പുംസോഽയുക്തസ്യ നാനാര്‍ത്ഥോ ഭൂമഃസ ഗുണദോഷഭാക്
കര്‍മ്മാകര്‍മ്മവികര്‍മ്മേതി ഗുണദോഷധിയോ ഭിദാ (11-7-8)
തസ്മാദ് യുക്തേന്ദ്രിയഗ്രാമോ യുക്തചിത്ത ഇദം ജഗത്
ആത്മനീക്ഷസ്വ വിതതമാത്മാനം മയ്യധീശ്വരേ (11-7-9)
ദോഷബുദ്ധ്യോഭയാതീതോ നിഷേധാന്ന നിവര്‍ത്തതേ
ഗുണബുദ്ധ്യാ ച വിഹിതം നകരോതി യഥാര്‍ഭകഃ (11-7-11)
കൃഷ്ണന്‍ പറഞ്ഞു:
നിങ്ങള്‍ പറഞ്ഞതു ശരി തന്നെ. ഞാന്‍ ലോകവാസം അവസാനിപ്പിക്കാന്‍ പോകുന്നു. എന്റെ അവതാരോദ്ദേശ്യം നിറവേറിക്കഴിഞ്ഞിരിക്കുന്നു. ബ്രഹ്മാവും കൂട്ടരും ഞാന്‍ സ്വര്‍ഗ്ഗത്തിലേയ്ക്കു തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ മടങ്ങിയാല്‍ ഉടന്‍ കലിയുഗം ആരംഭിക്കുകയായി. മനുഷ്യര്‍ അധാര്‍മ്മിക മാര്‍ഗ്ഗങ്ങളിലേക്ക് തിരിയാന്‍ തുടങ്ങും. അങ്ങനെയുളള ഒരു ലോകം ഉദ്ധവാ, അങ്ങേയ്ക്കു ചേര്‍ന്നതല്ല. എല്ലാ ബന്ധങ്ങളും ആസക്തികളും ഉപേക്ഷിച്ചാലും. അവയ്ക്ക് ശരിയായ ഉണ്മയില്ലെന്നു മനസ്സിലാക്കുക. ഈ ലോകം മുഴുവന്‍ മനസ്സിന്റെ വിക്ഷേപം മാത്രം. ഈ പ്രകടിതാവസ്ഥ സത്യമല്ല തന്നെ. ആരൊരുവന്‍ ഉള്ളില്‍ സത്യവുമായി ഒന്നുചേര്‍ന്നിരിക്കുന്നില്ലയോ, അവന്‍ ഇവിടെ നാനാത്വം ദര്‍ശിക്കുന്നു. അങ്ങനെയുളള ഒരാള്‍ക്ക് ശരിയും തെറ്റുമായുളള കര്‍മ്മങ്ങള്‍ എന്ന വിവേചനം ഉണ്ട്. യോഗമാര്‍ഗ്ഗത്തിലൂടെ ആത്മനിയന്ത്രണം വരുത്തി ഈ ലോകം മുഴുവനും നിന്റെ ആത്മാവാണെന്നും അതിന്റെ നാഥനായി ഞാന്‍ വാഴുന്നുവെന്നും അറിയുക. അങ്ങനെ എല്ലാ നന്മ-തിന്മഭാവങ്ങളും ഉപേക്ഷിക്കുമ്പോള്‍ സല്‍കര്‍മ്മങ്ങളിലേയ്ക്കോ ദുഷ്കര്‍മ്മങ്ങളിലേയ്ക്കോ യാതൊരുവിധ പ്രതിപത്തിയും ഉണ്ടാവുകയില്ല. ദുഷ്കര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുന്നത് പാപഭീതികൊണ്ടോ സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നത് പുണ്യമാഗ്രഹിച്ചിട്ടോ ആവുകയില്ല. കര്‍മ്മങ്ങള്‍ ഒരു ശിശുവിന്റേതുപോലെ അയത്നലളിതമായിരിക്കും. അപ്പോള്‍ നിങ്ങള്‍ ഒരിക്കലും തെറ്റിലേക്കു വഴുതിവീഴുകയില്ല. വിശ്വംമുഴുവനും ആത്മാവെന്നുകണ്ട് നിങ്ങള്‍ക്ക് ആത്മശാന്തിയുണ്ടാവും. സകല ജീവജാലങ്ങള്‍ക്കും നിങ്ങള്‍ സുഹൃത്താകുന്നു.
ഉദ്ധവര്‍ പറഞ്ഞു:
ഭഗവാനേ, അവിടുന്നു വ്യാഖ്യാനിച്ച സന്ന്യാസമാര്‍ഗ്ഗം സുഖാസ്വാദനത്വര മുഴുവനും വിട്ടുപോകാത്തവര്‍ക്ക് സാദ്ധ്യമാവുകയില്ല. അവിടുത്തോട് ഹൃദയം നിറഞ്ഞ ഭക്തിയില്ലാത്തവര്‍ക്കും അത് അപ്രാപ്യമത്രെ. ദയവു ചെയ്ത് അനാസക്തിയും സന്ന്യാസവും എങ്ങനെ നേടാമെന്നു പറഞ്ഞു തന്നാലും. അല്ലയോ നാരായണാ, മനുഷ്യന്റെ ശരിയായ സുഹൃത്തായുളള ഭഗവാനേ, ഞാനങ്ങയില്‍ അഭയം തേടുന്നു.
ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു:
ഈ ലോകത്ത് ഒരുവന്‍ സ്വയം തന്റെ ആത്മോദ്ധാരണം നടത്തണം. ഒരുവന്‍ അവനവന്റെ തന്നെ ഗുരുവത്രെ. കാരണം എന്തെല്ലാം കാണുന്നു, അനുമാനിക്കുന്നു എന്നതനുസരിച്ച് പരമാനന്ദപദത്തിലേക്കുളള പാത അവന്‍ സ്വയം കണ്ടെത്തുകയാണ് ചെയ്യുന്നത്. ജീവജാലങ്ങളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് മനുഷ്യരെയാണ്. ജാഗരൂകമായ നിരീക്ഷണത്തിലൂടെ അവന് എന്നെ സാക്ഷാല്‍ക്കരിക്കാന്‍ കഴിയും.
ഇക്കാര്യത്തിനുദാഹരണമായി നമുക്ക് ഒരു കഥയുണ്ട്. ഒരു യദുവും സന്ന്യാസിയും തമ്മിലുളള സംഭാഷണമാണതിലെ വിഷയം. തേജസ്വിയും യുവത്വം തുളുമ്പുന്നവനുമായ ഒരു സന്ന്യാസി തന്റെ വേഷഭൂഷകളില്‍ ശ്രദ്ധയേതുമില്ലാതെ ഭയരഹിതനായി അലയുന്നതു കണ്ടിട്ട് യദു അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു:
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF