ധര്‍മ്മഃ സാക്ഷാദ് യതോ ജ്ഞാനം വൈരാഗ്യം ച തദന്വിതം
ഐശ്വര്യം ചാഷ്ടധാ യസ്മാദ് യശശ്ചാത്മമലാപഹം (10-89-16)
മുനീനാം ന്യസ്തദണ്ഡാനാം ശാന്താനം സമചേതസാം
അകിഞ്ചനാനാം സാധൂനാം യമാഹുഃ പരമാം ഗതിം (10-89-17)
സത്ത്വം യസ്യ പ്രിയാ മൂര്‍ത്തിര്‍ബ്രാഹ്മണാസ്ത്വിഷ്ടദേവതാഃ
ഭജന്ത്യനാശിഷഃ ശാന്താ യം വാ നിപുണബുദ്ധയഃ (10-89-18)
ത്രിവിധാകൃതയസ്തസ്യ രാക്ഷസാ അസുരാഃ സുരാഃ
ഗുണിന്യാ മായയാ സൃഷ്ടാഃ സത്ത്വം തത്തീര്‍ത്ഥസാധനം (10-89-19)
ശുകമുനി തുടര്‍ന്നു:
മാമുനിമാരുടെ ഒരു സദസ്സില്‍ ത്രിമൂര്‍ത്തികളിലാരാണ് അഗ്രഗണ്യന്‍ എന്ന വിഷയത്തിലൊരു ചര്‍ച്ച നടന്നു. ഇക്കാര്യം തീരുമാനിച്ചു വരാന്‍ അവര്‍ ബ്രഹ്മപുത്രനായ ഭൃഗുമുനിയെ ഏല്‍പ്പിച്ചു.
ആദ്യം ഭൃഗുമുനി പിതാവായ ബ്രഹ്മാവിന്റെ അടുക്കല്‍ ചെന്നു. മുനി ആദരവൊന്നും കാണിച്ചില്ല. കോപിതനായെങ്കിലും സ്വന്തം പുത്രനായതുകൊണ്ടു മാത്രം ബ്രഹ്മാവ് മഹര്‍ഷിക്കു മാപ്പു നല്‍കി. പിന്നീടദ്ദേഹം കൈലാസത്തേയ്ക്കു പോയി. അവിടെ തന്റെ ഭ്രാതാവായ പരമശിവനെ കണ്ടു. ശിവന്‍ എഴുന്നേറ്റ് ഭൃഗുവിനെ എതിരേറ്റ് ആലിംഗനം ചെയ്യാന്‍ മുതിരവേ മഹര്‍ഷി അറപ്പോടെ സ്വയം ഒഴിഞ്ഞുമാറി: ‘നിങ്ങള്‍ എല്ലാ ധര്‍മ്മശാസ്ത്രങ്ങളെയും ധിക്കരിച്ചു ജീവിക്കുന്നു. എന്നെ തൊട്ടു പോകരുത്.’ ശിവന്‍ കോപിഷ്ഠനായി. തന്റെ ത്രിശൂലമെടുത്ത് മുനിയെ കുത്താനൊരുങ്ങിയെങ്കിലും പാര്‍വ്വതി ഇടപെട്ട് അതു തടഞ്ഞു.
ഭൃഗുമുനി പിന്നീട് വൈകുണ്ഠത്തിലേയ്ക്കു പോയി. അവിടെയാണല്ലോ വിഷ്ണു. ഭഗവാന്‍ ലക്ഷ്മീദേവിയുടെ മടിയില്‍ തലവച്ചു കിടക്കുന്നു. പറയാതെ പെട്ടെന്നു കടന്നുവന്നു് ഭൃഗു ഭഗവാന്റെ നെഞ്ചിലൊരു ചവിട്ട്. വിഷ്ണു പെട്ടെന്നുണര്‍ന്നെണീറ്റ് മുനിയുടെ കാല്‍ക്കല്‍ വീണു: ‘ദയവായി ക്ഷമിച്ചാലും. അങ്ങേക്കര്‍ഹമായ സ്വാഗതം നല്‍കാന്‍ എനിക്കു കഴിഞ്ഞില്ല. അങ്ങയുടെ കാലടികള്‍ എന്റെ ഇരിപ്പിടത്തെയും മണ്ഡലത്തെയും എന്നെയും പവിത്രമാക്കി. അങ്ങയുടെ കാലടിപ്പാടു കൊണ്ട് പവിത്രമായ എന്റെ മാറിടം ഇനി ലക്ഷ്മിയുടെ ഇരിപ്പിടമാവുന്നതാണ്.’ ഭഗവാന്റെ വിനയപൂര്‍വ്വമുളള വാക്കുകള്‍ കേട്ട് മറുപടിയൊന്നും പറയാനാവാതെ മുനി നിന്നു. അദ്ദേഹം മാമുനിമാരുടെ സഭയില്‍ തിരിച്ചെത്തി ഭഗവാന്‍ വിഷ്ണുതന്നെയാണ് പരംപൊരുള്‍ എന്നു പ്രഖ്യാപിച്ചു.
ഭഗവാന്‍ വിഷ്ണുവില്‍ നിന്നും ധര്‍മ്മം, ജ്ഞാനം, നിര്‍വ്വികാരത, തജ്ജന്യമായ അഷ്ടൈശ്വര്യങ്ങള്‍, മനോമാലിന്യങ്ങളെ നീക്കുന്ന മഹിമാവിശേഷം എന്നിവ ഉദ്ഭവിക്കുന്നു. അഹിംസാദിതത്വങ്ങളുമായി ജീവിക്കുന്ന മാമുനിമാരുടെ ലക്ഷ്യം അവിടുന്നത്രെ. ആ മാമുനിമാര്‍ ശാന്തശീലരും സമദൃഷ്ടികളും ലൗകികവസ്തുക്കളില്‍ ഭോഗാസക്തിയില്ലാത്തവരുമത്രെ. സാത്വികതയാണ് ഭഗവാന്റെ രൂപം. മഹാത്മാക്കളാണ് അവിടുത്തെ സ്വന്തം ദേവതകള്‍. വിജ്ഞാനവിവേകങ്ങളാര്‍ജ്ജിച്ചവരും ശാന്തശീലരും ഭൗതികാഗ്രഹങ്ങള്‍ വിട്ടുപോയവരും ഭഗവാനെ പൂജിക്കുന്നു. ദേവന്മാരും അസുരന്മാരും മറ്റുളളവരുമെല്ലാം ഭഗവാന്റെ സ്വന്തം മായയില്‍നിന്നുത്ഭൂതമായവരത്രെ. സാത്വികതകൊണ്ട് മാത്രമേ ഭഗവാനെ പ്രാപിക്കാനാവൂ. ഈ സത്യത്തെ ധ്യാനിച്ച് മഹര്‍ഷിമാര്‍ പരമപദം പൂകി.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF