ഇത്ഥം പരസ്യ നിജവര്‍ത്മരിരക്ഷയാത്ത
ലീലാതനോസ്തദനുരൂപവിഡംബനാനി
കര്‍മ്മാണി കര്‍മ്മകഷണാനി യദൂത്തമസ്യ
ശ്രൂയാദമുഷ്യ പദയോരനുവൃത്തിമിച്ഛന്‍ (10-90-49)

ശുകമുനി തുടര്‍ന്നു:
ദ്വാരകാപുരിയുടെ ഭംഗിയും മഹിമയും വര്‍ണ്ണനാതീതമായിരുന്നു. അവിടെ ഭഗവാന്‍ തന്റെ അനേകം സഹധര്‍മ്മിണിമാരുമൊത്തു വാണു. അവരെല്ലാം ഭഗവാനില്‍ അതീവ ഭക്തകളായിരുന്നു. അവര്‍ ഭഗവാനുമൊത്ത്‌ വിളയാടി. ഭഗവാനെ കളിയാക്കി, ആലിംഗനം ചെയ്തു. അവര്‍ക്ക്‌ ഭഗവാന്‍ എല്ലാമായിരുന്നു. ആദിയും അന്തവും. അദ്ദേഹത്തില്‍ നിന്നുളള വിരഹം ഒരു നിമിഷം പോലും അവര്‍ക്ക്‌ താങ്ങാനാവുമായിരുന്നില്ല. ലോകത്തിലുളള എല്ലാം അവര്‍ക്ക്‌ ഭഗവല്‍സ്മരണ നല്‍കി. ചരാചരങ്ങളോട്‌ അവര്‍ പലപ്പോഴും ഭഗവാനെപ്പറ്റി സംസാരിച്ചു:

‘അല്ലയോ സമുദ്രമേ, ഞങ്ങളെപ്പോലെ നിനക്കും ഉറക്കമില്ല അല്ലേ? നിന്റെ ശാന്തിയും സാന്ദ്രതയുമെല്ലാം ആ ഭഗവാന്‍ കവര്‍ന്നുവോ? അല്ലയോ മഴമേഘമേ, നിനക്കും ഭഗവാന്റെ നീലനിറമാണല്ലോ. ഞങ്ങളെപ്പോലെ നീയും ഭഗവാനെ നിരന്തരം ധ്യാനിക്കുന്നുണ്ടാവണം. ഞങ്ങള്‍ ചെയ്യുന്നുതുപോലെ നീയും അദ്ദേഹത്തെയോര്‍ത്ത്‌ ചിലപ്പോള്‍ പ്രേമക്കണ്ണീരു പൊഴിക്കുന്നു! പ്രിയപ്പെട്ട മലനിരകളേ, നീ തീര്‍ച്ചയായും ആഴമേറിയ ധ്യാനത്തിലാണ്‌. ആ ഭഗവാന്റെ പാദസ്പര്‍ശം ലഭിക്കാനാവുമെന്ന് പ്രത്യാശയുമുണ്ട്‌ അല്ലേ? നിന്റെ പര്‍വ്വതശിഖരം ഞങ്ങളുടെ മാറിടം പോലെയുണ്ട്‌., അല്ലയോ നദികളേ, നിങ്ങളെത്ര മെലിഞ്ഞിരിക്കുന്നു. നിങ്ങള്‍ക്ക്‌ മേഘങ്ങളില്‍നിന്നും വേണ്ടത്ര മഴ കിട്ടുന്നില്ല. ഞങ്ങള്‍ ഭഗവല്‍ദര്‍ശനം ലഭിക്കാതെ വ്യഥ പൂണ്ടിരിക്കുന്നുതുപോലെയാണല്ലോ അത്‌. ഈ സല്‍സ്ത്രീകളുടെ നാഥന്‍ യോഗിവര്യന്മാര്‍ സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്ന ഭഗവാനത്രെ. ഭഗവാന്‍ കൃഷ്ണന്റെ കഥകളും മഹിമാവര്‍ണ്ണനകളും കേള്‍ക്കുന്നുവര്‍ അവയില്‍ അത്യാകൃഷ്ടരാവുന്നു. ഭഗവല്‍സവിധത്തില്‍ ഒപ്പം ജീവിച്ചവരുടെ സൗഭാഗ്യസുകൃതത്തെ ആര്‍ക്കാണളക്കാനാവുക? ഭഗവാന്റെ ദേഹസ്പര്‍ശം ലഭിച്ചവരുടെയത്ര അനുഗൃഹീതരായി ആരുണ്ട്‌? ഭഗവല്‍പാദസേവ ചെയ്യുകയും കൃഷ്ണനെ ഭര്‍ത്താവായി ലഭിക്കയും ചെയ്തവരുടെ കഥ പറയാനുണ്ടോ?

ശ്രീകൃഷ്ണന്‍ സ്വജീവിതത്തിലൂടെ ലൗകികജീവിതത്തിന്റെ മൂന്നു ലക്ഷ്യങ്ങള്‍ – ധര്‍മ്മം, അര്‍ത്ഥം, കാമം – എങ്ങനെ ഗൃഹസ്ഥാശ്രമജീവിതം കൊണ്ടു സാധിക്കാം എന്ന്‌ നമ്മെ കാണിച്ചു തന്നു. കൃഷ്ണന്‌ അനേകം പത്നിമാരും കുട്ടികളുമുണ്ടായിരുന്നു. പ്രദ്യുമ്നന്റെ മകന്‍ അനിരുദ്ധന്‍ രുക്മിയുടെ മകളെ വിവാഹം ചെയ്തു. അതില്‍ വജ്രന്‍ എന്ന്‌ പേരായ മകന്‍ ജനിച്ചു. യാദവകുലം മുഴുവന്‍ നശിക്കാനിടയായ ആ കൂട്ടക്കൊലയില്‍ വജ്രന്‍ മാത്രമെ അവശേഷിച്ചുളളു. അദ്ദേഹത്തിന്റെ പിന്‍തലമുറ കാലക്രമേണ വളര്‍ന്നുവന്നു. ഈ കുടുംബത്തിലെ ആരും അല്‍പായുഷ്മതികളോ ക്ഷീണിതരോ ആയിരുന്നില്ല. എല്ലാവരും ഭഗവല്‍ഭക്തരും മഹാത്മാക്കളോട്‌ ആദരവുളളവരുമായിരുന്നു. സകലജീവജാലങ്ങള്‍ക്കുമുളള ഏകാശ്രയം ശ്രീകൃഷ്ണന്‍ മാത്രം. അദ്ദേഹം എല്ലാവരെയും ഉദ്ധരിച്ചു. എല്ലാവരും അവിടുത്തെ സ്നേഹിച്ചു. ഭഗവാനെ സദാ സ്നേഹിച്ചവരേയും സദാ വെറുത്തവരേയും ഭഗവാനില്‍ സുഹൃത്തിനെക്കണ്ടവരേയും ഭഗവാനില്‍ നാഥനെ ദര്‍ശിച്ചവരേയും എല്ലാം ഭഗവാന്‍ രക്ഷിക്കുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്‌ വിജയം, മംഗളം.’പരിപൂര്‍ണ്ണ ജീവിതത്തിന്‌ ഉത്തമമാതൃകയായി ഭഗവാന്‍ കൃഷ്ണന്‍ അങ്ങനെ ഭൂമിയില്‍ വാണരുളി. ധര്‍മ്മസംസ്ഥാപനം നടത്തി. ഭഗവല്‍കഥകളോര്‍മ്മിച്ച്‌ ധ്യാനിക്കുകവഴി സകലപാപവിമോചനവും കര്‍മ്മപാശത്തില്‍ നിന്നു്‌ രക്ഷയും ലഭിക്കുന്നു. ഭഗവദ്‍ഭക്തി വളര്‍ത്താനാഗ്രഹിക്കുന്ന ഒരുവന്‍ സദാ ഭഗവല്‍കഥകള്‍ ശ്രവിക്കേണ്ടതാണ്‌.

ധര്‍മ്മം – ധാര്‍മ്മികജിവിതം; അര്‍ത്ഥം – സമ്പദൈശ്വര്യങ്ങള്‍;
കാമം – ലൗകികസുഖാസ്വാദനം; മോക്ഷം – വിമോചനം

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF