കായേന വാചാ മനസേന്ദ്രിയൈര്‍വ്വാ
ബുദ്ധ്യാത്മനാ വാനുസൃത സ്വഭാവാല്‍
കരോതി യദ്യത് സകലം പരസ്മൈ
നാരയണായേതി സമര്‍പ്പയേത്തത് (11-2-36)
സര്‍വ്വഭൂതേഷു യഃ പശ്യേദ്ഭഗവത്ഭാവമാത്മനഃ
ഭൂതാനി ഭഗവത്യാത്മന്യേഷ ഭാഗവതോത്തമഃ (11-2-45)
ഈശ്വരേ തദധീനേഷു ബാലിശേഷു ദ്വിഷത്സു ച
പ്രേമമൈത്രീകൃപോപേക്ഷാ യഃ കരോതി സ മധ്യമഃ (11-2-46)
അര്‍ച്ചായമേവ ഹരയേ പൂജാം യഃ ശ്രദ്ധയേഹതേ
ന തദ്ഭക്തേഷു ചാന്യേഷു സ ഭക്തഃ പ്രാകൃതഃ സ്മൃതഃ (11-2-47)
മാമുനിയായ കവി ഇപ്രകാരം പറഞ്ഞു:
പരമപുരുഷനെ സാക്ഷാല്‍ക്കരിക്കുവാന്‍ എന്തെല്ലാം പാതകളുണ്ടോ, എന്തെല്ലാം അഭ്യാസമാര്‍ഗ്ഗങ്ങളുണ്ടോ, അവയെല്ലാം നല്ലതു തന്നെ. എന്നാല്‍ ഭഗവാന്റെ പദകമലങ്ങളെ പൂജിക്കുകയാണ് ഏറ്റവും സുരക്ഷമായ മാര്‍ഗ്ഗം. അതിലൂടെ ഒരുവന് വേഗത്തില്‍ നിര്‍ഭയത്വം ലഭിക്കുന്നു. ഭഗവന്നിര്‍ദ്ദേശിതമായ പാതയിലൂടെ ചലിക്കുന്നവര്‍ വഴിതെറ്റിപ്പോവുകയില്ല. അയാള്‍ കണ്ണുമൂടികെട്ടി ഓടുകയാണെങ്കില്‍ക്കൂടി ലക്ഷ്യസ്ഥാനത്തെത്തിച്ചേരുന്നതാണ്. ഭഗവാനെ ശരിയായി പൂജിക്കുന്നയാള്‍ തന്റെ ചിന്തകളെയും വാക്കുകളെയും പ്രവൃത്തികളെയും സ്വധര്‍മ്മമനുസരിച്ച് ഭഗവാനിലര്‍പ്പിക്കേണ്ടതാണ്. പരംപൊരുളായ ഭഗവാന്‍ നാരായണനെ പൂജിക്കാന്‍ മനസാ വാചാ കര്‍മ്മണാ അയാള്‍ സദാ ജാഗരൂകനാണ്. അങ്ങനെ അയാള്‍ ദേഹബുദ്ധി മൂലമുണ്ടായ ദ്വൈതഭാവം ഇല്ലാതാക്കി ഭയത്തിന്റെ മൂലകാരണത്തെ ഇല്ലായ്മ ചെയ്യുന്നു.
അയാള്‍ ഭഗവാനെ തന്റെ ഗുരുവായും സ്വന്തം ആത്മാവായും ദര്‍ശിക്കണം. ദ്വൈതഭാവമെന്നത് സ്വപ്നം പോലെയാണ്. അതൊരു മാനസികവ്യാപാരമത്രെ. ഇതറിഞ്ഞ് അയാള്‍ മനസ്സിനെ എല്ലാ ഉപാധികളിലും നിന്നും സ്വതന്ത്രമാക്കണം. അയാള്‍ ക്ഷണത്തില്‍ ഭയവിമോചിതനാവുന്നതാണ്. എല്ലാ സാമൂഹികാചാരങ്ങള്‍ക്കും അതീതനായി ഭഗവാന്റെ ലീലാവിലാസങ്ങളില്‍ മനസ്സുറപ്പിച്ച് അയാള്‍ സ്വതന്ത്രനായി നടക്കട്ടെ. എല്ലാ ചരാചരങ്ങളെയും വണങ്ങി സ്വശരീരത്തെ ഭഗവല്‍ശരീരമെന്ന് കരുതി ജീവിക്കുന്ന അയാളില്‍ ഭഗവല്‍പ്രേമവും പരമസാക്ഷാത്കാരവും ലൗകികതയിലുളള വിരക്തിയും ഒരേസമയം പ്രകടിതമാവുന്നു.
മഹര്‍ഷിയായ ഹരി പറഞ്ഞു:
‘ആരൊരുവന്‍ ആത്മാവില്‍ എല്ലാവരെയും ദര്‍ശിക്കുന്നുവോ അതിനെ പരമാത്മാവായി അറിയുന്നുവോ സകലജീവജാലങ്ങളിലെയും ആത്മാവിനെ ഈശ്വരനായി അറിയുകയും ചെയ്യുന്നുവോ അയാളാണ് ഉത്തമനായ ദൈവപുരുഷന്‍. ആരൊരുവന്‍ ഭഗവാനില്‍ ഭക്തനാണോ, ഭഗവദ്‍ഭക്തരോട് സൗഹൃദത്തിലാണോ, അജ്ഞാനികളില്‍ ദയാവായ്പുളളവനാണോ, ശത്രുക്കളോട് ശത്രു-മിത്ര ഭാവമില്ലാത്തവനാണോ അയാള്‍ മദ്ധ്യമനായ ദൈവപുരുഷന്‍. ആരൊരുവന്‍ ഭഗവാനെ മൂര്‍ത്തിപൂജയിലൂടെ ഉപാസിക്കുകയും എന്നാല്‍ ഭഗവദ്‍ഭക്തരിലും മറ്റുളളവരിലും ഈശ്വരനെ ദര്‍ശിക്കാതിരിക്കുകയും ചെയ്യുന്നുവോ അയാള്‍ ഏറ്റവും താഴ്‌ന്നനിലയിലുളള ദൈവപുരുഷനത്രെ.’
‘ആരൊരുവന്‍ ഈ ലോകത്തെ ഭഗവാന്റെ മായാശക്തിയുടെ പ്രകടിതരൂപം മാത്രമാണെന്നറിയുന്നുവോ, അയാള്‍ ആ മായയില്‍ സ്വയം നഷ്ടപ്പെടുന്നില്ല. അയാളും സുഖാസ്വാദനത്തിനുളള ആസക്തി ഇല്ലാത്തതുകൊണ്ട് കര്‍മ്മങ്ങള്‍ അയാളെ ബന്ധിക്കുന്നില്ല. അങ്ങനെ ജനനമരണങ്ങളില്‍ നിന്നും അയാള്‍ മോചിതനാവുന്നു. ഭഗവദ്‍ഭക്തന് കുലാഭിമാനമോ ധനാഭിമാനമോ ഇല്ല. തന്റെ സ്വത്തുക്കളെ അധീനത്തില്‍ വച്ചുകൊണ്ടിരിക്കുന്നതിന്റെ ദുരിതവും അയാള്‍ക്ക് അനുഭവിക്കേണ്ടതില്ല. സദാ ഭഗവല്‍സ്മരണയില്‍ ജീവിക്കുന്നതുകൊണ്ട് അയാളില്‍ അജ്ഞാനത്തിന്റെ തീവ്രജ്വരം ഇല്ലാതാകുന്നു. ഭഗവദ്‍നാമം ഹൃദയത്തില്‍ സിംഹാസനസ്ഥമാകയാല്‍ എല്ലാ പാപങ്ങളും അയാളില്‍ ഇല്ലാതാവുന്നു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF