ത്വാംസേവതാം സുരകൃതാ ബഹവോഽന്തരായാഃ
സ്വൗകോ വിലംഘ്യ പരമം വ്രജതാം പദം തേ
നാന്യസ്യ ബര്‍ഹിഷി ബലീന്‍ ദദതഃ സ്വഭാഗാന്‍
ധത്തേ പദം ത്വമവിതാ യദി വിഘ്ന മൂര്‍ദ്ധ്നി (11-4-10)
ക്ഷുത്തൃട്ത്രികാലഗുണമാരുതജൈഹ്വ്യശൈശ്ന്യാ-
നസ്മാനപാരജലധീനതിതീര്യ കേചിത്‌
ക്രോധസ്യ യാന്തി വിഫലസ്യ വശം പദേ ഗോര്‍-
മ്മജ്ജന്തി ദുശ്ചരതപശ്ച വൃഥോത്സൃജന്തി (11-4-11)

ദ്രുമിള മുനി പറഞ്ഞു:
ഇഹലോകവും സ്വര്‍ലോകങ്ങളും പാതാളങ്ങളുമെല്ലാം ഭഗവാന്റെ ശരീരമത്രെ. അദ്ദേഹം എല്ലാവരുടെ ഉള്ളിലും അധിവസിക്കുന്നതാകയാല്‍ ‘പുരുഷന്‍’ എന്നറിയപ്പെടുന്നു. സകലജീവികളുടെയും ജീവന്‍ അവിടുന്നാണ്‌. രാജസബ്രഹ്മാവായി ഭഗവാന്‍ സൃഷ്ടി നടത്തുന്നു. സാത്വികവിഷ്ണുവായി സംരക്ഷ നല്‍കുന്നു. താമസരുദ്രനായി സംഹാരവും ചെയ്യുന്നു.

ആത്മജ്ഞാനം പ്രചരിപ്പിക്കുന്നതിനായി ഭഗവാന്‍ സ്വയം സനാതനമഹര്‍ഷിയായ നാരായണനായും നരനായും അവതാരമെടുത്തു. പണ്ടുകാലത്ത്‌ ദക്ഷന്റെയും ധര്‍മ്മയുടെയും പുത്രിയായ മൂര്‍ത്തിയിലാണ്‌ ഭഗവാന്‍ ജനിച്ചത്. സ്വര്‍ഗ്ഗരാജനായ ഇന്ദ്രന്‌ നാരായണന്‍ കഠിന തപസ്സിലേര്‍പ്പെട്ടിരിക്കുന്നത്‌ തന്നെ സ്ഥാനഭ്രഷ്ടനാക്കുവാനാണോ എന്ന സംശയം ഉണ്ടായിരുന്നു. അതുകൊണ്ട്‌ പതിവുപോലെ ഇന്ദ്രന്‍ കാമദേവനെ അയച്ച്‌ മുനിയുടെ തപസ്സിന്‌ ഭംഗം വരുത്താന്‍ ഏര്‍പ്പാടു ചെയ്തു. കാമദേവനും അപ്സരകന്യകമാരുടെ ഒരു സഞ്ചയവും നാരായണന്‍ തപസ്സനുഷ്ടിക്കുന്നിടത്തു ചെന്നു. അവര്‍ മുനിയുടെ മുന്നില്‍ തങ്ങളുടെ വിദ്യകള്‍ പ്രയോഗിച്ചപ്പോള്‍ അവയാല്‍ വശംവദനാകുന്നതിനു പകരം മുനി പുഞ്ചിരിയോടെ അവരെ എതിരേറ്റു സ്വാഗതം ചെയ്‌’തു. വിനയാന്വിതനായി ഉപചാരങ്ങളും നല്‍കി. ദേവന്മാര്‍ ആശ്ചര്യപ്പെട്ടു. അതേ സമയം ഭഗവാന്റെ (നാരായണന്‍) സമീപത്ത്‌ മറ്റൊരുപറ്റം കന്യകമാര്‍ – അപ്സരസ്സുകളെക്കാള്‍ സൗന്ദര്യമുളളവര്‍ – പ്രത്യക്ഷമായി. ഗര്‍വ്വഭംഗം വന്ന കാമദേവനും കൂട്ടരും നാരായണനെ വണങ്ങി ഇങ്ങനെ പറഞ്ഞു: ‘അവിടുന്ന് മായയ്ക്കതീതന്‍. അതുകൊണ്ട്‌ ഞങ്ങളുടെ ബാലിശമായ വിളയാട്ടങ്ങള്‍ അങ്ങയെ ബാധിക്കുന്നില്ല. ആരെല്ലാമാണോ തങ്ങളുടെ നിലയെ അതിശയിച്ചു കടന്നുപോകാന്‍ ശ്രമിക്കുന്നത്‌, അവരുടെ പ്രയത്നങ്ങളെ ദേവന്മാര്‍ തടസ്സപ്പെടുത്തുന്നു. എന്നാല്‍ അവരെ പ്രീതിപ്പെടുത്തുന്ന പക്ഷം അവര്‍ വിഘ്നങ്ങളേതും നല്‍കുന്നില്ല. പക്ഷേ അവിടുത്തെ ഭക്തനെ ഒന്നുംതന്നെ ബാധിക്കുന്നില്ല. അവിടുത്തെ കൃപകൊണ്ട്‌ വിഘ്നങ്ങള്‍ക്കുമുകളില്‍ ചവിട്ടിക്കയറി ഭക്തന്‍ ആ പാദങ്ങളിലേക്ക്‌ ഉയര്‍ന്നുപോകുന്നു. ചിലര്‍ക്ക്‌ ഞങ്ങളുടെ ദൂതന്മാരായ വിശപ്പ്‌, ദാഹം, തണുപ്പ്‌ എന്നിവയെ അതിശയിച്ച്‌ ജീവിക്കാനാവുന്നു. എന്നാല്‍ അവര്‍ ക്രോധം എന്ന വികാരത്തിനടിമപ്പെട്ടും പോകുന്നു. സമുദ്രം പ്രയാസമില്ലാതെ തരണം ചെയ്തയാള്‍ ചെറിയൊരു കുഴിയിലെ വെളളത്തില്‍ മുങ്ങിപ്പോകുംപോലെയാണത്‌. അങ്ങ്‌ അവിടുത്തെ പ്രവൃത്തികള്‍ കൊണ്ട്‌ ശരിയായ മാര്‍ഗ്ഗം കാണിച്ചിരിക്കുന്നു. അവിടുത്തെ ഭക്തന്‍ തന്റെ തപസ്സിനു ഭംഗം വരുത്തുന്നവരെപ്പോലും ശപിക്കുന്നില്ല’. ദേവന്‍മാര്‍ സ്വര്‍ഗ്ഗത്തിലേയ്ക്കു മടങ്ങി. കൂട്ടത്തില്‍ നാരായണനെ സേവിച്ചിരുന്ന സുന്ദരിമാരില്‍ അഗ്രഗണ്യയായ ഉര്‍വ്വശിയെ കൂടെ കൊണ്ടുപോവുകയും ചെയ്തു.

ഭഗവാന്‍ പലേ രൂപഭാവങ്ങളിലും ധര്‍മ്മസംസ്ഥാപനം നടത്തുകയും ദുഷ്ടരെ നിഗ്രഹിക്കുകയും ചെയ്തു. അങ്ങനെയുളള അവതാരങ്ങള്‍ അനവധിയത്രെ. അവിടുത്തെ മഹിമയും സവിശേഷതയും ഗുണഗണങ്ങളും വര്‍ണ്ണനാതീതവും അനന്തവുമാണ്‌.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF