല തന്നെ.
ആരും അങ്ങേയ്ക്കു പ്രിയരോ അപ്രിയരോ അല്ല. അവിടുന്ന് സ്വന്തം സൃഷ്ടിശക്തിയിലേക്ക് ദൃഷ്ടി പായിക്കുമ്പോള്‍ ജീവാത്മാവ് അതിലന്തര്‍ലീനമായ കര്‍മ്മമനുസരിച്ച് സൂക്ഷ്മശരീരം എന്ന ഒരു വസ്ത്രം സ്വീകരിക്കുന്നു. ഈ ആത്മാക്കള്‍ അനന്തമോ ശാശ്വതമോ അല്ല. ദ്രവ്യവും ഊര്‍ജ്ജവും പരസ്പരം ചേര്‍ന്നുണ്ടാവുന്ന ചിന്താക്കുഴപ്പത്തിലത്രെ വ്യക്തികള്‍ ജനിക്കുന്നത്. ഒരു കുമിളയോ തിരയോ ഉണ്ടാവുന്നതു പോലെയാണത്. അവിടുന്നു തന്നെ അവയിലെല്ലാമുളള ഉണ്മ. ഈ സത്യം അറിയാമെന്നു നടിക്കുന്ന പലര്‍ക്കും അജ്ഞാതമാണാ ഉണ്മ. കാരണം അറിയാമെന്നു പറയുന്ന ജ്ഞാനമെല്ലാം തുലോം അപൂര്‍ണ്ണജ്ഞാനമോ വെറും ഊഹാപോഹമോ മാത്രമത്രെ.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF