സന്തി മേ ഗുരവോ രാജന് , ബഹവോ ബുദ്ധ്യുപാശ്രിതാഃ
യതോ ബുദ്ധിമുപാദായ മുക്തോഽടാമീഹ താഞ്ഛൃണു (11-7-32)
യദു പറഞ്ഞു:
അരോഗദൃഢഗാത്രനായ അങ്ങയെ ലൗകികവും ഇന്ദ്രിയപരവുമായ ആസക്തിയേതുമില്ലാതെ ഒരു ശിശുവിനെപ്പോലെയോ അല്ലെങ്കില്‍ ഭ്രാന്തനെപ്പോലെയോ ഭൂതപ്രേതാദികളെപ്പോലെയോ അലഞ്ഞു നടക്കാന്‍ ഇടയാക്കിയ വിജ്ഞാനസാരത്തിന്റെ സ്രോതസ്സ് എവിടെയാണ്?
മുനി പറഞ്ഞു:
എന്റെ ബുദ്ധി ഉണര്‍ന്നത് ഇരുപത്തിനാലു ഗുരുക്കന്മാരിലൂടെയാണ്. ഭൂമി, വായു, ആകാശം, ജലം, അഗ്നി, ചന്ദ്രന്, സൂര്യന്, പ്രാവ്, പെരുമ്പാമ്പ്, കടല്‍, ഈയാംപാററ, തേനീച്ച, ആന, തേനീച്ച വളര്ത്തുന്നവന്, മാന്‍, മത്സ്യം, നര്‍ത്തകിയായ പിംഗള, കഴുകന്, ശിശു, പെണ്‍കുട്ടി, അമ്പുണ്ടാക്കുന്നവന്‍, പാമ്പ്, എട്ടുകാലി, കടന്നല് എന്നിവരാണാ ഗുരുക്കന്മാര്.
ഭൂമിയില്‍ നിന്നും ഞാന്‍ ക്ഷമാശീലം പഠിച്ചു. പരിഹാസപാത്രമായാല്‍ പോലും ഭൂമിയെപ്പോലെ തന്റെ കടമകള്‍ ഉപേക്ഷിക്കാതെ ക്ഷമാശീലനായി ഒരുവന് വര്‍ത്തിക്കണം. മരങ്ങളിലൂടെയും മലകളിലൂടെയും ഭൂമി എന്നെ നിസ്വാര്‍ത്ഥ സേവനമെന്തെന്നു പഠിപ്പിച്ചു. ലോകത്തു മുഴുവന്‍ സകലവസ്തുക്കളില്ക്കൂടിയും അലഞ്ഞു തിരിയുമ്പോഴും സ്വയം മാലിന്യമേശാതെ എങ്ങനെ സ്വതന്ത്രനായി നടക്കാം എന്ന് വായു എന്നെ പഠിപ്പിച്ചു. പ്രാണവായു എന്ന നിലയില്‍ വായു എന്നെ സംതൃപ്തിയെന്തെന്നു പഠിപ്പിച്ചു. അതാതവസരങ്ങളില്‍ വേണ്ടത്ര മാത്രമേ നാം ശ്വസിക്കുന്നുളളു. അതുപോലെ ജീവിതം ജീവിക്കാനാണ് – വെറും ഇന്ദ്രിയ സുഖഭോഗത്തിനായല്ല. ഒരുവന് പട്ടിണികിടന്നു മരിക്കരുത്. എന്നാല്‍ അവന്റെ ജീവിതം ഭക്ഷണാര്‍ത്ഥം മാത്രമാവരുത്. ആകാശംപോലെ സര്‍വ്വവ്യാപിയാണ് ആത്മാവ്. ആകാശത്തില്‍ പ്രത്യക്ഷവും അപ്രത്യക്ഷവുമാകുന്ന വസ്തുക്കള്‍ ആകാശത്തിന്റെ സ്വഭാവത്തെ മാറ്റിമറിക്കുന്നില്ല. ജലം പോലെ ശുദ്ധവും മധുരിമയാര്ന്നതും സുതാര്യവുമായിരിക്കണം ഒരു യോഗിവര്യന്റെ ജീവിതം. അഗ്നിയെപ്പോലെ എല്ലാ മാലിന്യങ്ങളെയും എരിക്കാന്‍ യോഗിക്ക് കഴിയും. പ്രകടിതമായ അവസ്ഥകള്‍ക്ക് പിറകിലായി ഒളിഞ്ഞിരിക്കുന്നതാണ് ഉണ്മ എന്നും അഗ്നിയില്‍ നിന്നും പഠിക്കാം. അഗ്നിയെപ്പോലെ യോഗിവര്യനും പ്രകാശവാനാണ്. അടുത്തുവരുന്ന അശുദ്ധവസ്തുക്കള്ക്കൊന്നും അഗ്നിയെ ബാധിക്കാനാവാത്തതുപോലെ യോഗിവര്യനും ജീവിക്കണം. അഗ്നി എപ്രകാരമാണോ, ചിലപ്പോള്‍ പ്രകടമായും മറ്റു ചിലപ്പോള്‍ ഒളിഞ്ഞും നിലകൊളളുന്നത്, അപ്രകാരം യോഗി നിലകൊളളുന്നു. അയാള്‍ എന്നും എല്ലാവരാലും പൂജിക്കപ്പെടുന്നു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ എന്നെ പഠിപ്പിച്ചതു ജനനമരണങ്ങള്‍ ആത്മാവിനല്ല എന്നാണ്. സൂര്യന് ജലത്തെ നീരാവിയാക്കി പിന്നീടതിനെ മഴയാക്കിപ്പെയ്യിക്കുന്നു. എന്നാല്‍ അവയുമായി യാതൊരുവിധ ബന്ധവും പുലര്‍ത്തുന്നില്ല. യോഗിയുടെ കര്‍മ്മങ്ങളും ഇപ്രകാരമായിരിക്കണം. ഞാനൊരിക്കല്‍ ഒരു പ്രാവ് തന്റെ ഇണയോടും കുട്ടികളോടുമൊപ്പം ഒരു മരത്തില്‍ കഴിയുന്നതു കണ്ടു. ഒരു വേടന് ആ പക്ഷിക്കുഞ്ഞുങ്ങളേയും അമ്മപ്പക്ഷിയേയും വലയിലാക്കി. ആസക്തിപൂണ്ട് ആണ്‍പക്ഷിയും വലയിലേക്കെടുത്തു ചാടി. ഈ പ്രാവില്‍നിന്നും ലൗകികാസക്തി കണ്ണഞ്ചിക്കുന്ന ഇരുട്ടാണെന്നു ഞാന്‍ മനസ്സിലാക്കി.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF