ഭാഗവതം നിത്യപാരായണം

വിഷ്ണുഭക്തികൊണ്ടു കൈവല്യം ലഭിക്കുന്നു – ഭാഗവതം (314)

യസ്യാഹമനുഗൃഹ്ണാമി ഹരിഷ്യേ തദ്ധനം ശനൈഃ
തതോഽധനം ത്യജന്ത്യസ്യ സ്വജനാ ദുഃഖദുഃഖിതം (10-88-8)
സയദാ വിതഥോദ്യോഗോ നിര്‍വ്വിണ്ണഃ സ്യാദ്ധനേഹയാ
മത്പരൈഃ കൃതമൈത്രസ്യ കരിഷ്യേ മദനുഗ്രഹം (10-88-9)
തദ്‌ ബ്രഹ്മ പരമം സൂക്ഷ്മം ചിന്മാത്രം സദനന്തകം
അതോ മാം സുദുരാരാധ്യം ഹിത്വാന്യാന്‍ ഭജതേ ജനഃ (10-88-10)

പരീക്ഷിത്ത്‌ രാജാവ്‌ ചോദിച്ചു:
എങ്ങനെയാണ്‌ പരമശിവനെപ്പോലുളള മറ്റു ദേവതകളില്‍ ഭക്തരായവര്‍ക്ക്‌ അഭിവൃദ്ധിയും ഭഗവാന്‍ ഹരിയില്‍ ഭക്തരായിട്ടുളളവര്‍ക്ക്‌ – അദ്ദേഹം സമ്പദൈശ്വര്യങ്ങള്‍ക്കു് ഉടമയാണെങ്കിലും – ദാരിദ്ര്യദുരിതവും വന്നുചേരുന്നത്‌?

ശുകമുനി തുടര്‍ന്നു:
ഭഗവാന്‍ ശിവന്‍ എപ്പോഴും ശക്തിയുമായി ചേര്‍ന്നിരിക്കുകമൂലം ത്രിഗുണാധീനനത്രെ. അഹങ്കാരത്തിനെ പ്രതിനിധാനം ചെയ്യുന്ന ദേവത അതുകൊണ്ട്‌ അദ്ദേഹത്തെ പ്രീതിപ്പെടുത്തുന്നവര്‍ക്ക്‌ ത്രിഗുണസംബന്ധിയായ വസ്തുക്കള്‍ നല്‍കുന്നു. എന്നാല്‍ ഭഗവാന്‍ ഹരി ഇതിനെല്ലാം അതീതന്‍. അതിനാല്‍ എല്ലാ ലൗകികലക്ഷ്യങ്ങളും ത്യജിച്ചാല്‍ മാത്രമെ അവിടുത്തെ പൂജിക്കാന്‍ സാദ്ധ്യമാവൂ. അശ്വമേധയാഗത്തിനു ശേഷം കൃഷ്ണന്‍ യുധിഷ്ഠിരനോട്‌ ഇപ്രകാരമാണ്‌ അരുളി ചെയ്തത്‌: ‘ഞാന്‍ ആരെയെങ്കിലും അനുഗ്രഹിക്കാന്‍ ആഗ്രഹിച്ചാല്‍ കാലക്രമത്തില്‍ അയാളുടെ സമ്പത്തിനെ നശിപ്പിക്കുന്നു. അങ്ങനെ പാവം മനുഷ്യന്‍ ബന്ധുമിത്രാദികളാല്‍ ഉപേക്ഷിക്കപ്പെട്ട്‌ എന്റെ ഭക്തരുമായുളള സഹവാസം കാംക്ഷിച്ച്‌ സത്സംഗത്തിലേര്‍പ്പെടുന്നു. അപ്പോള്‍ ഞാന്‍ എന്റെ ദയാവായ്പും മഹിമയും അവനില്‍ ചൊരിയുന്നു. അങ്ങനെ അയാള്‍ പരം പൊരുളിനെ സാക്ഷാല്‍ക്കരിക്കുന്നു. ഇക്കാരണത്താലാണ്‌ പലരും എന്നെ ഉപേക്ഷിച്ച്‌ മറ്റു ദേവതകളെ ശരണം പ്രാപിക്കുന്നത്‌. എന്നാല്‍ അവരോ അഭീഷ്ടസാദ്ധ്യം കൈവന്നശേഷം ആ ദേവതകളെപ്പോലും മറന്നുകളയുന്നു.’

പരമശിവന്‍ ക്ഷിപ്രപ്രസാദിയത്രെ. അത്‌ പല അവസരത്തിലും അദ്ദേഹത്തിനു തന്നെ എതിരായിത്തീര്‍ന്നിട്ടുണ്ട്‌. പണ്ട്‌ വൃകന്‍ എന്ന്‌ പേരായ ഒരസുരന്‍ ഉണ്ടായിരുന്നു. പരമശിവന്‍ എളുപ്പത്തില്‍ പ്രസാദിക്കപ്പെടും എന്ന്‌ നാരദനില്‍ നിന്നു മനസ്സിലാക്കിയ അയാള്‍ ശിവപ്രീതിക്കായി കഠിന തപസ്സിലേര്‍പ്പെട്ടു. അവസാനം സ്വന്തം കൈകാലുകള്‍ വെട്ടി ശിവനര്‍പ്പിക്കാനും തീരുമാനിച്ചു. സ്വന്തം ശിരസ്‌ മുറിക്കാന്‍ തുനിയവേ ശിവന്‍ പ്രത്യക്ഷപ്പെട്ടു. ഇഷ്ടമുളള വരമേതും ചോദിക്കാന്‍ അനുമതിയും നല്‍കി. വൃകന്‍ പറഞ്ഞു: ‘എന്റെ കൈകൊണ്ട്‌ ആരുടെ തലയില്‍ തൊട്ടാലും അയാള്‍ അപ്പോള്‍ മരിക്കണം.’ ശിവന്‍ വരം നല്‍കി. പരമശിവന്റെ സഹധര്‍മ്മിണിയായ പാര്‍വ്വതിയിലാഗ്രഹം പൂണ്ട വൃകാസുരന്‍ വരമൊന്നു പരീക്ഷിച്ചു നോക്കാന്‍ അദ്ദേഹത്തിന്റെ പിറകേ പാഞ്ഞു. ശിവന്‍ എല്ലാ ലോകങ്ങളിലും പോയി രക്ഷപ്പെടാന്‍ ശ്രമിച്ച്‌ അവസാനം വൈകുണ്ഠത്തില്‍ ഭഗവാന്‍ ഹരിയുടെ സവിധമണിഞ്ഞു. ശിവനെ വിഷമഘട്ടത്തില്‍ നിന്നു്‌ രക്ഷിക്കാനായി ഭഗവാന്‍ ഒരു ബ്രഹ്മചാരിയുടെ വേഷത്തില്‍ അസുരനെ തടഞ്ഞു നിര്‍ത്തി: ‘അങ്ങ്‌ തീര്‍ച്ചയായും എന്തോ തിടുക്കത്തില്‍ ഓടുകയാണല്ലോ. എന്താണിത്ര ധൃതി?’ അസുരന്‍ കഥകളെല്ലാം വലിയ ഗര്‍വ്വോടെ ബ്രാഹ്മണകുമാരനെ കേള്‍പ്പിച്ചു. ബ്രാഹ്മണന്‍ പൊട്ടിച്ചിരിച്ചു: ‘പരമശിവന്‍ ഭൂതപ്രേതപിശാചുക്കളുടെ നേതാവാണെന്ന് അങ്ങേക്കറിയില്ലേ? അയാളുടെ വാക്കിനെ ആരു വിശ്വസിക്കും? നിങ്ങള്‍ക്ക്‌ ശരിക്കും വരം ലഭിച്ചുവെന്നെനിക്ക്‌ തോന്നുന്നില്ല. എന്നെ വിശ്വാസമില്ലെങ്കില്‍ സ്വന്തം കൈ തലയില്‍ വെച്ചൊന്നു പരീക്ഷിച്ചു നോക്കരുതോ?’ ഭഗവാന്‍ വരുത്തിവച്ച ചിന്താക്കുഴപ്പത്തിനടിമപ്പെട്ട്‌ വൃകന്‍ തലയില്‍ കൈവച്ച്‌ ഉടനേ മരിച്ചു വീഴുകയും ചെയ്തു. ഭഗവാന്‍ ഹരി ശിവനോട്‌ പറഞ്ഞു: ‘തിന്മ ചെയ്യുന്നുവനൊരിക്കലും സന്തോഷമുണ്ടാവുന്നില്ല. അങ്ങയെ നിന്ദിക്കുന്നവന്‌ എങ്ങനെ ഐശ്വര്യമുണ്ടാവാനാണ്‌?’ ഈ കഥ പറയുകയോ കേള്‍ക്കുകയോ ചെയ്താല്‍ സര്‍വ്വശത്രുഭയങ്ങളും ഇല്ലാതാവുന്നതാണ്‌.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF

Back to top button