പതിനൊന്നാം സ്കന്ധം ആരംഭം
ഭൂഭാരരാജപൃതനാ യദുഭിര്‍ന്നരസ്യ
ഗുപ്തൈഃ സ്വബാഹുഭിരചിന്തയദപ്രമേയഃ
മന്യേഽവനേര്‍ന്നനു ഗതോഽപൃഗതോ ഹി ഭാരോ
യാദ് യാദവം കുലമഹോ അവിഷഹ്യമാസ്തേ (11-1-3)
നൈവാന്യതഃ പരിഭവോഽസ്യ ഭവേത് കഥഞ്ചിന്-
മത്സംശ്രയസ്യ വിഭവോന്നഹനസ്യ നിത്യം
അന്തഃ കലിം യദുകുലസ്യ വിധായ വേണു-
സ്തംബസ്യ വഹ്നിമിവ ശാന്തിമുപൈമി ധാമ (11-1-4)
ശുകമുനി തുടര്‍ന്നു:
ശ്രീകൃഷ്ണന്റെ അവതാരലക്ഷ്യം എല്ലാം ഒരുവിധം പൂര്‍ത്തിയായി. ഭഗവാന്‍ ദുഷ്ടരാക്ഷസരെ സംഹരിച്ചു. ദുഷ്ടരാജാക്കന്മാരുടെ കഥ കഴിച്ചു. ഇതിനെല്ലാം പാണ്ഡവരുടെ സഹായവും അദ്ദേഹത്തിനു ലഭിച്ചു. ഭഗവാന്‍ ഇങ്ങനെ ചിന്തിച്ചു: ‘എന്റെ അവതാരോദ്ദേശ്യം പൂര്‍ണ്ണമായിട്ടില്ല. ശക്തരും അജയ്യരുമായ ഈ യാദവരുടെ വംശം ഇങ്ങനെ ഇവിടെ വിട്ടുപോവുക വയ്യ. ഇപ്പോളവര്‍ക്ക് എന്റെ സംരക്ഷണമുണ്ട്. ഐശ്വര്യവും അഭിവൃദ്ധിയും സ്വയം അതീവശക്തരാണെന്ന അഹംഭാവം അവരില്‍ ഉണ്ടാക്കിയിരിക്കുന്നു. സ്വയം ഈ കുലത്തെയും ഞാന്‍ തന്നെ നശിപ്പിക്കേണ്ടിയിരിക്കുന്നു. അതിനുശേഷമേ ഞാന്‍ തിരിച്ചു പോവൂ.’ ഇങ്ങനെ തീരുമാനിച്ച് സര്‍വ്വഭൂതനിവാസിയായ ഭഗവാന്‍ യാദവരില്‍ മഹാത്മാക്കളുടെ അപ്രീതിയുണ്ടാക്കാനും അങ്ങനെ അവരുടെ ശാപത്തിനിരയാക്കുവാനുമുളള അവസരമുണ്ടാക്കി. അതവരുടെ നാശത്തിനു കാരണമാവുകയും ചെയ്തു.
പരീക്ഷിത്ത് ചോദിച്ചു:
മാമുനിമാരുടെ ശാപം ലഭിക്കാനിടയായ സാഹചര്യവും മറ്റും വിശദമായി പറഞ്ഞു തന്നാലും.
ശുകമുനി തുടര്‍ന്നു:
ലോകത്ത് പലേവിധങ്ങളായ കാര്യങ്ങള്‍ നടത്തി ഭഗവാന്‍ ശ്രീകൃഷ്ണന്‍ വസുദേവരുടെ വീട്ടില്‍ കഴിഞ്ഞു വന്നു. മാമുനിമാര്‍ ഭഗവാനോട് യാത്രചൊല്ലി പിണ്ഡാരകത്തേയ്ക്കു പോയിരുന്നു. അവരവിടെ കഴിയുമ്പോള്‍ കുറെ യാദവയുവാക്കള്‍ അവരെ കളിയാക്കാനായി ചെന്നു. വ്യാജമായ ഭവ്യതയോടെ അവര്‍ മഹാത്മാക്കളെ വണങ്ങി. അവര്‍ ജാംബവതിയുടെ പുത്രന്‍ സാംബനെ സ്ത്രീവേഷം കെട്ടിച്ചു മുന്നില്‍ നിര്‍ത്തി. ഒരു ഗര്‍ഭിണിയുടെ വേഷത്തിലായിരുന്നു സാംബന്‍. അവര്‍ ചോദിച്ചു: ‘മഹാത്മാക്കളേ, നിങ്ങള്‍ ഭൂതവര്‍ത്തമാനഭാവികള്‍ അറിയുന്നവരാണല്ലോ. ഈ സ്ത്രീക്ക് ഒരു പുത്രനുണ്ടാകണമെന്നാണാഗ്രഹം. ഗര്‍ഭസ്ഥശിശു ആണോ പെണ്ണോ എന്ന് പ്രവചിച്ചാലും., മഹര്‍ഷിമാര്‍ക്ക് കാര്യം മനസ്സിലായിരുന്നു. ഇതും ഭഗവേഛയാണെന്നും അവരറിഞ്ഞു. ക്രോധമഭിനയിച്ചുകൊണ്ട് അവര്‍ പറഞ്ഞു: ‘വിഢ്ഡികളേ, അവള്‍ പ്രസവിക്കുന്നത് ഒരുലക്കയെ ആണ്. അത് നിങ്ങളെയെല്ലാം നാമാവശേഷമാക്കുകയും ചെയ്യും.’ പേടിച്ചരണ്ട അവര്‍ സാംബന്റെ വേഷമഴിച്ചുമാറ്റിയപ്പോള്‍ ഒരുലക്ക നിലത്തു വീണു.
ദ്വാരകാവാസികള്‍ വിവരമറിഞ്ഞു വിഭ്രാന്തി പൂണ്ടു. അവര്‍ ഉലക്കയെ ചെറുതരികളായി പൊടിച്ച് കടലിലെറിഞ്ഞു. മാമുനിമാരുടെ പ്രവചനം വൃഥാവിലാവാനാണ് അവരിതു ചെയ്തത്. എന്നാല്‍ കൂട്ടത്തിലൊരു കഷണം പൊടിക്കാനായില്ല. ഇരുമ്പുപൊടി വീണിടത്ത് സമുദ്രത്തില്‍ ‘എരക’ എന്നൊരു കാട്ടുചെടി വളര്‍ന്നു. പൊടിയാത്ത കഷണം ഒരു മീന്‍ വിഴുങ്ങി. ഒരു മുക്കുവന്‍ അതിനെ പിടിക്കുകയും ഒരു നായാട്ടുകാരനു നല്‍കുകയും ചെയ്തു. മീന്‍ മുറിച്ചപ്പോള്‍ കിട്ടിയ ഇരുമ്പുകഷണം നായാട്ടുകാരന്‍ തന്റെ അമ്പിന്റെ മുനയില്‍ പിടിപ്പിച്ചു. യാദവകുലനാശത്തിനുളള വേദിയൊരുങ്ങി. അതായിരുന്നു ദൈവനിശ്ചയം.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF