നതാഃ സ്മ തേ നാഥ, പദാരവിന്ദം
ബുദ്ധീന്ദ്രിയപ്രാണമനോവചോഭിഃ
യച്ചിന്ത്യതേഽന്തര്‍ഹൃദി ഭാവയുക്തൈര്‍ –
മുമുക്ഷുഭിഃ കര്‍മ്മയോരുപാശാത് (11-6-7)
ഭൂമേര്‍ഭാരാവതാരായ പുരാ വിജ്ഞാപിതഃ പ്രഭോ
ത്വമസ്മാഭിരശേഷാത്മന്‍ തത്തഥൈവോപപാദിതം (11-6-21)
ധര്‍മ്മശ്ച സ്ഥാപിതഃ സത്സു സത്യസന്ധേഷു വൈ ത്വയാ
കീര്‍ത്തിശ്ച ദിക്ഷു വിക്ഷിപ്താ സര്‍വ്വലോകമലാപഹാ (11-6-22)
ശുകമുനി തുടര്‍ന്നു:
അധികം താമസിയാതെ സ്വര്‍ഗ്ഗത്തില്‍ നിന്നും ബ്രഹ്മാവിന്റെ നേതൃത്വത്തില്‍ ദേവന്മാര്‍ എല്ലാവരും ദ്വാരകയില്‍ ഭഗവാന്‍ കൃഷ്ണനെ കാണാന്‍ ചെന്നു. അവര്‍ ഭഗവാനെ പുഷ്പമര്‍പ്പിച്ച് വാഴ്ത്തിപ്പാടി: ‘ഞങ്ങള്‍ അവിടുത്തെ പാദാരവിന്ദങ്ങളില്‍ നമസ്കരിക്കുന്നു പ്രഭോ. ഞങ്ങളുടെ ബുദ്ധി, മനസ്സ്, പ്രാണവായു, വാക്ക് എന്നിവയെല്ലാം അവിടുത്തെ കുമ്പിടുന്നു. കര്‍മ്മപാശത്തില്‍ നിന്നു മുക്തി നേടാനാഗ്രഹിക്കുന്ന ഭക്തശിരോമണികള്‍ നിരന്തരം ധ്യാനിക്കുന്നത് ആ പദകമലങ്ങളെയാണല്ലോ.’
ബ്രഹ്മാവ് പറഞ്ഞു: ഭൂമിയുടെ ഭാരം കുറയ്ക്കാനായി ഞങ്ങള്‍ അവിടുത്തോട് അപേക്ഷിക്കുകയുണ്ടായി. അങ്ങ് ഞങ്ങളുടെ പ്രാര്‍ത്ഥന നിറവേറ്റുകയും ചെയ്തു. അങ്ങ് ഭൂമിയില്‍ ധര്‍മ്മസ്ഥാപനം നടത്തുകയും ചെയ്തു. ധര്‍മ്മസംരക്ഷണവും പരിപാലനവും അവിടുന്ന് സ്വഭക്തന്മാരെ ഏല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. സകല പാപങ്ങളെയും ഇല്ലാതാക്കുന്ന അവിടുത്തെ മഹിമാവിശേഷം ലോകം മുഴുവന്‍ പരന്നുകഴിഞ്ഞിരിക്കുന്നു. നൂറ്റി ഇരുപത്തിയഞ്ച് കൊല്ലം മുന്‍പ് അങ്ങ് യദുകുലത്തില്‍ പിറന്നു. ഇപ്പോള്‍ തിരികെ അവിടുത്തെ സ്ഥിരവാസസ്ഥലത്തേക്ക് മടങ്ങാന്‍ സമയമായിരിക്കുന്നു.
ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു:
എന്റെ ഉദ്ദേശ്യം അതുതന്നെയാണ്. എന്റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന യാദവര്‍ അഹംഭാവികളും ധിക്കാരികളുമായിരിക്കുന്നു. ഇത്രയും കാലം ധാര്‍മ്മികച്യുതി വരുത്തുന്നതില്‍ നിന്നും അവരെ തടയാന്‍ എനിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇനി മറ്റാര്‍ക്കും അതിന് കഴിയുകയില്ല. അതിനാല്‍ ഞാന്‍ ബ്രാഹ്മണരെക്കൊണ്ട് അവര്‍ക്ക് ഒരു ശാപമേല്‍പ്പിച്ചിട്ടുണ്ട്. ആ ശാപഫലം യദുകുലത്തില്‍ കണ്ടു തുടങ്ങുമ്പോള്‍ ഞാന്‍ ഇവിടം വിടുന്നതാണ്.
ഉടനേ തന്നെ ദ്വാരകയില്‍ ദുശ്ശകുനങ്ങള്‍ കണ്ടു തുടങ്ങി. ശ്രീകൃഷ്ണന്‍ യാദവരോട് അവിടംവിട്ട് പ്രഭാസമെന്ന ഒരിടത്തേക്ക് കുടിയേറിപ്പാര്‍ക്കാന്‍ ഉപദേശിച്ചു. പ്രഭാസം ഒരു പുണ്യസ്ഥലമത്രെ. ക്ഷയരോഗികള്‍ പോലും അവിടെ സുഖപ്പെടുന്നു. യാദവര്‍ യാത്രയ്ക്കു വേണ്ട തയ്യാറെടുപ്പ് നടത്തുമ്പോള്‍ ഉദ്ധവര്‍ അവിടെയെത്തി ഭഗവാനെ കണ്ടു.
ഉദ്ധവര്‍ പറഞ്ഞു:
ഭഗവാനേ, അവിടുന്ന് ഇഹലോകവാസം അവസാനിപ്പിക്കാന്‍ പോവുന്നു എന്നുറപ്പായിരിക്കുന്നു. ഞങ്ങള്‍ സദാ അവിടുത്തെ സഹചാരികള്‍ ആയിരുന്നു. ഇത്രയുംകാലം ഒരുമിച്ച് കഴിഞ്ഞിട്ട് ഇപ്പോള്‍ വേര്‍പെടുക അസാദ്ധ്യം. അതു ഞങ്ങള്‍ സഹിക്കുന്നതെങ്ങനെ? ദയവായി എന്നെയും കൂടെ കൊണ്ടുപോകൂ. സകലതും ഉപേക്ഷിച്ച മഹര്‍ഷിവര്യന്മാര്‍ നീണ്ടകാലത്തെ തപസ്സും ധ്യാനവും കൊണ്ട് അവിടുത്തെ പ്രാപിക്കുന്നു. ഞങ്ങള്‍ കര്‍മ്മചക്രത്തില്‍ ഉഴറുന്നവരെങ്കിലും സംസാരസാഗരം തരണം ചെയ്യാനായി അവിടുത്തെ കഥകളും മഹിമാവിലാസങ്ങളും ഞങ്ങള്‍ക്കു സ്വന്തമായുണ്ട്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF