സത്ത്വം രജസ്തമ ഇതി ത്രിവൃദേകമാദൗ
സൂത്രം മഹാനഹമിതി പ്രവദന്തി ജീവം
ജ്ഞാനക്രിയാര്‍ത്ഥഫലരൂപതയോരുശക്തി
ബ്രഹ്മൈവ ഭാതി സദസച്ച തയോഃ പരം യത് (11-3-37)
ആത്മാനം തന്‍മയം ധ്യായന്‍ മൂര്‍ത്തിം സംപൂജയേദ്ധരേഃ
ശേഷാമാധായ ശിരസാ സ്വധാമ്ന്യുദ്വാസ്യ സത്കൃതം (11-3-54)
ഏവമഗ്ന്യര്‍ക്കതോയാദാവതിഥൗ ഹൃയയേ ച യഃ
യജതീശ്വരമാത്മാനമചിരാന്‍മുച്യതേ ഹി സഃ (11-3-55)
പിപ്പലായന മഹര്‍ഷി പറഞ്ഞു:
രൂപങ്ങള്‍ സദാ മാറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഉണ്മ അചഞ്ചലമത്രെ. സ്വപ്ന-ജാഗ്രദ്-സുഷുപ്തി സമയങ്ങളിലെല്ലാം – സമാധിയില്‍പ്പോലും – അനുസ്യൂതം തുടര്‍ന്നുപോവുന്നത് അവബോധം മാത്രം. ആകാശം വീട്ടിനകത്തും പുറത്തും ചുമരിലും എല്ലാം തുടര്‍ച്ചയായും വേര്‍പെടാതെയും സ്ഥിതിചെയ്യുന്നതുപോലെയാണത്. അത് സൂര്യനേപ്പോലെ സ്വയം സ്പഷ്ടമാണ്. എത്ര വെളിച്ചമുണ്ടായാലും അന്ധനെ തീ ‘കാണിക്കാന്‍’ സാധിക്കാത്തതുപോലെ എത്രതന്നെ വിവരിച്ചാലും ഊഹിച്ചാലും ആത്മീയാന്ധത ബാധിച്ചവന് അതിനെ കാണാന്‍, സാധിക്കുകയില്ല. ഗോചരമായ സൃഷ്ടിക്കുമുന്‍പും ഉണ്മ ഉണ്ടായിരുന്നു. അതിനെ സത്ത്വ-രജ-തമസ്സ് എന്നീ ഗുണങ്ങളിലൂടെ പല രീതിയില്‍ വിവരിച്ചു. അനേക രീതികളിലവതരിക്കാന്‍ കഴിവുളള സൂത്രമാനായും വിശ്വബോധമായും ജീവനിലെ ‘അഹം’ഭാവമായും അറിവ്-കര്‍മ്മം-കര്‍മ്മഫലം എന്നിവയായും ഉണ്മയും പ്രകടിതമായ ഉണ്മയുമായും ഇവകള്‍ക്കെല്ലാമതീതമായും അനന്തമായ ഉണ്മ മാത്രമായും വിവരിക്കപ്പെടുന്നു. ഈ ഉണ്മക്ക് ജനനമരണങ്ങളോ മാറ്റങ്ങളോ ഇല്ല. അതിന്റെ സര്‍വ്വാന്തര്യാമിത്വം കാരണം അത് എല്ലാ ജീവജാലങ്ങളിലും അധിവസിക്കുന്നു എന്നു മനസ്സിലാക്കാം. കാഴ്ചയുളളവനു മാത്രമേ ഈ പ്രകാശം കാണാനാവൂ. ഭഗവദ്‍ഭക്തനു മാത്രമേ ഹൃദയം നിറഞ്ഞ ഭക്തി കൊണ്ട് ഈ സത്യത്തെ കാണാന്‍, കഴിയൂ.
അവിര്‍ഹോത്ര മുനി പറഞ്ഞു:
ജ്ഞാനികള്‍ പോലും വൈദികവിധികളെപ്പറ്റിയും അനുശാസിതമോ നിഷിദ്ധമോ ആയ കര്‍മ്മങ്ങളെപ്പറ്റിയും അവയുടെ വിശിഷ്ടതകളെപ്പറ്റിയും പലപ്പോഴും ശരിയായ ധാരണയില്ലാത്തവരത്രെ. വേദങ്ങള്‍ കൊട്ടിഘോഷിക്കുന്നത് കര്‍മ്മത്തെ കര്‍മ്മം കൊണ്ട് നേരിടാനാണ്. വിഡ്ഢികളായവരെ അതിലേക്കാകര്‍ഷിക്കാന്‍ സ്വര്‍ഗ്ഗജീവിതം തുടങ്ങിയ പ്രലോഭനങ്ങളും അതു നല്‍കുന്നു. അജ്ഞാനിയായ വിഡ്ഢി വേദശാസനകളെ ഉപേക്ഷിക്കുന്നതായാല്‍ തീര്‍ച്ചയായും അവസാനമില്ലാത്ത കര്‍മ്മങ്ങള്‍ക്കും പ്രതിപ്രവര്‍ത്തനങ്ങള്‍ക്കും ഇരയാവുന്നു. എന്നാല്‍ വേദാനുസാരിയായ കര്‍മ്മങ്ങള്‍ ഇഹലോക ലാഭേഛയോ സ്വര്‍ഗ്ഗലാഭേഛയോ കൂടാതെ അനുഷ്ഠിക്കുന്ന ഒരുവന് മോക്ഷം ലഭിക്കുന്നു. അങ്ങനെയുളളവനുവേണ്ടി വിപുലവും ഫലവത്തുമായ തന്ത്രവിധികളിലൂടെ ഭഗവാനെ ആരാധിക്കുന്നതെങ്ങനെയെന്നുളള വിശദീകരണങ്ങള്‍ വേദങ്ങളിലുണ്ട്. ഈ മാര്‍ഗ്ഗങ്ങള്‍ ഗുരുമുഖത്തുനിന്നും പഠിച്ച ഒരുവന്‍ തന്റെ ഇഷ്ടാനുസരണം ഒരു ഈശ്വരബിംബത്തെ പൂജിക്കണം. ‘സ്വയം ഈശ്വരവിലീനനായി കണക്കാക്കി ഭഗവല്‍പൂജ നടത്തി പൂജാസമയത്ത് പവിത്രമാക്കപ്പെട്ട പുഷ്പവും ജലവും അയാള്‍ തലയിലണിയണം. ഇങ്ങനെ അയാള്‍ അഗ്നിയിലും ജലത്തിലും സൂര്യനിലും അതിഥിയിലും സ്വന്തമാത്മാവിലും ഉളള ഈശ്വരനെ പൂജിക്കണം. അങ്ങനെ അയാള്‍ താമസംവിനാ മോക്ഷപദം പ്രാപിക്കുന്നു.’
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF