യദ്ഘ്രാണഭക്ഷോ വിഹിതഃ സുരായാ-
സ്തഥാ പശോരാലഭനം ന ഹിംസാ
ഏവം വ്യവായഃ പ്രജയാ ന രത്യാ
ഇമം വിശുദ്ധം ന വിദുഃ സ്വധര്‍മ്മം (11-5-13)
യേ ത്വനേവംവിദോഽസന്തഃ സ്തബ്ധാഃ സദഭിമാനിനഃ
പശൂന്‍ ദ്രുഹ്യന്തി വിസ്രബ്ധാഃപ്രേത്യ ഖാദന്തി തേ ച താന്‍ (11-5-14)
ധ്യേയം സദാ പരിഭവഘ്നമഭീഷ്ടദോഹം
തീര്‍ത്ഥാസ്പദം ശിവവിരിഞ്ചിനുതം ശരണ്യം
ഭൃത്യാര്‍ത്തിഹം പ്രണതപാല, ഭവാബ്ധി പോതം
വന്ദേ മഹാപുരുഷ തേ ചരണാരവിന്ദം (11-5-33)
കലിം സഭാജയന്ത്യാര്യാ ഗുണജ്ഞാഃ സാരഭാഗിനഃ
യത്ര സങ്കീര്‍ത്തനേനൈവ സര്‍വ്വഃസ്വാര്‍ത്ഥോഽഭിലഭ്യതേ (11-5-36)

ചാമസമുനി പറഞ്ഞു: ഭഗവാന്റെ അവയവങ്ങളില്‍ നിന്നും മനുഷ്യന്റെ നാലു വിഭാഗങ്ങള്‍ ജനിച്ചു – ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍. ഇവരില്‍ ആരാണോ ഭഗവാന്‍ ഹരിയെ ആരാധിക്കാത്തത്, അവര്‍ മനുഷ്യജന്മം പാഴാക്കി നരകത്തില്‍ പതിക്കുന്നു. വേദപഠനാര്‍ഹതയുളള ബ്രാഹ്മണന്‌ ആത്മജ്ഞാനത്തിനുളള ഉപാധി വേദപഠനമാണല്ലോ. എന്നാല്‍ അവര്‍ വേദങ്ങളെ തെറ്റായരിതിയില്‍ വായിച്ചു വ്യാഖ്യാനിക്കുകയും വൈദികനിരോധനങ്ങളെ അവഗണിച്ച്‌ മദ്യപിക്കുകയും മൃഗബലി നടത്തുകയും ലൈംഗികതയ്ക്കടിമപ്പെടുകയും ചെയ്യുന്നു. വേദങ്ങള്‍ ഒരു സൗജന്യമെന്ന നിലയില്‍ ഇവയെല്ലാം ആത്മനിയന്ത്രണമില്ലാത്ത അജ്ഞാനികള്‍ക്കനുവദിച്ചു കൊടുത്തിട്ടുണ്ടെങ്കിലും മദ്യം മണക്കാന്‍ മാത്രവും മൃഗങ്ങള്‍ യാഗശാലയെ അലങ്കരിക്കാന്‍ മാത്രവും ലൈംഗികാസ്വാദനം സന്താനോല്‍പാദനാര്‍ത്ഥം മാത്രവും ആയിരിക്കണം. ഇതിനെപ്പറ്റി വിവരമില്ലാത്തവര്‍ ധാര്‍ഷ്ട്യത്തോടെ സ്വയം ജ്ഞാനികളെന്നു നടിച്ച്‌ മൃഗങ്ങളെ കൊല്ലുന്നു. എന്നാല്‍ അവയോ ഇഹലോകം വെടിയുമ്പോള്‍ ഇവരെ കൊല്ലുകയും ചെയ്യുന്നു. അതുപോലെ ഭഗവദ്‍ഭക്തരെയും ഭഗവാനെത്തന്നെയും വെറുക്കുകയും നശ്വരമായ ശരീരത്തോട്‌ ആസക്തരായിരിക്കുകയും ചെയ്യുന്നവരും താത്വികമായി സത്യജ്ഞാനം അറിവുണ്ടെങ്കിലും ലൗകികതയോട്‌ ആസക്തി പൂണ്ടിരിക്കുന്നവരും വികാസപരിണാമത്തിന്റെ പാതയില്‍ താഴേയ്ക്കു പോകുന്നു.

കരഭജനന്‍ പറഞ്ഞു: സത്യയുഗത്തില്‍ ഭഗവാണ്‌ ധവളനിറമായിരുന്നു. സമമാനസരും ശാന്തശീലരുമായവര്‍ ഭഗവാനെ തപശ്ചര്യയിലൂടെയും മറ്റും ആരാധിച്ചു. ത്രേതായുഗത്തില്‍ ഭഗവാന് ചുവപ്പുകലര്‍ന്ന നീലനിറമായിരുന്നു. വൈദിക യാഗങ്ങളിലൂടെ വേദം പഠിച്ചവര്‍ ഭഗവാനെ പൂജിച്ചു. ദ്വാപരയുഗത്തില്‍ ഭഗവാനു കടുംതവിട്ടുനിറമായിരുന്നു. മനുഷ്യര്‍ വൈദികയാഗങ്ങളിലൂടെയും താന്ത്രികവിദ്യകളിലൂടെയും ഭഗവാനെ ആരാധിച്ചു. കലിയുഗത്തില്‍ ഭഗവാന്റെ നിറം കറുപ്പേറിയതത്രെ. ഭഗവാന്റെ മഹിമകള്‍ പാടി മനുഷ്യര്‍ ആരാധന ചെയ്യുന്നു. അവിടുത്തെ പാദങ്ങളില്‍ ഞാനഭയം തേടുന്നു. അല്ലയോ ഭഗവാനേ, ആ പാദങ്ങള്‍ ഞങ്ങളുടെ ദുരിതങ്ങളെ അകറ്റി അഭീഷ്ടങ്ങളെ സാധിപ്പിച്ചു തരുന്നു. പവിത്രതയുടെ ഉറവിടമായ അവ ദേവന്മാരാല്‍ ആരാധിക്കപ്പെടുന്നു. അവ ഭക്തന്റെ യാതനകളെ അകറ്റുന്നു. സംസാരസാഗരം തരണം ചെയ്യാനുളള – പ്രാപഞ്ചികമായ അസ്തിത്വത്തിനപ്പുറത്തേക്ക്‌ പോകാനുളള – വഞ്ചിയാണവ. വാസ്തവത്തില്‍ ഭഗവാന്‍ തന്റെ ഭക്തര്‍ക്ക്‌ ഈ യുഗത്തില്‍ ക്ഷിപ്രപ്രസാദിയത്രെ. വിവേകശാലികള്‍ ഭഗവദ്‍മഹിമകളെ വാഴ്ത്തിയും നാമങ്ങള്‍ പാടിയും അവിടുത്തെ സാക്ഷാത്കരിക്കാനാവുന്ന ഈ കലിയുഗത്തെ സ്തുതിക്കുന്നു. ദക്ഷിണേന്ത്യയില്‍ ഭഗവദ്‍ഭക്തരായ അനേകംപേര്‍ ഉണ്ടാവും. ഇവര്‍ ലൗകികതയെല്ലാം വെടിഞ്ഞ് ഭഗവാനിലഭയം പ്രാപിച്ച്‌ ക്ഷണനേരത്തില്‍ ദേവന്മാരോടും മഹര്‍ഷിമാരോടും പിതാമഹന്മാരോടുമുളള കടപ്പാടുകള്‍ക്കെല്ലാം അതീതരാവുന്നു. അങ്ങനെയുളള ഭക്തന്‍ ചെയ്യുന്ന പാപങ്ങള്‍പോലും ഭക്തിയാല്‍ കഴുകപ്പെടുന്നു.

ശുകമുനി തുടര്‍ന്നു: ശ്രീകൃഷ്ണന്‍ ഭഗവാന്റെ അവതാരമാണെന്നുളള വസ്തുത വസുദേവരെ നാരദന്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു. ഈ വാക്കുകള്‍ കേട്ട്‌ ദേവകിയും വസുദേവരും ഈശ്വരസാക്ഷാത്കാരം നേടി. ഈ അനുശാസനത്തെ ധ്യാനിക്കുന്നവര്‍ക്ക്‌ ആത്മസാക്ഷാത്കാരം ലഭിക്കുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF