ബദ്ധോ മുക്ത ഇതി വ്യാഖ്യാ ഗുണതോ മേ ന വസ്തുതഃ
ഗുണസ്യ മായാമൂലത്വാന്ന മേ മോക്ഷോ ന ബന്ധനം (11-11-1)
ദേഹസ്ഥോഽപി ന ദേഹസ്ഥോ വിദ്വാന്‍ സ്വപ്നാദ്യഥോത്ഥിതഃ
അദേഹസ്ഥോഽപി ദേഹസ്ഥഃ കുമതിഃ സ്വപ്നദൃഗ് യഥാ (11-11-8)
യസ്യ സ്യുര്‍വ്വീതസങ്കല്‍പ്പാഃ പ്രാണേന്ദ്രിയമനോധിയാം
വൃത്തയഃസ വിനിര്‍മുക്തോ ദേഹസ്ഥോഽപി ഹി തദ്ഗുണൈഃ (11-11-14)
സൂര്യോഽഗ്നിര്‍ബ്രാഹ്മണോ ഗാവോ വൈഷ്ണവഃഖം മരുജ്ജലം
ഭൂരാത്മാ സര്‍വ്വഭൂതാനി ഭദ്ര പൂജാപദാനി മേ (11-11-42)
ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു:
ബന്ധനവും മുക്തിയും ഗുണസംബന്ധിയത്രെ. ഗുണങ്ങള്‍ മായാധിഷ്ഠമായതിനാല്‍ ബന്ധവും മുക്തിയും എന്നില്‍ ഇല്ല. അതുപോലെ തന്നെ ദേഹാന്തരപ്രാപ്തി, കര്‍മ്മം, സുഖം, ദുഃഖം ഇവയെല്ലാം അജ്ഞാനസംബന്ധിയത്രെ. സത്യമല്ല. എന്നാല്‍ അജ്ഞാനവും അതില്‍ നിന്നു കരകയറ്റുന്ന വിജ്ഞാനവും എന്നെക്കുറിച്ചുളളതും അനാദിയുമത്രെ. അങ്ങനെ സ്വയം ഉണര്‍വുണ്ടാവുന്നതുവരെ ജീവന്‍ സ്വയം ബന്ധിതനെന്നു കരുതുന്നു. സ്വപ്നത്തില്‍ നിന്നുണര്‍ന്ന ഒരുവന് സ്വപ്നത്തില്‍ നിന്നു മുക്തി ലഭിക്കുംപോലെ വിജ്ഞാനിയായ ഒരുവന്‍ ദേഹസ്ഥനാണെങ്കില്‍ക്കൂടി ദേഹബന്ധിതനല്ല. എന്നാല്‍ അജ്ഞാനിയായവന്‍ സ്വയം ബന്ധിതനല്ലെങ്കിലും ദേഹബന്ധിതനാണെന്ന് അനുമാനിക്കുന്നു. സ്വപ്നാവസ്ഥയില്‍ തുടരുന്നവന്റെ അവസ്ഥയത്രെ അത്. വിവേകിയായ ഒരുവന്‍ തന്റെ ജീവശാസ്ത്രപരവും മാനസികവുമായ ദേഹീകരണം സൃഷ്ടിയുടെ ഭാഗമാണെന്നു മനസ്സിലാക്കി അവയുടെ പരസ്പര പ്രവര്‍ത്തനങ്ങളാല്‍ ബാധിക്കപ്പെടുന്നില്ല. അയാളുടെ പ്രവൃത്തികള്‍ അഹിംസാപരമാണ്. അയാളുടെ പ്രാണശക്തി, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി ഇവ സ്വാര്‍ത്ഥപരമായ ആഗ്രഹങ്ങളാലോ ചിന്തകളാലോ കലുഷമല്ല. അയാള്‍ക്ക് സുഖദുഃഖങ്ങളില്‍ ചാഞ്ചല്യമില്ല. മാനാപമാനങ്ങളുമില്ല. അയാള്‍ മറ്റുളളവരെ വിമര്‍ശിക്കുയോ, പുകഴ്ത്തുകയോ, നിന്ദിക്കുയോ ചെയ്യുകയില്ല. അതുകൊണ്ട് ജ്ഞാനി എല്ലായ്പ്പോഴും എന്നെക്കുറിച്ചാണ് സംസാരിക്കേണ്ടത്. എന്നാല്‍ എപ്പോഴും എന്നില്‍ മനസ്സുറപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ലെങ്കില്‍ എനിക്കുവേണ്ടി നിങ്ങളുടെ കര്‍മ്മങ്ങള്‍ സ്വാര്‍ത്ഥലേശമില്ലാതെ അനുഷ്ഠിക്കുക. എന്നെക്കുറിച്ചുളള കഥകള്‍ കേള്‍ക്കുകയും പാടുകയും അഭിനയിക്കുകയും ചെയ്യുക. ധര്‍മ്മനിഷ്ഠയും സമ്പത്തും ആസ്വാദനവും എനിക്കായി സമര്‍പ്പിക്കുക. നിങ്ങള്‍ എന്നിലെത്തിച്ചേരുന്നതാണ്.
ഉദ്ധവര്‍ ചോദിച്ചു: എന്താണ് ഭക്തി? ഭക്തലക്ഷണങ്ങള്‍ എന്തെല്ലാം?
ഭഗവാന്‍ കൃഷ്ണന്‍ മറുപടി പറഞ്ഞു:
ഒരു ഭക്തന്‍ കൃപാലുവും നിരുപദ്രവിയും സഹനശക്തിയുളളവനും സത്യവാനും തെറ്റുചെയ്യാത്തവനും സമചിത്തനും സര്‍വ്വോപകാരിയും കാമമറ്റവനും അച്ചടക്കമുളളവനും മൃദുഭാഷിയും ശുദ്ധനും ദരിദ്രനും നിഷ്ക്രിയനും മിതശീലനും ശാന്തനും ഉറച്ചവനും എന്നില്‍ ഭക്തിയുളളവനും ജാഗരൂകനും അക്ഷോഭ്യനും വിനയവാനും ശക്തനും സൗഹൃദമുളളവനുമത്രെ. വിഗ്രഹപൂജ, മഹിമാകഥനം, ധ്യാനം, ക്ഷേത്രോത്സവങ്ങള്‍, എന്നെ പൂജിക്കാന്‍ മറ്റുളളവരെ പ്രേരിപ്പിക്കുക, മൂര്‍ത്തീസ്ഥാപനം നടത്തുക, സാമൂഹികവും ക്ഷേമപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുക (അതിനെപ്പറ്റി അഭിമാനം പുലര്‍ത്താതെ), ഏറ്റവും ഇഷ്ടപ്പെടുന്നതെന്തോ അത് എനിക്കായി സമര്‍പ്പിക്കുക ഇവയെല്ലാം എന്നോടുളള ഭക്തിസാധനയുടെ ഭാഗമത്രെ. സൂര്യന്‍, അഗ്നി, ബ്രാഹ്മണര്‍, പശുക്കള്‍, വിഷ്ണുഭക്തര്‍, ആകാശം, വായു, ജലം, ഭൂമി, ആത്മാവ് എന്നല്ല, എല്ലാ ജീവജാലങ്ങളും എന്നെ ഭക്തിസാധനയിലൂടെ പ്രാപിക്കാനുതകുന്ന ഉപാധികളത്രെ. ശരിയായ മാര്‍ഗ്ഗങ്ങളാല്‍ ഈ ഉപാധികളിലൂടെ എന്നെ പൂജിക്കുക. ആത്മസാക്ഷാത്കാരത്തിലേക്ക് എന്നോടുളള ഭക്തിയല്ലാതെ മറ്റൊരു രാജപാതയുമില്ല തന്നെ. ഇതു സാധിക്കുവാന്‍ ദിവ്യരുമായുളള സല്‍സംഗം ഉണ്ടാകട്ടെ.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF